പിങ്കിന്റെ വ്യത്യസ്ത നിറങ്ങളില്‍ തുടങ്ങി കടുത്ത മറൂണ്‍ നിറങ്ങളിലെത്തി നില്‍ക്കുന്ന ഇലകളുടെ വ്യത്യസ്തതയാണ് കോളിയസ് ചെടികളുടെ മനോഹാരിത. വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ചെടികളായ ഇവ ലാമിയേസി സസ്യകുടുംബത്തിലെ അംഗമാണ്. നീലനിറം ഒഴികെ മറ്റെല്ലാ നിറത്തിലുമുള്ള ഇലകളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഈ ചെടികളെ ഇത്രമേല്‍ പ്രിയങ്കരമാക്കുന്നത്.

തണല്‍ ഇഷ്ടപ്പെടുന്ന മിക്കവാറും എല്ലായിനങ്ങളും രാവിലെയുള്ള ഇളവെയില്‍ മാത്രം ലഭിച്ചാലും നല്ല ആരോഗ്യത്തോടെ വളരും. സൂര്യപ്രകാശത്തില്‍ നല്ല നിറമുള്ള ഇലകളുണ്ടാകുന്ന ഇനങ്ങളും ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ ഇനങ്ങള്‍ക്ക് മൂന്നടി ഉയരമുണ്ടാകും. തൂക്കുപാത്രങ്ങളില്‍ വളര്‍ത്താവുന്ന ഇനങ്ങളുമുണ്ട്. വേനല്‍ക്കാലത്ത് ചെറിയ പൂക്കളുണ്ടാകുന്ന ചെടിയാണ്. പൂച്ചകള്‍ക്കും നായകള്‍ക്കും കുതിരകള്‍ക്കും ഈ ചെടിയുടെ ഇലകള്‍ ഹാനികരമാണ്.

തെക്കുകിഴക്കന്‍ ഏഷ്യയിലെയും ആസ്‌ട്രേലിയയിലെയും ഉഷ്ണമേഖലയിലും ഉപോഷ്ണമേഖലയിലും വളര്‍ന്നിരുന്ന ഇനമാണ് കോളിയസ് ചെടികള്‍. 19 -ാം നൂറ്റാണ്ടിലാണ് ഈ ചെടി ആദ്യമായി ഇം​ഗ്ലളണ്ടിലേക്ക് കൊണ്ടുവന്നത്. പിന്നീട് ചെടികളോട് അടങ്ങാത്ത ആഗ്രഹമുള്ളവര്‍ ഹൈബ്രിഡ് ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.

ഈ ചെടിയെ പല സസ്യശാസ്ത്രജ്ഞരും പല ജനുസുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1763 -ല്‍ കാള്‍ ലിന്നസ് ഈ ചെടിയെ ഒസിമം സ്‌കൂട്ടെല്ലാരിയോഡസ് എന്ന ജനുസില്‍ ഉള്‍പ്പെടുത്തി.1810 ആയപ്പോള്‍ റോബര്‍ട്ട് ബ്രൗണ്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ ഈ ചെടിയെ പ്ലെക്ട്രാന്‍തസ് എന്ന ജനുസില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, 1830 -ല്‍ ജോര്‍ജ് ബെന്താം കോളിയസ് എന്ന ഇനത്തിലേക്ക് മാറ്റി നാമകരണം ചെയ്തു. 1975 ആയപ്പോള്‍ സൗത്ത് ആഫ്രിക്കയിലെ മറ്റൊരു ശാസ്ത്രജ്ഞന്‍ ഈ ചെടിയെ സോളനോസ്‌റ്റെമന്‍ എന്നയിനത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അതുകൊണ്ടുതന്നെ വിവിധ നഴ്‌സറികളില്‍ വിവിധ പേരുകളില്‍ ഈ ചെടി അറിയപ്പെടുന്നു. കോളിയസ് ജനുസില്‍ 294 ഇനങ്ങളുണ്ട്.

വിത്ത് മുളപ്പിച്ച് വളര്‍ത്തിയാല്‍ മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളും നിറവുമുള്ള ചെടി വളരുകയില്ല. തണ്ട് മുറിച്ച് നട്ട് വളര്‍ത്തുന്നതാണ് ഏറ്റവും എളുപ്പം. വര്‍ഷത്തില്‍ ഏതു കാലത്തും നടാനായി തണ്ടുകള്‍ മുറിച്ചെടുക്കാം. നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവവളസമ്പുഷ്ടമായതും പി.എച്ച് മൂല്യം ആറിനും ഏഴിനും ഇടയിലുമുള്ളതുമായ മണ്ണിലാണ് ഈ ചെടി നന്നായി വളരുന്നത്. വളരെ അടുത്തടുത്തായി ചെടികള്‍ നട്ടുവളര്‍ത്തിയാല്‍ ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കാതെ കുമിള്‍ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്.

പൂക്കളുണ്ടാകാനായി തണ്ടുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയാല്‍ പെട്ടെന്ന് തന്നെ നുള്ളിക്കളയുന്നതാണ് നല്ലത്. ചെടിയില്‍ സംഭരിച്ചിരിക്കുന്ന മുഴുവന്‍ ഊര്‍ജവും വിവിധ നിറങ്ങളിലുള്ള ഇലകളുണ്ടാക്കാനായി വിനിയോഗിക്കാന്‍ വേണ്ടിയാണ് പൂക്കളുണ്ടാകുന്ന പ്രക്രിയ ഒഴിവാക്കുന്നത്.