കാലം തെറ്റിയുള്ള മണ്‍സൂണ്‍ മാമ്പഴ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം കാരണം ഇത്തവണ അല്‍ഫോന്‍സോ മാങ്ങയുടെ ഉത്പാദനത്തില്‍ കുറവുണ്ടായിയെന്നാണ് അറിയുന്നത്. മാങ്ങകള്‍ മാര്‍ക്കറ്റിലെത്താന്‍ വൈകുന്നത് വില കുതിച്ചുയരുന്നതിനും കാരണമായിത്തീര്‍ന്നിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ ഇത്തവണ അല്‍ഫോന്‍സോ ഇനത്തില്‍പ്പെട്ട മാവ് പൂക്കാന്‍ വൈകിയതിനാല്‍ പഴങ്ങളുണ്ടാകാനും കാലതാമസമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തില്‍ 50 മുതല്‍ 60 ശതമാനം വരെയാണത്രെ കുറവ് അനുഭവപ്പെട്ടിരിക്കുന്നത്.

സാധാരണയായി അല്‍ഫോന്‍സോ മാങ്ങകള്‍ മാര്‍ക്കറ്റിലെത്തുന്നത് ഫെബ്രുവരി ആദ്യവാരത്തിലാണ്. പക്ഷേ, ഈ വര്‍ഷം 60 ദിവസത്തോളം വൈകിയാണ് മാങ്ങകളുടെ സീസണ്‍ ആരംഭിച്ചത്. ഇത്തവണ മാര്‍ച്ച് അവസാനത്തോടെ മാത്രമേ അല്‍ഫോന്‍സോ മാങ്ങകളുടെ വിപണനം സാധാരണ പോലെ ആരംഭിക്കുകയുള്ളു.

അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയുടെ ഡയറക്ടറായ സഞ്ജയ് പന്‍സാരെ പറയുന്നത് മാങ്ങകളുടെ ഉത്പാദനത്തിലുള്ള കുറവ് വിപണിയില്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായെന്നാണ്. മൊത്തവിപണിയില്‍ അഞ്ച് ഡസന്‍ മാങ്ങകള്‍ക്ക് 6000 രൂപ മുതല്‍ 9000 രൂപ വരെയാണ് വില കുതിച്ചുയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് മാങ്ങകളുടെ വില 3000 രൂപ മുതല്‍ 6000 രൂപ വരെയായിരുന്നു.

മാങ്ങകള്‍ മൊത്ത വിപണിയില്‍ അഞ്ച് ഡസനുള്ള പെട്ടിയായാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. മുംബൈയിലെ ചെറുകിട വ്യാപാരികള്‍ ഒരു ഡസന്‍ മാങ്ങകള്‍ക്ക് 2500 രൂപ വരെ വാങ്ങുന്നുണ്ട്. തനതായ രുചിയും മണവുമാണ് അല്‍ഫോന്‍സോ മാങ്ങയെ വേറിട്ട് നിര്‍ത്തുന്നത്. കൊങ്കണിലെ ദേവഗഡ് മേഖലയില്‍ കൃഷിചെയ്യുന്ന മാങ്ങകള്‍ക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേകത കാണിക്കുന്ന ടാഗുകള്‍ നല്‍കുന്നുണ്ട്.

മാവ് പൂക്കാനുള്ള ചില വിദ്യകള്‍

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ കേരളത്തിലും മാവ് പൂക്കാനുള്ള കാലദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നുണ്ട്. എന്നാലും ചില കാര്യങ്ങള്‍ ചെയ്തുനോക്കുന്നത് ഗുണനിലവാരമുള്ള മാങ്ങകള്‍ ലഭിക്കാന്‍ സഹായിക്കും.

ബലം കുറഞ്ഞ ശാഖകള്‍ മുറിച്ചു മാറ്റി കുമിള്‍നാശിനി പുരട്ടാം. ശിഖരങ്ങളില്‍ നന്നായി വെയില്‍ തട്ടണം. മാവിന്റെ വേരുകള്‍ തെളിഞ്ഞുകാണുന്ന രീതിയില്‍ തടംതുറന്ന് മൂന്ന് ആഴ്ച വെയില്‍ കൊള്ളിക്കുന്നതും നല്ലതാണ്. മാവ് അല്‍പം ക്ഷീണിച്ച അവസ്ഥയിലാകും. അതിനുശേഷം ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ചാമ്പലും ചേര്‍ത്ത് കുഴിയില്‍ മണ്ണിട്ട് മൂടി നന്നായി ചപ്പുചവറുകളിട്ട് നനയ്ക്കണം. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ പൂക്കളുണ്ടാകുന്നതായി അനുഭവസ്ഥര്‍ പറയുന്നു.

മാവിന്റെ തായ്ത്തടിയിലെ തൊലി മോതിരവളയത്തിന്റെ വീതിയില്‍ നീക്കം ചെയ്യാറുണ്ട്. 2 സെ.മീ വീതിയില്‍ പൂര്‍ണമായോ അല്ലെങ്കില്‍ അല്‍പ്പം ഒരു വശത്ത് ബാക്കിനിര്‍ത്തി ഭാഗികമായോ മാവിന്റെ പുറംതൊലി നീക്കം ചെയ്യാം. ഇങ്ങനെ ചെയ്താലും മാവ് പൂക്കാന്‍ സാധ്യതയുണ്ട്.

മാവുകള്‍ മറ്റു മരങ്ങളുടെ തണലിലാണ് വളര്‍ന്നു നില്‍ക്കുന്നതെങ്കില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കില്ല. ധാരാളം വെയില്‍ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ മാവ് പൂക്കാന്‍ സാധ്യതയുണ്ട്.