വീടിനോട് ചേര്‍ന്ന് തന്നെ കൃഷിയിടം ഒരുക്കുന്ന രീതി ഇന്ന് പലയിടങ്ങളിലുമുണ്ട്. പൂന്തോട്ടങ്ങളും അടുക്കളത്തോട്ടങ്ങളുമുണ്ടാക്കുന്നതു പോലെയല്ലാതെ പറമ്പുകളില്‍ എല്ലാവിധ പച്ചക്കറികളും ഔഷധ സസ്യങ്ങളും വളര്‍ത്താനും പശു, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാനുമാണ് സംയോജിത കൃഷിരീതിയില്‍ ശ്രമിക്കുന്നത്. പണ്ടുകാലത്ത് കേരളത്തിലെ കാവുകളിലും വീട്ടുപറമ്പുമായി ബന്ധപ്പെട്ട കാടുകളിലും നിരവധി ഔഷധസസ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ രീതി പല സ്ഥലങ്ങളിലും സുസ്ഥിരമായ ഭൂമി വിനിയോഗത്തിനായി ഇപ്പോള്‍ പ്രയോജനപ്പെടുത്തി വരുന്നു. നഗരങ്ങളില്‍ ആളുകള്‍ താമസിക്കുന്നത് ഒരു സ്ഥലത്തും പച്ചക്കറികളും പഴങ്ങളും മറ്റു കൃഷികളും ചെയ്യുന്ന പ്രദേശങ്ങള്‍ മറ്റൊരു സ്ഥലത്തുമായിരിക്കും. എന്നാല്‍ ഇതെല്ലാം വീടിനു ചുറ്റുമായി സംയോജിപ്പിച്ച് ചെയ്യുന്ന കൃഷിയാണ് 'ഹോം ഗാര്‍ഡന്‍' എന്ന് വിളിക്കുന്നത്.

കേരളത്തില്‍ വീടിനു സമീപമുള്ള കാടുകളിലുള്ള ജൈവവൈവിധ്യങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ അരി, പച്ചക്കറികള്‍, ഔഷധസസ്യങ്ങള്‍, അരോമാ തെറാപ്പിക്ക് ഉപയോഗിക്കുന്ന വിളവുകള്‍, സുഗന്ധ പുഷ്പങ്ങള്‍ എന്നിവ ഇവിടെ കൃഷി ചെയ്യുന്നു. ഉത്പാദനത്തിന്റെ കാര്യത്തില്‍ ഈ ചെറിയ കൃഷിഭൂമി അത്രത്തോളം സ്വയം പര്യാപ്‍തമാണ്.

നെല്ല്, കിഴങ്ങു വര്‍ഗങ്ങള്‍, മുല്ല, നീര്‍മരുത്, കടുക്ക, താന്നി, തിപ്പലി, കര്‍പ്പൂരതുളസി, സര്‍പ്പഗന്ധി, തേക്ക് എന്നിവയാണ് കേരളത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വളരുന്നത്.

ഝാര്‍ഖണ്ഡില്‍ ഈ രീതി ചെറിയൊരു രൂപമാറ്റത്തില്‍ നടപ്പിലാക്കുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ് ഇവിടെ ജീവിക്കുന്നതില്‍ അധികവും. അവര്‍ പോഷകാഹാരക്കുറവ് പരിഹരിക്കാനായി കിഴങ്ങുവിളകള്‍ ഉത്പാദിപ്പിക്കുന്നു. ഇവിടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന വിളകളാണ് ഓറഞ്ച്, കുരുമുളക്, ചായ, കശുവണ്ടി തുടങ്ങിയവ.

ഒറീസയില്‍ ആദിവാസികളുടെ കൈയിലുള്ള ഭൂമിയും ഇത്തരം സുസ്ഥിരമായ രീതിയില്‍ വിനിയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇവിടെ ഭൂമാഫിയക്കെതിരായി ആദിവാസി നേതാക്കള്‍ സമരം ചെയ്യുന്നുണ്ട്. സമൃദ്ധമായ ഭൂമിയില്‍ മണല്‍ വാരലും പാറ പൊട്ടിക്കലുമൊക്കെ നടത്തി പരിസ്ഥിതി തകിടം മറിക്കുന്നതും സമ്പാദ്യം നഷ്ടപ്പെടുന്നതും പ്രതിഷേധത്തിന് കാരണമാകുന്നു.

പരിസ്ഥിതി സൗഹൃദപരമായ ജീവിതരീതി

രാജസ്ഥാനിലെ പരിസ്ഥിതി സൗഹൃദപരമായ ജീവിതരീതി മറ്റുള്ള സ്ഥലങ്ങളിലെ ആളുകളേക്കാള്‍ പുരോഗതിയിലേക്കെത്താന്‍ വഴിതെളിക്കുന്നുണ്ട്. ഇവിടെ ഹോം ഗാര്‍ഡന്‍ എന്ന ആശയം വഴി പശുവിനെ വളര്‍ത്തുന്നവരാണ് സ്ത്രീകള്‍. വെള്ളം വളരെ കുറച്ച് മാത്രം ആവശ്യമുള്ള ധാന്യങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. മരങ്ങള്‍ മുറിക്കുകയോ പ്രൂണ്‍ ചെയ്യുകയോ ഇല്ല. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി പരിസ്ഥിതിയും വനമേഖലയും ഇവര്‍ സംരക്ഷിക്കുന്നു.

പ്രകൃതി വിഭവങ്ങള്‍ ദിനംതോറും നശിക്കുമ്പോള്‍ സംയോജിത ഭൂമി വിനിയോഗ സംവിധാനം നടപ്പിലാക്കുന്നതാണ് പരിസ്ഥിതിക്ക് പ്രയോജനം .