പൂമ്പാറ്റകളും തേനീച്ചകളും തേന്‍ തേടിയെത്തുന്ന മനോഹരമായ കുഞ്ഞുപൂക്കളാണ് ബേബി ബ്ലൂ ഐസ് (Baby blue eyes). കാലിഫോര്‍ണിയയിലാണ് ഈ പൂച്ചെടിയുടെ സ്വദേശം. നിറയെ നീലയും വെള്ളയും കലര്‍ന്ന പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്നത് കണ്ണിന് ആനന്ദം നല്‍കുന്നതോടൊപ്പം പരാഗണകാരികളെയും ആകര്‍ഷിക്കുന്നു. പാറകള്‍ കൊണ്ടുണ്ടാക്കിയ ഉദ്യാനത്തിലും പാത്രങ്ങളിലും പൂന്തോട്ടത്തിന്റെ അതിരുകളിലും വളര്‍ത്താന്‍ യോജിച്ച ചെടിയാണ് ബേബി ബ്ലൂ ഐസ്.

അധികം പടരാതെ കുറ്റിച്ചെടിയുടെ രൂപത്തില്‍ വളരുന്ന ചെടിയാണിത്. ഇവയുടെ തണ്ടുകള്‍ സക്കുലന്റ് രൂപത്തിലുള്ളവയാണ്. ആറ് മുതല്‍ 12 ഇഞ്ച് വരെ ഉയരത്തില്‍ വളരും. തണുപ്പുകാലം കഴിയാറാകുമ്പോള്‍ പൂക്കാലം തുടങ്ങുകയും വസന്തകാലത്തിന്റെ അവസാനം വരെയോ വേനല്‍ക്കാലം തുടങ്ങുന്നതുവരെയോ പൂക്കാലം നീണ്ടുനില്‍ക്കുകയും ചെയ്യും.

വിത്ത് മുളപ്പിച്ച് വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണിത്. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കണം. മണല്‍ കലര്‍ന്ന മണ്ണിലും നന്നായി വളരും. 10 ദിവസങ്ങള്‍ കൊണ്ട് വിത്ത് മുളയ്ക്കാറുണ്ട്. വിത്ത് പാകിയ സ്ഥലം ഈര്‍പ്പമുള്ളതായി നിലനിര്‍ത്തണം.

ബേബി ബ്ലൂ ഐസ് കുറഞ്ഞ വളര്‍ച്ചാനിരക്കുള്ള ചെടിയായതിനാലും വെള്ളം ശേഖരിച്ച് വെക്കുന്ന തരത്തിലുള്ള തണ്ടുകളുള്ളതിനാലും കാര്യമായ പരിചരണം ആവശ്യമില്ലാതെ തന്നെ ആര്‍ക്കും പൂന്തോട്ടത്തില്‍ വളര്‍ത്താവുന്നതാണ്. ജൈവവളമുള്ള മണ്ണിലാണ് നടുന്നതെങ്കില്‍ കൂടുതല്‍ വളങ്ങള്‍ പിന്നീട് നല്‍കേണ്ടതില്ല.

ചെടിയില്‍ പൂക്കളുണ്ടായി വിത്തുകളുണ്ടാകാന്‍ തുടങ്ങിയാല്‍ മുറിച്ചെടുത്ത് ഒരു പേപ്പര്‍ ബാഗില്‍ വെച്ച് ഉണക്കിയെടുക്കണം. ഒരാഴ്ചയ്ക്ക് ശേഷം ബാഗ് നന്നായി കുലുക്കി പതിരുകള്‍ എടുത്തുമാറ്റി വിത്തുകള്‍ വീണ്ടും നടാനായി തയ്യാറാക്കാം.