കീടനിയന്ത്രണത്തിനായി പലതരത്തിലുള്ള രാസകീടനാശിനികളും ജൈവകീടനാശിനികളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ അധികമാരും കേള്‍ക്കാത്ത കീടനിയന്ത്രണ മാര്‍ഗത്തെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്. ടോയ്‌ലറ്റ് പേപ്പറുകള്‍ക്കും കൃഷിത്തോട്ടത്തില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയും.

ടോയ്‌ലറ്റ് പേപ്പറുകളും പേപ്പര്‍ ടവലുകളും കാര്‍ഡ്‌ബോര്‍ഡ് ട്യൂബില്‍ പൊതിഞ്ഞാണ് വരുന്നത്. പേപ്പര്‍ റോള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഈ പൊതിഞ്ഞുവെച്ചിരിക്കുന്ന ട്യൂബ് കളയണമല്ലോ. ഇത് ഉപയോഗിച്ച് പൂന്തോട്ടത്തിലെ കീടങ്ങളെ നിയന്ത്രിക്കാന്‍ കഴിയും.

ഒരു കീടത്തെയല്ല, നിരവധി ഇനത്തില്‍പ്പെട്ട കീടങ്ങളെ തുരത്താന്‍ ഈ ഉപയോഗശൂന്യമായ പേപ്പര്‍ ട്യൂബ് കൊണ്ട് കഴിയും. ഉദാഹരണമായി കാരറ്റ് വളര്‍ത്തുമ്പോള്‍ വളര്‍ന്ന് വരുന്ന മുകുളങ്ങള്‍ പുഴുക്കള്‍ മുറിച്ചുകളയാറുണ്ട്. ഇത് ഒഴിവാക്കാന്‍ ഉപയോഗശൂന്യമായ ടോയ്‌ലറ്റ് പേപ്പര്‍ ട്യൂബില്‍ പോട്ടിങ്ങ് മിശ്രിതം അഥവാ നടാനുപയോഗിക്കുന്ന മണ്ണ് നിറച്ച് അതിനകത്ത് കാരറ്റ് വിത്ത് നടുക. ട്യൂബിന്റെ അടിയിലൂടെ വേരുകള്‍ പുറത്ത് വരുന്നതുവരെ ചെടികള്‍ പറിച്ചുമാറ്റി പ്രധാന കൃഷിസ്ഥലത്തേക്ക് നടാതിരിക്കുക. അങ്ങനെ കീടങ്ങള്‍ ബാധിക്കാതെ ചെടിയെ രക്ഷപ്പെടുത്താം.

ചിലയിനം ശലഭങ്ങളും ഷഡ്‍പദങ്ങളും ചെടികളുടെ തണ്ടുകളില്‍ മുട്ടയിടാറുണ്ട്. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ ചെടികളുടെ തണ്ട് ഭക്ഷണമാക്കുമ്പോള്‍ ചെടിയിലെത്തേണ്ട പോഷകങ്ങള്‍ ലഭ്യമാകാതെ വരികയും ചെടി നശിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനായി കാര്‍ഡ്‌ബോര്‍ഡ് ട്യൂബ് പകുതിയായി മുറിച്ച് തണ്ടുകള്‍ പൊതിഞ്ഞുവെക്കാം. ഇങ്ങനെ ചെയ്‍താല്‍ ശലഭങ്ങള്‍ക്കും കീടങ്ങള്‍ക്കും ചെടിയെ ആക്രമിക്കാനും മുട്ടയിട്ടു പെരുകാനും കഴിയില്ല.

പൂന്തോട്ടത്തിലെ ബെഡ്ഡില്‍ നേരിട്ട് ഈ പേപ്പര്‍ ട്യൂബുകള്‍ വെച്ച് അതിനുമുകളിലായി വിത്തുകള്‍ വിതയ്ക്കാം. പുതിയതായി ഉണ്ടാകുന്ന തൈകളെ ഒച്ചുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.