Asianet News MalayalamAsianet News Malayalam

മുഞ്ഞകള്‍ക്കെതിരെ അതിരാവിലെ കീടനാശിനി പ്രയോഗിക്കാം; വെള്ളം സ്‌പ്രേ ചെയ്ത് കീടങ്ങളെ തുരത്താം

വെള്ളം സ്‌പ്രേ ചെയ്താല്‍ മുഞ്ഞ പോലുള്ള പ്രാണികള്‍ക്ക് സ്വൈര്യവിഹാരം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കാം. വെള്ളം ചെടികളെ ഹാനികരമായി ബാധിക്കുന്നുമില്ല. 

early in the morning is the best time for spray against aphids
Author
Thiruvananthapuram, First Published Jan 8, 2021, 12:59 PM IST

ചെടികളെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരെ പല തരത്തിലുമുള്ള കീടനാശിനികള്‍ പ്രയോഗിക്കാറുണ്ട്. ലായനിരൂപത്തിലുള്ള കീടനാശിനികള്‍ ദിവസത്തില്‍ ഏതു സമയത്തും സ്‌പ്രേ ചെയ്യാന്‍ പറ്റിയതാണോ? ഇത്തരം കീടനാശിനികള്‍ യോജിച്ച സമയത്തല്ല പ്രയോഗിക്കുന്നതെങ്കില്‍ ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് തടസമുണ്ടായേക്കാം. കീടനാശിനികള്‍ സ്‌പ്രേ രൂപത്തില്‍ പ്രയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ എളുപ്പത്തില്‍ ഉപദ്രവകാരികളായ കീടങ്ങളെ നശിപ്പിക്കാന്‍ കഴിയും.

വളരെ പെട്ടെന്ന് പെറ്റുപെരുകുന്ന സ്വഭാവമുള്ള മുഞ്ഞ പോലുള്ള കീടങ്ങളെ കൃത്യസമയത്തുതന്നെ തുരത്തുകയെന്നതാണ് യഥാര്‍ഥ പോംവഴി. ഏകദേശം 4000 വ്യത്യസ്ത ഇനങ്ങള്‍ മുഞ്ഞകളിലുണ്ട്. ഇതില്‍ത്തന്നെ 250 ഇനങ്ങള്‍ നിങ്ങളുടെ തോട്ടത്തിലെ വിളകളെ ഹാനികരമായി ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇലകള്‍ ചുരുളാനും വാടിപ്പോകാനും മഞ്ഞനിറം ബാധിക്കാനുമെല്ലാം കാരണക്കാരാകുന്ന മുഞ്ഞ തോട്ടത്തിലേക്ക് ഉറുമ്പുകളെയും ആകര്‍ഷിച്ച് ക്ഷണിച്ചുവരുത്തും. ഇത്തരം പ്രാണികള്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നത് അതിരാവിലെയാണ്. അതുകൊണ്ടുതന്നെ മുഞ്ഞകള്‍ക്കെതിരെ സ്‌പ്രേ പ്രയോഗിക്കുന്നതും അതിരാവിലെയായാല്‍ കുറേക്കൂടി ഫലപ്രദമായിരിക്കും.

വെള്ളം സ്‌പ്രേ ചെയ്താല്‍ മുഞ്ഞ പോലുള്ള പ്രാണികള്‍ക്ക് സ്വൈര്യവിഹാരം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കാം. വെള്ളം ചെടികളെ ഹാനികരമായി ബാധിക്കുന്നുമില്ല. അതുപോലെ സ്‌പ്രേ ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പ് കലര്‍ത്തിയാല്‍ മുഞ്ഞ പോലുള്ള പ്രാണികളെ കൊല്ലാനും കഴിയും. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു സ്പൂണ്‍ എന്ന അളവില്‍ സോപ്പ് ലായനി ചേര്‍ത്താല്‍ മതി. ഇലകളുടെ അടിയില്‍ നന്നായി തളിക്കാന്‍ ശ്രദ്ധിക്കണം. ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനിക്ക് ഉപകാരികളായ ഷഡ്പദങ്ങളെയും പൂമ്പാറ്റകളെയും തേനീച്ചകളെയും നശിപ്പിക്കാതെ തന്നെ മുഞ്ഞകളെ കൊല്ലാന്‍ കഴിവുണ്ട്.

മുഞ്ഞകള്‍ വിസര്‍ജിക്കുന്ന മധുരമുള്ള പശ പോലുള്ള പദാര്‍ഥമായ ഹണിഡ്യൂ ഉറുമ്പുകള്‍ക്ക് ഏറെ ഇഷ്ടമാണ്. അതിനാല്‍ മുഞ്ഞകളുള്ള ചെടിയില്‍ ഉറുമ്പുകളും കയറി താമസമാക്കും. ഹണിഡ്യൂ എന്ന പദാര്‍ഥം ഇലകളില്‍ കറുത്ത ആവരണമായി മാറുകയും സൂര്യപ്രകാശം കടത്തിവിടാതിരിക്കുകയും പ്രകാശസംശ്‌ളേഷണത്തിന് തടസങ്ങളുണ്ടാക്കുകയും ചെയ്യും. അതിരാവിലെ ഇലകളില്‍ വെള്ളവും സോപ്പുലായനിയും സ്‌പ്രേ ചെയ്യുന്നതുകൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ട്. വളരെ പെട്ടെന്ന് തന്നെ ലായനി ഇലകളില്‍ ഉണങ്ങിപ്പിടിക്കാനും ചെടികളെ ദോഷകരമായി ബാധിക്കാതിരിക്കാനും ഇത് സഹായിക്കുന്നു. ഈ സമയത്ത് വായു നിശ്ചലമായിരിക്കുകയും തളിക്കുന്ന ദ്രാവകം മറ്റു സ്ഥലത്തേക്ക് പടരാതിരിക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios