ബ്രൊക്കോളി, കാബേജ്, കോള്‍റാബി എന്നിവയുടെ കുടുംബക്കാരനായ കോളിഫ്‌ളവര്‍ നല്ല പോഷകങ്ങളുടെ കലവറയാണെങ്കിലും വളര്‍ത്തി വിളവെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. വിറ്റാമിന്‍ ബി,സി,കെ എന്നിവയും നാരുകളും അടങ്ങിയിട്ടുള്ള ശീതകാല പച്ചക്കറിയായ കോളിഫ്‌ളവറിന്റെ ഇലകളും തണ്ടും പുഷ്പമുകുളവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. വെളുത്ത പൂക്കളുള്ള ഇനങ്ങളാണ് സാധാരണയായി കാണപ്പെടുന്നതെങ്കിലും പച്ചയും ഓറഞ്ചും പര്‍പ്പിളും നിറങ്ങളില്‍ ഇന്ന് കൃഷി ചെയ്തുണ്ടാക്കുന്നുണ്ട്. പര്‍പ്പിള്‍ നിറത്തിലുള്ള കോളിഫ്‌ളവറില്‍ ആന്തോസയാനിന്‍ എന്ന ആന്റിഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള കോളിഫ്‌ളവറില്‍ ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും സുലഭമാണ്.

അമിതമായ ചൂടും തണുപ്പും ഇഷ്ടപ്പെടാത്ത വിളയാണ് കോളിഫ്‌ളവര്‍. കൃഷി ചെയ്യുമ്പോള്‍ വിത്ത് മുളച്ച് നാലോ അഞ്ചോ ആഴ്ച പ്രായമാകുമ്പോഴാണ് പ്രധാന കൃഷിസ്ഥലത്തേക്ക് തൈകള്‍ മാറ്റി നടുന്നത്. ചാലുകള്‍ തയ്യാറാക്കുമ്പോള്‍ ഏകദേശം 60 സെ.മീ അകലത്തിലായിരിക്കണം. തൈകള്‍ തമ്മില്‍ 40 സെ.മീ അകലവും നല്‍കാം. ചാണകവെള്ളം ഒഴിച്ചുകൊടുക്കുകയോ ചാണകപ്പൊടി മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയോ ചെയ്യാവുന്നതാണ്. തൈകള്‍ തമ്മില്‍ അകലം കുറഞ്ഞാല്‍ വായുസഞ്ചാരം ആവശ്യത്തിന് ലഭിക്കില്ല. പൂര്‍ണവളര്‍ച്ചയെത്തിയ തൈകള്‍ക്ക് രണ്ട് അടി ഉയരമുണ്ടാകും. നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവവളങ്ങളും എല്ലുപൊടിയും ചേര്‍ത്ത് സമ്പുഷ്ടമാക്കിയതുമായ മണ്ണ് കോളിഫ്‌ളവര്‍ കൃഷിക്ക് യോജിച്ചതാണ്.

പൂക്കളുടെ തണ്ടാണ് കോളിഫ്‌ളവറായി രൂപാന്തരം പ്രാപിച്ച് വിളവെടുക്കുന്നത്. കോളിഫ്‌ളവര്‍ ഗ്രോബാഗിലും കൃഷി ചെയ്യാറുണ്ട്. മണ്ണും ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും കലര്‍ത്തി തൈകള്‍ നടാന്‍ കഴിയും. കൂടുതല്‍ ഇലകള്‍ വരാന്‍ തുടങ്ങിയാല്‍ കൃഷിസ്ഥലത്തേക്ക് പറിച്ചുനടാം. അതിന് മുമ്പ് ചെടി വളരുന്ന പാത്രം ദിവസവും കുറച്ച് മണിക്കൂറുകള്‍ പുറത്തേക്ക് മാറ്റി വെച്ച് ചെടി കാലാവസ്ഥയുമായി പൊരുത്തപ്പെടണം.

കോളിഫ്‌ളവര്‍ ഈര്‍പ്പമുള്ള മണ്ണില്‍ വളരുന്ന വിളയായാതുകൊണ്ട് പുതയിടല്‍ നടത്തി ജലാംശം പിടിച്ചുവെക്കാവുന്നതാണ്. കളകളുടെ വളര്‍ച്ച തടയാനും മണ്ണില്‍ തണുപ്പ് നിലനിര്‍ത്താനും പുതയിടല്‍ കൊണ്ട് കഴിയും. കടുത്ത സൂര്യപ്രകാശം പതിക്കുന്ന സ്ഥലമാണെങ്കില്‍ കവറുകള്‍ കൊണ്ട് പൊതിഞ്ഞ് ചെടികളെ സംരക്ഷിക്കാം. ഓരോ വരികളുടെയും വശങ്ങളില്‍ വായുസഞ്ചാരം ലഭിക്കാനുള്ള മാര്‍ഗമുണ്ടാക്കണം. പൂര്‍ണമായും കവര്‍ ഉപയോഗിച്ച് മൂടിവെക്കരുത്.

കാബേജിനെ ആക്രമിക്കുന്ന കീടങ്ങളെല്ലാം തന്നെ കോളിഫ്‌ളവറിനും ദോഷമുണ്ടാക്കുന്നവയാണ്. ഇലകളില്‍ സുഷിരങ്ങള്‍ കാണപ്പെടുകയോ വാടിപ്പോകുകയോ കോളിഫ്‌ളവറിന് നിറംമാറ്റം സംഭവിക്കുകയോ ചെയ്താല്‍ കീടങ്ങള്‍ ആക്രമിക്കുന്നതായി മനസിലാക്കാം. ചില കീടങ്ങള്‍ വേരുകളെയും ആക്രമിച്ച് ചെടിയെ നശിപ്പിക്കാം.

നീരൂറ്റിക്കുടിക്കുകയും ഇലകളും പൂമൊട്ടുകളും ഭക്ഷിക്കുകയും ചെയ്യുന്ന മുഞ്ഞയെ കരുതിയിരിക്കണം. ഇലകളുടെ അടിഭാഗത്ത് ഈ കീടങ്ങളുടെ മുട്ടകള്‍ കാണുകയാണെങ്കില്‍ വെള്ളം തെറിപ്പിച്ച് ഇലകള്‍ കഴുകി മുട്ടകളെ ഒഴിവാക്കാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ വേപ്പെണ്ണ ഉപയോഗിക്കാം. കാബേജ് ലൂപ്പര്‍ എന്നൊരിനം കീടവും പൂര്‍ണവളര്‍ച്ചയെത്തിയ ചെടികളെ ആക്രമിച്ച് നശിപ്പിക്കാറുണ്ട്. പൂമൊട്ടുകളെയും ഇത് ആക്രമിക്കും. ജൈവരീതിയില്‍ ബാസിലസ് തുറിന്‍ജെന്‍സിസ് ഉപയോഗിച്ചുള്ള ചികിത്സയാണ് ഈ പ്രശ്‌നത്തിന് പരിഹാരമായി നിര്‍ദേശിക്കുന്നത്. ഉപകാരികളായ പ്രാണികളെ നശിപ്പിക്കാതെ തന്നെ കീടങ്ങളെ കൊല്ലാന്‍ ഈ മാര്‍ഗത്താല്‍ കഴിയും.

മറ്റൊരു ഉപദ്രവകാരിയായ കീടമാണ് കാബേജ് മോത്ത്. ചില കീടനാശിനികളെ പ്രതിരോധിച്ച് ചെടികളെ ആക്രമിക്കാന്‍ കഴിവുള്ള കീടമാണിത്. വേപ്പെണ്ണയും ബാസിലസ് തുറിന്‍ജെന്‍സിസുമെല്ലാം ഉപയോഗിച്ചാലും ഈ കീടത്തെ ഫലപ്രദമായി തുരത്താന്‍ കഴിഞ്ഞെന്നുവരില്ല. കാബേജ് റൂട്ട് ഫ്‌ളൈ എന്നൊരിനം ഈച്ചയാണ് കോളിഫ്‌ളവറിനെ ആക്രമിക്കുന്ന മറ്റൊരു കീടം. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ മണ്ണ് കുഴിച്ചുനോക്കി വേരുകള്‍ പരിശോധിച്ച് ആക്രമിക്കപ്പെട്ട ചെടികളെ നശിപ്പിച്ചുകളയണം. നെമാറ്റോഡുകള്‍ ഉപയോഗിച്ച് മണ്ണിലെ കീടങ്ങളെ തുരത്താനും ശ്രമം നടത്താം. വെള്ളീച്ചയും കോളിഫ്‌ളവറിനെ ആക്രമിക്കാറുണ്ട്.

കോളിഫ്‌ളവര്‍ വളരുമ്പോള്‍ ഇലകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുകയും മധ്യത്തിലായി പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും. ഈ സമയത്താണ് ബ്ലാഞ്ചിങ്ങ് നടത്തുന്നത്. പൂവിനെ ചുറ്റിലുമുള്ള ഇലകള്‍ കൊണ്ട് പൊതിഞ്ഞ് കെട്ടി നിറംമാറ്റം സംഭവിക്കാതെ സംരക്ഷിക്കുന്ന രീതിയാണിത്. പൂക്കളുടെ മണവും ആകര്‍ഷകത്വവും കൂടുകയും ചെയ്യും. ചിലയിനങ്ങളില്‍ ഇലകള്‍ സ്വന്തമായി തന്നെ ചുരുണ്ട് പൂക്കളെ സംരക്ഷിക്കുന്ന കവചമായി മാറിയേക്കാം. ദിവസവും പൂക്കളെ പരിശോധിക്കുകയും പൂര്‍ണവളര്‍ച്ചയെത്തി വിളവെടുക്കാനായാല്‍ കെട്ടിവെച്ച ഇലകള്‍ അഴിച്ചെടുക്കുകയും വേണം.