ചെമ്പരത്തികള്‍ പലനിറങ്ങളിലുണ്ട്. മാല്‍വേസിയ സസ്യകുടുംബത്തില്‍പ്പെട്ട നീലച്ചെമ്പരത്തിയുടെ (Blue hibiscus) ജന്മദേശം ആസ്‌ട്രേലിയയാണ്. വര്‍ഷങ്ങളോളം പൂവിടുന്ന ഈ ചെടിയില്‍ വലിയ ചെമ്പരത്തികളാണ് വിടരുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ നീലനിറമുള്ള ചെമ്പരത്തിയല്ല ഇത്. പര്‍പ്പിള്‍, പിങ്ക്, ക്രീം, വെള്ള, ലൈലാക്ക് എന്നീ നിറങ്ങളില്‍ ഈ ചെമ്പരത്തി കാണപ്പെടുന്നുണ്ട്. തീരദേശങ്ങളിലെ മണല്‍കലര്‍ന്ന മണ്ണില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന നീലച്ചെമ്പരത്തിയുടെ വിശേഷങ്ങള്‍ അറിയാം.

കാര്യമായ പരിചരണം ആവശ്യമില്ലാത്ത ചെടിയാണിത്. ലൈലാക്ക് ചെമ്പരത്തി, ഹിബിസ്‌കസ് ഹ്യുഗെല്ലി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആറ് ഇഞ്ച് മുതല്‍ 10 ഇഞ്ച് വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണിത്. നല്ല കടുംപച്ചനിറത്തിലുള്ള ഇലകളാണ്.

നീലച്ചെമ്പരത്തിയില്‍ വിടരുന്ന പൂക്കള്‍ക്ക് സാധാരണ നമ്മുടെ നാട്ടില്‍ കാണുന്ന ചെമ്പരത്തിയോട് സാമ്യമുണ്ട്. കൊമ്പുകോതല്‍ നടത്തിയാല്‍ പൂക്കളുണ്ടാകാന്‍ സഹായകമാകും. ഒരിതളിന് മുകളില്‍ മറ്റൊരിതള്‍ എന്ന രീതിയില്‍ അടുക്കുകളായി കാണപ്പെടുന്ന പൂവില്‍ മഞ്ഞനിറത്തിലുള്ള പരാഗകേസരവുമുണ്ട്. വസന്തകാലത്തിന് മുമ്പോ അതിനു ശേഷമോ ആണ് പൂമൊട്ടുകള്‍ വിടരുന്നത്.

നല്ല സൂര്യപ്രകാശം ആവശ്യമാണ്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിവുള്ള ചെടിയാണ്. വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കുന്നത് നല്ലതാണ്. മിക്കവാറും എല്ലാത്തരം മണ്ണിലും വളരുമെങ്കിലും അല്‍പം മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ ചെമ്പരത്തിക്ക് പ്രിയം. വേരുകള്‍ക്ക് ചുറ്റും പുതയിട്ടാല്‍ മണ്ണില്‍ തണുപ്പ് നിലനിര്‍ത്താം. അതുപോലെ തണുപ്പുകാലത്ത് വേരുകളെ സംരക്ഷിക്കാനും പുതയിടല്‍ സഹായിക്കും.

വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും ഈ ചെമ്പരത്തി വളര്‍ത്താം. വിത്ത് അടങ്ങിയിരിക്കുന്ന കൂട് ശേഖരിച്ച് ഉണക്കിയ ശേഷം പൊളിച്ചാണ് പുറത്തെടുക്കുന്നത്. ഇത് നേരിട്ട് മണ്ണില്‍ നടാവുന്നതാണ്. അതുപോലെ തന്നെ കമ്പുകളും സാധാരണ പോലെ മണ്ണില്‍ നടാം.