സൂക്ഷ്‍മാണുക്കളായ ഫൈറ്റോപ്ലാസ്‍മ കാരണം ചെടികളിലുണ്ടാകുന്ന അസുഖമാണ് ആസ്റ്റര്‍ യെല്ലോസ്. ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളാണ് ഇത് പരത്തുന്നത്. ആസ്റ്റര്‍ ലീഫ്‌ഹോപ്പര്‍ ആണ് പ്രധാനപ്പെട്ട രോഗാണുവാഹകര്‍. ഒരിക്കല്‍ രോഗം ബാധിച്ച ചെടികള്‍ നശിച്ചുപോകുകയാണ് പതിവ്. ഈ വെറസ് ബാധിക്കുന്ന പലയിനം ചെടികളും നമ്മുടെ തോട്ടത്തിലുണ്ട്. അല്‍പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തിലെ വിളകള്‍ നശിക്കാതെ സൂക്ഷിക്കാം.

പൂന്തോട്ടത്തിലെ ചെടികളില്‍ ജമന്തി, ചെണ്ടുമല്ലി, പെറ്റൂണിയ, കോണ്‍ ഫ്‌ളവര്‍, സ്‌നാപ്ഡ്രാഗണ്‍ എന്നിവയെല്ലാം ആസ്റ്റര്‍ യെല്ലോ അസുഖം ബാധിക്കുന്നവയാണ്. തക്കാളി, കാരറ്റ്, ലെറ്റിയൂസ്, സെലറി എന്നിവയിലും ഈ അസുഖം കണ്ടുവരുന്നു. പലതരത്തിലുള്ള കളകളിലും ഈ അസുഖം പരത്തുന്ന കീടങ്ങള്‍ സുഖമായി ജീവിക്കുന്നുണ്ട്.

ലീഫ് ഹോപ്പര്‍ അഥവാ ഇലച്ചാടികള്‍ പലതരത്തിലുള്ള ഇലകളില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നു. ആസ്റ്റര്‍ യെല്ലോസ് ബാധിച്ച ഇലകളില്‍ നിന്നും നീരൂറ്റിയെടുത്ത ഇവ മറ്റുള്ള ചെടികളിലേക്ക് പോകുമ്പോള്‍ അവയിലും അസുഖം പരത്തുന്നു. നല്ല ചൂടുള്ള കാലാവസ്ഥയില്‍ ഫൈറ്റോപ്ലാസ്മ കൂടുതലായി വ്യാപിക്കുന്നില്ല. തണുത്ത കാലാവസ്ഥയിലാണ് സൂക്ഷ്മജീവികള്‍ രോഗം പടര്‍ത്തുന്നത്. രോഗം ബാധിച്ചാല്‍ 10 മുതല്‍ 40 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇത്തരം ചെടികള്‍ വളര്‍ച്ച മുരടിക്കുകയും വിത്തുകള്‍ ഉത്പാദിപ്പിക്കാതെ നശിക്കുകയും ചെയ്യും.

അസുഖം ബാധിച്ചാല്‍ എങ്ങനെ മനസിലാക്കാം?

ചെടികളുടെ ഇലകള്‍ മഞ്ഞനിറത്തിലാകുകയും അതേസമയം ഇലകളിലെ ഞരമ്പുകള്‍ പോലുള്ള ഭാഗം പച്ചനിറത്തില്‍ തന്നെ കാണപ്പെടുകയും ചെയ്യുകയാണെങ്കില്‍ വൈറസ് ബാധിച്ചതായി മനസിലാക്കാം.

ചെടികളുടെ വളര്‍ച്ച മുരടിക്കുകയും ഇലകള്‍ സാധാരണയിലും ചെറുതാകുകയും ചെയ്താല്‍ രോഗബാധ സംശയിക്കാം.

ഇലകള്‍ ചുരുളുന്നതും പൂക്കള്‍ മുരടിച്ച പോലെയായാകുന്നതും ലക്ഷണങ്ങളാണ്. പൂക്കള്‍ നല്ല ഭംഗിയില്‍ വിടരുകയും വിത്തുകള്‍ ഉത്പാദിപ്പിക്കാതിരിക്കുകയും ചെയ്താലും വൈറസ് ബാധിച്ചതായി സംശയിക്കാം.

പച്ചക്കറികളില്‍ ഈ വൈറസ് ബാധിച്ചാല്‍ മറ്റുതരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. കാരറ്റിന് കയ്പുരസം അനുഭവപ്പെടാം. ലെറ്റിയൂസിന്റെ ഇലകളില്‍ പിങ്ക് നിറം പ്രത്യക്ഷപ്പെടാം.

രോഗം ബാധിച്ച ചെടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ ഒരു കാര്യവുമില്ല. ചികിത്സയില്ലാത്തതിനാല്‍ പിഴുതുമാറ്റുകയാണ് ഉചിതം.

ആസ്റ്റര്‍ യെല്ലോസ് ബാധിക്കാത്ത ചെടികളെ തോട്ടത്തില്‍ വളര്‍ത്താം. ജെറീനിയം, വെര്‍ബന, കോക്ക്‌സ് കോമ്പ്, സാല്‍വിയ എന്നിവയില്‍ രോഗബാധയുണ്ടാകില്ല.

പുല്‍ച്ചാടികളെ തോട്ടത്തില്‍ നിന്ന് അകറ്റാനായി പച്ചക്കറികളെ കവറുകള്‍ കൊണ്ട് പൊതിയാം. കളകള്‍ നിര്‍ബന്ധമായും തോട്ടത്തില്‍ നിന്ന് പറിച്ചുമാറ്റാം. വേപ്പെണ്ണ മിശ്രിതവും പ്രകൃതിദത്തമായ കീടനിവാരിണിയായി ഉപയോഗിക്കാം.


​​