സൂര്യകാന്തിപ്പൂക്കളോട് സമാനമായി ഡിസ്‌ക് രൂപത്തില്‍ കാണപ്പെടുന്ന ഇതളുകളോട് കൂടി വ്യത്യസ്ത വലുപ്പത്തിലുള്ള ഡാലിയപ്പൂക്കള്‍ ആരെയും ആകര്‍ഷിക്കും. ജൂലായ് മാസമാകുമ്പോഴാണ് ഡാലിയയില്‍ പൂക്കളുണ്ടാകുന്നത്. അലങ്കാരത്തിനായും ചടങ്ങുകളിലും ഉപയോഗിക്കുന്ന പൂക്കളാണ് ഇത്. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ ആന്‍ഡേഴ്‌സ് ഡാല്‍ എന്ന പേരില്‍ നിന്നാണ് ഡാലിയ എന്ന പേര് വന്നത്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഈ ചെടി വ്യാപകമാക്കിയത് സ്‍പാനിഷ് ശാസ്ത്രജ്ഞരാണ്.

 

പിങ്ക്, പര്‍പ്പിള്‍, ഓറഞ്ച്, പര്‍പ്പിള്‍, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളില്‍ ഡാലിയപ്പൂക്കളുണ്ടാകുന്നു. കടുത്ത വേനലില്‍ പൂക്കളുണ്ടാകാന്‍ പ്രയാസമാണ്. തണ്ടുകള്‍ മുറിച്ച് നട്ട് വേര് പിടിപ്പിച്ചും വിത്തുകള്‍ മുളപ്പിച്ചും ഈ ചെടി വളര്‍ത്താം. മുഴകളോട് കൂടിയ വേരുകള്‍ നട്ടുവളര്‍ത്തിയും ഡാലിയ വളര്‍ത്താം. കത്തി ഉപയോഗിച്ച് ഈ കിഴങ്ങ് പോലുള്ള വളര്‍ച്ചയുള്ള വേരുകളോടു കൂടിയ ഭാഗം വേര്‍പെടുത്തിയാണ് നടുന്നത്. മുറിച്ചുമാറ്റിയ ഭാഗം ഉണങ്ങിയ ശേഷമാണ് നടുന്നത്.

കുറഞ്ഞത് ആറുമണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വളര്‍ത്തണം. മണ്ണിന്റെ പി.എച്ച് മൂല്യം 6.0 നും 6.5 നും ഇടയിലായിരിക്കണം. തണുത്ത കാലാവസ്ഥയില്‍ അസ്വസ്ഥമായിരിക്കുന്ന ചെടിയാണിത്. വലിയ പൂക്കളുണ്ടാകുന്ന ചെടികള്‍ തമ്മില്‍ മൂന്നോ നാലോ അടി അകലം നല്‍കി നടാം. ചെറിയ പൂക്കളുണ്ടാകുന്ന ചെടികള്‍ തമ്മില്‍ രണ്ട് അടി അകലം നല്‍കണം.

 

കിഴങ്ങുവര്‍ഗ വേരുകള്‍ നടുമ്പോള്‍ 10 ഇഞ്ച് ആഴത്തിലുള്ള കുഴികളെടുത്തായിരിക്കണം നടേണ്ടത്. വളരുന്ന ഭാഗം മുകളിലോട്ട് ആയിരിക്കണം. രണ്ടോ മൂന്നോ ഇഞ്ച് കനത്തില്‍ മണ്ണിട്ട് മൂടണം. നന്നായി വെള്ളം ആവശ്യമുള്ള ചെടിയാണിത്. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ നല്‍കണം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. തണുപ്പുകാലത്ത് അതിജീവിക്കാന്‍ പ്രയാസമുള്ള ചെടിയാണിത്. പൂക്കള്‍ നല്ല ശക്തിയുള്ളതും ആരോഗ്യമുള്ളതുമായി വളരണമെങ്കില്‍ കൃത്യമായി നനയ്ക്കണം. അല്‍പം ശക്തിയുള്ള കാറ്റ് അടിച്ചാല്‍ ചെടി വീണുപോകാന്‍ സാധ്യതയുള്ളതുകൊണ്ട് താങ്ങു കൊടുത്ത് വളര്‍ത്തണം. പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ വാടിയ പൂക്കള്‍ പറിച്ചുമാറ്റിയാല്‍ പൂക്കാലം മുഴുവന്‍ ചെടിയില്‍ പൂക്കള്‍ വിരിയും. പൗഡറി മില്‍ഡ്യു, ഗ്രേ മൗള്‍ഡ് എന്നീ അസുഖങ്ങളാണ് ഡാലിയയെ ബാധിക്കുന്നത്.