Asianet News MalayalamAsianet News Malayalam

ഔഷധസസ്യ തോട്ടത്തിൽ അയമോദകവും വളർത്തി വിളവെടുക്കാം, ഇൻഡോറായും വളർത്താം

അയമോദകത്തിന്റെ ചെടിയുടെ മണം വളരെ ദൂരെ നിന്ന് തന്നെ അറിയാന്‍ കഴിയും. കടുംപച്ചനിറത്തിലുള്ള ഇലകളും വെല്‍വെറ്റ് പോലുള്ളതുമാണ്. തൂക്കുപാത്രങ്ങളില്‍ വളര്‍ത്താന്‍ നല്ലതാണ്.

carom plant how to grow
Author
Thiruvananthapuram, First Published Mar 16, 2022, 7:00 AM IST

ഔഷധസസ്യങ്ങളുടെ തോട്ടം ഒരുക്കുമ്പോള്‍ തുളസിയും തുമ്പയും പുതിനയും പനിക്കൂര്‍ക്കയുമൊന്നും ആരും മറക്കാറില്ല. എന്നാല്‍, അയമോദകം വളര്‍ത്തി വിളവെടുക്കുന്നത് വളരെ അപൂര്‍വമാണ്. ഇത് യഥാര്‍ഥത്തില്‍ ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താവുന്ന ഔഷധസസ്യമാണ്.

അയമോദകം അറിയപ്പെടുന്നത് ട്രാക്കിസ്‌പെര്‍മം അമ്മി എന്ന ശാസ്ത്രനാമത്തിലാണ്. കാരം സീഡ് എന്നും ബിഷപ്‌സ് സീഡ് എന്നും ഇത് വിളിക്കപ്പെടുന്നുണ്ട്. അയമോദകം ഭക്ഷണത്തിലും മരുന്നിലും ഉള്‍പ്പെടുത്തുന്ന ചെടിയാണ്. പെട്ടെന്ന് വളര്‍ന്ന് വ്യാപിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഇലകള്‍ ആകര്‍ഷകമായതുകൊണ്ട് അലങ്കാരച്ചെടികളുടെ അതിര്‍ത്തിയിലും ഇവ വളര്‍ത്താറുണ്ട്.

ഇലകള്‍ പച്ചക്കറിയിലും യോഗര്‍ട്ട് ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. വിത്തുകള്‍ കറികളിലും ചട്‌നിയിലും സോസിലും ഉപയോഗിക്കാറുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അയമോദകം ഉപയോഗിക്കാറുണ്ട്. ഗ്യാസ് ട്രബിള്‍, വയറിളക്കം, വയറുവേദന എന്നിവ പരിഹരിക്കാന്‍ സഹായിക്കും. ബാക്റ്റീരിയ വഴിയും ഫംഗസ് വഴിയും പകരുന്ന രോഗങ്ങള്‍ തടയാനും ആസ്തമയും ശ്വസനസംബന്ധമായ അസുഖങ്ങളും പരിഹരിക്കാനും അയമോദകത്തിന് കഴിവുണ്ട്.

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അയമോദകം കൃഷിഭൂമിയില്‍ തന്നെ വളര്‍ത്താം. വളര്‍ത്താന്‍ എളുപ്പമാണെങ്കിലും നല്ല ആരോഗ്യമുള്ള ചെടികള്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഏത് തരത്തിലുള്ള മണ്ണിലും വളരുമെങ്കിലും ആല്‍ക്കലൈന്‍ സ്വഭാവമുള്ള മണ്ണാണ് നല്ലത്. ഇത് വളര്‍ത്താന്‍ ധാരാളം ജൈവവളമൊന്നും ആവശ്യമില്ല. ഒരിക്കല്‍ നട്ടാല്‍ കൃത്യമായി വെള്ളമൊഴിക്കണം. അതുപോലെ നല്ല സൂര്യപ്രകാശവും ഉറപ്പുവരുത്തണം.

അതുപോലെ മണ്ണില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. അമിതമായി നനയ്ക്കരുത്. ഇത് പെട്ടെന്ന് പടര്‍ന്ന് വളരുന്നതുകൊണ്ട് സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

അയമോദകത്തിന്റെ ചെടിയുടെ മണം വളരെ ദൂരെ നിന്ന് തന്നെ അറിയാന്‍ കഴിയും. കടുംപച്ചനിറത്തിലുള്ള ഇലകളും വെല്‍വെറ്റ് പോലുള്ളതുമാണ്. തൂക്കുപാത്രങ്ങളില്‍ വളര്‍ത്താന്‍ നല്ലതാണ്. ഫെങ്ഷുയി പ്രകാരം ഇതിന്റെ വൃത്താകൃതിയിലുള്ള ഇലകള്‍ ഭാഗ്യം കൊണ്ടുവരാന്‍ നല്ലതാണെന്ന് വിശ്വസിക്കുന്നവരുണ്ട്.

അമിതമായി നനച്ച് വേര് ചീയലിന് ഇടവരുത്തരുത്. ഒരിക്കല്‍ മണ്ണില്‍ വേര് പിടിച്ച് വളര്‍ന്ന് കഴിഞ്ഞാല്‍പ്പിന്നെ കാര്യമായ പരിചരണമൊന്നും ആവശ്യമില്ലാതെ ഇടതൂര്‍ന്ന് വളരും.  

Follow Us:
Download App:
  • android
  • ios