കാപ്പി ഉണ്ടാക്കിയശേഷം ബാക്കിയാകുന്ന അവശിഷ്‍ടങ്ങളായ കോഫി ഗ്രൗണ്ട് (Coffee ground) ചെടികള്‍ക്ക് പലതരത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കാപ്പിപ്പൊടി നൈട്രജന്റെ നല്ല ഉറവിടമാണ്. ഉണങ്ങിയ കോഫി ഗ്രൗണ്ടില്‍ പൊട്ടാസ്യവും മഗ്നീഷ്യവും ഫോസ്‍ഫറസും അടങ്ങിയിരിക്കുന്നു. അസിഡിറ്റിയുള്ള മണ്ണില്‍ വളരാന്‍ ഇഷ്‍ടപ്പെടുന്ന ചെടികള്‍ക്കെല്ലാം ഉപയോഗശേഷമുള്ള കാപ്പിപ്പൊടി അരിച്ചെടുത്ത് വളമായി നല്‍കാം.

കാപ്പിക്കുരുവില്‍ നൈട്രജനും, ഫോസ്‍ഫറസും, പൊട്ടാസ്യവും കോപ്പറും മഗിനീഷ്യവും അടങ്ങിയിട്ടുണ്ട്. ഉപയോഗശേഷമുള്ള കാപ്പിപ്പൊടിയിലും ഈ പോഷകഗുണമുണ്ട്. പനിനീര്‍ച്ചെടിക്കും നല്ലൊരു വളമായി ഇത് ഉപയോഗിക്കാവുന്നതാണ്. ഉപയോഗശേഷമുള്ള കാപ്പിപ്പൊടി ഒരു പാത്രത്തിലെ വെള്ളത്തില്‍ ലയിപ്പിച്ച് ഇളക്കണം. രണ്ടോ മൂന്നോ ദിവസം ഇങ്ങനെ വെച്ചാല്‍ കാപ്പിയിലെ പോഷകങ്ങള്‍ വെള്ളത്തിലേക്ക് ലയിച്ചുചേരും. അങ്ങനെ കിട്ടുന്ന വെള്ളം വളമായി ഉപയോഗിക്കാം. രാസവളങ്ങളില്‍ അപകടകരമായ രാസവസ്തുക്കളായ പെട്രോകെമിക്കല്‍സും ആര്‍സനിക്കും കാഡ്മിയവും അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം ഒഴിവാക്കി കാപ്പിപ്പൊടി കൊണ്ടുള്ള വളം ഉണ്ടാക്കി ചെടികള്‍ക്കു നല്‍കാം.

ബ്ലൂബെറി ബുഷ്, റോഡോഡെന്‍ഡ്രോണ്‍, ബെഗോണിയ, ഹക്കിള്‍ബെറി എന്നീ ചെടികള്‍ക്ക് ഇത് ഉപയോഗിക്കാം. അതുപോലെ ഹൈഡ്രാഞ്ചിയ ചെടിക്കും ഇത് നല്ലതാണ്. കുരുമുളക് വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ക്കും റാഡിഷ്, മധുരക്കിഴങ്ങ്, മുട്ടപ്പഴം, തക്കാളിച്ചെടി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കുമെല്ലാം കാപ്പിപ്പൊടികൊണ്ട് പുതയിടുന്നത് പ്രയോജനം ചെയ്യും. മണ്ണില്‍ ഒന്നര ഇഞ്ച് കനത്തില്‍ ചെടിക്കു ചുറ്റുമായി പൊടി വിതറിക്കൊടുത്താല്‍ മതി.

കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ കാപ്പിപ്പൊടി കൂടി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കോഫി ഗ്രൗണ്ട് ചേര്‍ക്കുമ്പോഴുള്ള അസിഡിറ്റി ബാലന്‍സ് ചെയ്യാനായി അടുക്കളയില്‍ നിന്നുള്ള പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍, കാല്‍സ്യം കാര്‍ബണേറ്റ്, ചാരം എന്നിവയെല്ലാം മണ്ണില്‍ ചേര്‍ക്കാം.

സ്‌ട്രോബെറിയെ ആക്രമിക്കുന്ന കീടങ്ങളില്‍ നിന്നും ഇലവര്‍ഗങ്ങളെ നശിപ്പിക്കുന്ന ഒച്ചില്‍ നിന്നും തക്കാളിച്ചെടികളില്‍ കയറിക്കൂടുന്ന ഉറുമ്പുകളില്‍ നിന്നുമൊക്കെ രക്ഷനേടാന്‍ നിങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കിയ ശേഷമുള്ള പൊടി പ്രയോജനപ്പെടുത്താം.

നിങ്ങളുടെ തോട്ടത്തില്‍ ശല്യക്കാരായി പൂച്ചകള്‍ വരുന്നുണ്ടെങ്കില്‍ അവരെ ഓടിക്കാനും അല്‍പം കാപ്പിപ്പൊടി മണ്ണില്‍ വിതറിയാല്‍ മതി. പൂച്ചകള്‍ക്ക് കാപ്പിയുടെ മണം ഇഷ്ടമല്ല.