വിത്ത് മുളപ്പിച്ചാല്‍ ആറു മുതല്‍ 20 വരെ വര്‍ഷങ്ങളെടുത്താണ് ചിലപ്പോള്‍ പഴങ്ങളുണ്ടാകുന്നത്. ഗ്രാഫ്റ്റ് ചെയ്ത മരങ്ങളില്‍ മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ട് കായകളുണ്ടാകും. 

ഉയര്‍ന്ന പോഷകഗുണമുള്ളതും ഉയര്‍ന്ന വിലയുള്ളതുമായ ബ്രസീല്‍ നട്ട് എന്ന ഭക്ഷ്യയോഗ്യമായ പരിപ്പ് വിളവെടുക്കാനും ദീര്‍ഘകാലത്തെ കാത്തിരിപ്പ് ആവശ്യമാണ്. ഏകദേശം 500 വര്‍ഷങ്ങളോളം നശിക്കാതെ നിലനില്‍ക്കുന്ന ഈ മരം വളരെ പെട്ടെന്ന് വളരുന്നതുമാണ്. ആമസോണ്‍ മഴക്കാടുകളില്‍ വളരുന്ന ഈ മരത്തിന് ആമസോണ്‍ നട്ട് എന്നൊരു പേര് കൂടിയുണ്ട്. ക്ഷമയോടു കൂടി നട്ടുവളര്‍ത്തി വിളവെടുക്കുന്ന ഈ മരത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാം.

ലെസിത്തിഡേസിയ (Lecythidaceae) സസ്യകുടുംബത്തില്‍പ്പെട്ട തെക്കേ അമേരിക്കന്‍ സ്വദേശിയായ മരമാണിത്. ഏറ്റവും ഉയരംകൂടിയതും ദീര്‍ഘകാലം ആയുസുള്ളതുമായ മരങ്ങളിലൊന്നുമാണിത്. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനും വിറ്റാമിനും കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് അത്യാവശ്യമായ ധാതുക്കളും പരിപ്പില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസും മാംഗനീസ്, കോപ്പര്‍, തയാമിന്‍ വിറ്റാമിന്‍ ഇ, സെലെനിയം എന്നിവയുടെ നല്ല സ്രോതസാണ് ബ്രസീല്‍ നട്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയാണ് ബ്രസീല്‍ നട്ട് മരത്തില്‍ നിന്ന് പഴങ്ങള്‍ താഴെ വീഴുന്നത്. പന്ത് പോലുള്ള ഈ പഴത്തിനുള്ളില്‍ ആവരണത്തിനുള്ളിലായി ഏകദേശം പന്ത്രണ്ടോളം വിത്തുകളുണ്ടായിരിക്കും. ഇതാണ് ബ്രസീല്‍ നട്ട് എന്നറിയപ്പെടുന്ന ഭക്ഷ്യയോഗ്യമായ ഭാഗം.

ഏകദേശം 30 മീറ്റര്‍ മുതല്‍ 50 വരെ ഉയരത്തില്‍ വളരുന്ന മരമാണ്. വെളുത്ത പൂക്കളാണുണ്ടാകുന്നത്. ഈ മരം വളര്‍ത്തി വിളവെടുക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണ്. മരത്തിന് ഏകദേശം 10 മുതല്‍ 20 വര്‍ഷങ്ങള്‍ വരെ വളര്‍ച്ചയെത്തിയാലാണ് പരിപ്പ് വിളവെടുക്കാന്‍ കഴിയുന്നത്. അതുപോലെ വളരെ കൃത്യമായതും അനുയോജ്യമായ രീതിയിലുള്ളതുമായ കൃഷിഭൂമിയും ഒരുക്കിയാല്‍ മാത്രമേ ഈ മരം നന്നായി വളര്‍ത്തി വിളവെടുക്കാന്‍ പറ്റുകയുള്ളു. എന്നിരുന്നാലും നൂറുകണക്കിന് വര്‍ഷങ്ങളായി ഭക്ഷ്യയോഗ്യമായ പരിപ്പ് ഉത്പാദിപ്പിക്കുന്ന മരമാണിത്.

നല്ല നീര്‍വാര്‍ച്ചയുള്ളതും അഴുകിയ ജൈവവസ്തുക്കളുള്ളതുമായ മണ്ണിലാണ് ബ്രസീല്‍ നട്ട് നന്നായി വളരുന്നത്. മണ്ണിന്റെ പി.എച്ച് മൂല്യം 5.5 നും 6.5നും ഇടയിലാണ് അനുയോജ്യം. നല്ല സൂര്യപ്രകാശവും ചൂടുമുള്ള അന്തരീക്ഷത്തിലാണ് നന്നായി വളരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 500 മീറ്റര്‍ ഉയരത്തിലുള്ളതും പകല്‍ താപനില ഏകദേശം 27 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ളതുമായ സ്ഥലത്താണ് സാധാരണയായി ഈ മരം തഴച്ചുവളരുന്നത്. പൂക്കളുണ്ടാകാനും പഴങ്ങള്‍ രൂപപ്പെട്ട് പരിപ്പ് ധാരാളം വിളവെടുക്കാനും ഏകദേശം അഞ്ച് മാസത്തോളം ചൂടുള്ള കാലാവസ്ഥ ആവശ്യമാണ്. അന്തരീക്ഷ താപനില ഏകദേശം 21 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകുന്ന വേനല്‍ക്കാലത്തിന് തൊട്ടുമുമ്പുള്ള സമയത്താണ് ബ്രസീല്‍ നട്ട് കൃഷി ചെയ്യുന്നത്. മഴക്കാടുകള്‍ പോലുള്ള പരിസ്ഥിതിയിലാണ് കൃഷി ചെയ്യാന്‍ അനുയോജ്യം.

വിത്ത് മുളപ്പിച്ചും ഗ്രാഫ്റ്റിങ്ങ് നടത്തിയും ബ്രസീല്‍ നട്ട് വളര്‍ത്തിയെടുക്കാറുണ്ട്. സാധാരണ വിത്ത് മുളയ്ക്കാന്‍ ആറു മുതല്‍ 24 മാസങ്ങള്‍ വരെയെടുക്കും. വിത്തിനെ പൊതിഞ്ഞിരിക്കുന്ന ആവരണം ഒഴിവാക്കിയാണ് നടുന്നതെങ്കില്‍ വെറും 25 മുതല്‍ 30 ദിവസങ്ങള്‍ കൊണ്ട് മുളച്ചുപൊന്തും. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയായ കാടുകളിലേതുപോലുള്ള സാഹചര്യമൊരുക്കാനായി വിത്തുകള്‍ പലതവണ കുതിര്‍ത്ത് വെക്കാറുണ്ട്. ഇപ്രകാരം കുതിര്‍ത്താല്‍ വിത്തിന്റെ പുറന്തോട് മൃദുവാകുകയും പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഒരു വലിയ ജാറില്‍ വിത്ത് ശേഖരിച്ച് വെള്ളമൊഴിച്ച് 24 മണിക്കൂര്‍ അടച്ചുവെക്കുക. അതിനുശേഷം വെള്ളമൊഴിച്ചു കളഞ്ഞ് വിത്ത് നന്നായി കുലുക്കിയെടുക്കുക. ഈ പ്രവര്‍ത്തനം ആവര്‍ത്തിക്കുക. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ കുതിര്‍ക്കാനെടുക്കുന്ന സമയം വെറും എട്ടു മണിക്കൂര്‍ മതി. എകദേശം മുളകള്‍ പൊട്ടിവരുന്നത് കണ്ടാല്‍ പുറന്തോട് ശ്രദ്ധയോടെ വേര്‍പെടുത്തുക. ഇപ്പോള്‍ നിങ്ങള്‍ക്ക് പച്ചയായ ബ്രസീല്‍ നട്ട് ലഭിക്കും. ഇത് ഒരു പാത്രത്തില്‍ പോഷകമൂല്യമുള്ള മണ്ണില്‍ നടാവുന്നതാണ്. ബ്രസീല്‍ നട്ട് എന്നതുതന്നെയാണ് ഇതിന്റെ വിത്ത്. കൂടുതല്‍ മരങ്ങള്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ വിത്തുകള്‍ നടുമ്പോള്‍ 32 അടി അകലം നല്‍കുന്നതാണ് നല്ലത്.

ബ്രസീല്‍ നട്ടിന്റെ പൂക്കള്‍ക്ക് രണ്ടു മുതല്‍ നാല് വരെ ദളങ്ങളുണ്ടാകും. പൂക്കളുടെ അടിവശത്ത് 80 മുതല്‍ 130 വരെ പുഷ്പകേസരങ്ങളുമുണ്ടാകും. ധാരാളം വിളവുണ്ടാക്കാനായി പരപരാഗണം അത്യാവശ്യമാണ്. അതിരാവിലെ വിടരുന്ന പൂക്കള്‍ ഒരു ദിവസം മുഴവന്‍ വാടാതിരിക്കും. തേനീച്ചകളാണ് പ്രധാന പരാഗണകാരി. പൂക്കള്‍ കൂട്ടത്തോടെയുണ്ടായാലും ചിലപ്പോള്‍ വെറും ഒരു ശതമാനം മാത്രമേ കായകള്‍ ഉത്പാദിപ്പിക്കുകയുള്ളു. പരാഗണത്തിന്റെ കുറവ് മൂലമാണ് ഉത്പാദനം കുറയുന്നത്. വലിയ പെണ്‍തേനീച്ചകളാണ് ബ്രസീല്‍ നട്ടില്‍ പരാഗണം നടത്തുന്നത്. ആണ്‍തേനീച്ചകള്‍ ഈ മരത്തിന് സമീപത്ത് വളരുന്ന അലങ്കാരച്ചെടികളിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്. ഈ പൂക്കളുണ്ടാക്കുന്ന സുഗന്ധത്താല്‍ പെണ്‍തേനീച്ചകളെ ആകര്‍ഷിക്കുകയും ഇണചേരല്‍ നടക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കാത്ത സ്ഥലത്ത് ബ്രസീല്‍ നട്ടിലെ പൂക്കളില്‍ പരാഗണം നടക്കാനുള്ള സാധ്യതയില്ല. അതായത് ഈ മരം പൂവിടാത്ത സമയത്ത് തേനീച്ചകള്‍ മറ്റുള്ള പൂക്കളിലെ പൂമ്പൊടിയും തേനുമാണ് ആശ്രയിക്കുന്നത്.

വിത്ത് മുളപ്പിച്ചാല്‍ ആറു മുതല്‍ 20 വരെ വര്‍ഷങ്ങളെടുത്താണ് ചിലപ്പോള്‍ പഴങ്ങളുണ്ടാകുന്നത്. ഗ്രാഫ്റ്റ് ചെയ്ത മരങ്ങളില്‍ മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ട് കായകളുണ്ടാകും. കായകള്‍ പൂര്‍ണമായി മൂത്ത് പഴുക്കാനായി 15 മാസങ്ങളോളമെടുക്കും. ഈ ഫലത്തിന് യഥാര്‍ഥത്തില്‍ ഒരു തേങ്ങയുടെ വലുപ്പവും അഞ്ച് പൗണ്ട് ഭാരവുമുണ്ടാകും. സ്വാഭാവികമായിത്തന്നെ മരത്തില്‍ നിന്ന് താഴെ വീഴുന്ന പഴങ്ങളാണ് വിളവെടുത്ത് സൂക്ഷിക്കുന്നത്. നല്ല വായുസഞ്ചാരമുള്ളതും വരണ്ടതുമായ സ്ഥലത്താണ് ബ്രസീല്‍ നട്ട് സൂക്ഷിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ ബ്രസീല്‍ നട്ട് മരത്തില്‍ നിന്നും ഒരു വര്‍ഷത്തില്‍ 250 മുതല്‍ 500 പൗണ്ട് വരെ ഭാരമുള്ള പരിപ്പ് വിളവെടുക്കാറുണ്ട്.