Asianet News MalayalamAsianet News Malayalam

80 വര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലെ മത്സ്യങ്ങള്‍ക്കും അതിജീവനം സാധ്യമാകില്ലേ?

പ്ലവകങ്ങളെ ഈ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച് വളരാന്‍ അനുവദിച്ചാല്‍ മാത്രമേ നമ്മുടെ മത്സ്യസമ്പത്ത് കൂടുകയുള്ളു. പറ്റാവുന്നത്ര നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.  

Are Kerala water bodies slowly turning fatal for the fish
Author
Thiruvananthapuram, First Published Jul 17, 2020, 12:17 PM IST

കേരളത്തിലെ മത്സ്യസമ്പത്ത് കുറയുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന് ഗണ്യമായ പങ്കുണ്ടെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടെത്തിയിട്ടുണ്ട്. ശുദ്ധജല മത്സ്യങ്ങളും ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മത്സ്യങ്ങളുമായി ഏകദേശം എഴുന്നൂറോളം മത്സ്യങ്ങളില്‍ നടത്തിയ ഒരു അന്താരാഷ്ട്ര തലത്തിലുള്ള പഠനത്തില്‍ താപനില കൂടുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനെക്കുറിച്ചും അതുകാരണം പ്രത്യുല്‍പാദനം നടക്കുന്ന മത്സ്യങ്ങളിലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. 2100 ആകുമ്പോഴേക്കും ഏകദേശം 60 ശതമാനം മത്സ്യങ്ങള്‍ക്ക് ഇന്ന് ജീവിക്കുന്ന ആവാസ വ്യവസ്ഥയില്‍ അതിജീവനം സാധ്യമാകാതെ വരുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കാലാവസ്ഥ വ്യതിയാനം കേരളതീരത്തെ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് കോസ്റ്റല്‍ അക്വാ കള്‍ച്ചര്‍ അതോറിറ്റിയിലെ മെമ്പര്‍ സെക്രട്ടറിയായ ഡോ. കൃപ പറയുന്നു. 'ഓരോ മത്സ്യത്തിനും അനുയോജ്യമായ താപനിലയുണ്ട്. അതിനേക്കാള്‍ താപനില കൂടിയാല്‍ മത്സ്യം മറ്റു സ്ഥലങ്ങളിലേക്ക് മാറും. എന്നാല്‍ മുട്ടയിടാറാകുമ്പോള്‍ കൂടുതല്‍ ഊര്‍ജം മത്സ്യങ്ങള്‍ക്ക് ആവശ്യമുണ്ട്. മുട്ടയിട്ടു കഴിഞ്ഞാല്‍ ഈ മുട്ട സാധാരണ പ്ലവകമായാണ് നിലനില്‍ക്കുക. വെള്ളത്തിന്റെ മുകളിലുള്ള വളരെ മൈക്രോസ്‌കോപ്പിക്കായ അവസ്ഥയെയാണ് പ്ലവകം എന്നു പറയുന്നത്. പിന്നീട് അത് ലാര്‍വയായി മാറുകയും ചെറിയ മീനാവുകയും അതിനുശേഷം വലിയ മീനാവുകയും ചെയ്യുന്നു.'

അന്തര്‍ദേശീയ തലത്തിലുള്ള പഠനം നടത്തി എങ്ങനെ കാലാവസ്ഥ വ്യതിയാനം ഏഷ്യയെ ബാധിച്ചുവെന്ന് ശാസ്ത്രീയമായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഏഷ്യാ ലീഡ് ചാപ്റ്ററിന്റെ രചയിതാവാണ് ഡോ. കൃപ. സാധാരണയില്‍ നിന്നും വ്യത്യസ്‍തമായി അങ്ങേയറ്റമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏത് തരത്തിലാണ് മത്സ്യങ്ങളെയും ജീവജാലങ്ങളെയും ബാധിക്കുന്നതെന്ന പഠനങ്ങള്‍ ഡോ. കൃപ നടത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നീ പ്രകൃതി ദുരന്തങ്ങള്‍ എങ്ങനെയാണ് കടലിനെയും കായലിനെയും ബാധിക്കുന്നതെന്നും ഇവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.

Are Kerala water bodies slowly turning fatal for the fish

'ഇപ്പോള്‍ നടത്തിയ ഒരു ഇന്റര്‍നാഷണല്‍ പഠനത്തില്‍ 60 ശതമാനം മത്സ്യങ്ങളിലും 4.5 ഡിഗ്രി സെന്റിഗ്രേഡിനേക്കാള്‍ വെള്ളത്തിന്റെ താപനില കൂടിയാല്‍ ഉത്പാദനം വളരെ കുറയുമെന്നാണ്. കേരളത്തിലും 2015 ല്‍ മത്സ്യസമ്പത്ത് കുറയുകയുണ്ടായി. 1.5 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ താപനില കൂടിയപ്പോള്‍ ചാളയുടെ ആവാസവ്യവസ്ഥയില്‍ ഓക്‌സിജന്‍ ലഭ്യത കുറയുകയും പ്ലവകങ്ങള്‍ കുറയുകയും അതിജീവിക്കാന്‍ ബുദ്ധിമുട്ടാകുകയും ചെയ്തയായി കണ്ടെത്തി. താപനില കൂടുമ്പോള്‍ വെള്ളത്തിലുള്ള ഓക്‌സിജന്റെ അളവ് കുറയും. ഇത് നമ്മുടെ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നു.' ഡോ.കൃപ വ്യക്തമാക്കുന്നു.

സാമ്പത്തിക മേഖലയിലും പാരിസ്ഥിതിക മേഖലയിലും ഈ മത്സ്യസമ്പത്തിലുള്ള  വ്യതിയാനങ്ങള്‍ ദോഷകരമായി ബാധിക്കുന്നതായി അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അറ്റ്‌ലാന്റിക് കോഡ്, സ്വോര്‍ഡ്ഫിഷ്, പസിഫിക് സാല്‍മണ്‍, അലാസ്‌ക പൊള്ളോക്ക്, പസിഫിക് കോഡ് എന്നീ മത്സ്യങ്ങളെല്ലാം അപകടാവസ്ഥയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു.

പ്ലവകങ്ങളെ ഈ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച് വളരാന്‍ അനുവദിച്ചാല്‍ മാത്രമേ നമ്മുടെ മത്സ്യസമ്പത്ത് കൂടുകയുള്ളു. പറ്റാവുന്നത്ര നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.  

പ്ലാസ്റ്റിക്കും വലകളും തുണികളുമെല്ലാം ചേര്‍ന്നുള്ള മാലിന്യങ്ങള്‍ വെള്ളത്തില്‍ വലിച്ചെറിയുമ്പോള്‍ അത് കെട്ടിക്കിടന്ന് വെള്ളത്തില്‍ ഒഴുക്കില്ലാതാകുകയും താപനില കൂടുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ദോഷഫലം ഒന്നുകൂടി വര്‍ധിക്കും. മാലിന്യങ്ങള്‍ വലിച്ചെറിയുകയെന്ന സ്വഭാവം നമ്മള്‍ മാറ്റിയേ പറ്റുള്ളുവെന്ന് ഡോ. കൃപ ഓര്‍മിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios