എലഫെന്റ് ഇയര്‍ (Elephant ear) എന്നറിയപ്പെടുന്ന ഈ ചെടി കൊളോക്കേഷ്യ എന്നയിനത്തില്‍പ്പെട്ടതാണ്. ആനയുടെ ചെവികളോട് സാദ്യശ്യമുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. കിഴങ്ങില്‍ നിന്നും വേര് പിടിപ്പിച്ച ചെടിയില്‍ നിന്നും വളര്‍ത്തിയെടുക്കാവുന്ന ഇതിന്റെ ഇലകള്‍ക്ക് പര്‍പ്പിള്‍ കലര്‍ന്ന കറുപ്പ് നിറമോ പച്ചയോ പച്ചയും വെള്ളയും കലര്‍ന്ന നിറമോ ആയിരിക്കും. അലങ്കാരച്ചെടിയായാണ് ഇത് വളര്‍ത്തുന്നത്. വീട്ടിനുള്ളില്‍ വളര്‍ത്തിയാല്‍ അപൂര്‍വമായേ പൂക്കളുണ്ടാകാറുള്ളു. എന്നാല്‍ വീടിന് പുറത്ത് വളര്‍ത്തിയാല്‍ ചിലപ്പോള്‍ ചെറിയ മഞ്ഞയും പച്ചയും കലര്‍ന്ന പൂക്കളുണ്ടാകാം.

നാല് തരത്തിലുള്ള ചെടികള്‍ ഈ വിഭാഗത്തിലുണ്ട്. കൊളോക്കേഷ്യ, കലാഡിയം, അലോക്കേഷ്യ,സാന്തോസോമ എന്നിവയാണ് അവ. കൊളോക്കേഷ്യയില്‍ ഇലകള്‍ മൂന്ന് അടി നീളത്തിലും രണ്ട് അടി വീതിയിലും വളരും. ഹൃദയാകൃതിയിലുള്ള ഇലകള്‍ എട്ട് അടി ഉയരത്തില്‍ വരെ വളരും. സാധാരണ നഴ്‌സറികളില്‍ കണ്ടുവരുന്ന ആനച്ചെവിയന്‍ ചെടിയാണ് കലാഡിയം. ചെറിയ ഇലകളാണ് ഇവയ്ക്ക്. അലോക്കേഷ്യ എന്നയിനത്തിന് അമ്പിന്റെ ആകൃതിയിലുള്ള ഇലകളാണ്. സാന്തോസോമ എന്നയിനത്തിന് 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള താപനില ആവശ്യമാണ്. പൊതുവേ 18 ഡിഗ്രിക്കും 24 ഡിഗ്രിക്കും ഇടയിലുള്ള താപനിലയില്‍ വളരുന്ന ഇനങ്ങളാണ് എല്ലാം.

ആനച്ചെവിയന്‍ ചെടിക്ക് പൂന്തോട്ടത്തില്‍ നിരവധി ഉപയോഗങ്ങളുണ്ട്. പലനിറങ്ങളിലും വലുപ്പത്തിലും ചെടി കാണപ്പെടുന്നു. നടപ്പാതകളിലും കുളത്തിന് ചുറ്റും നടുമുറ്റത്തിന് ചുറ്റുമെല്ലാം വളര്‍ത്താറുണ്ട്. പലയിനങ്ങളും പാത്രങ്ങളില്‍ വളര്‍ത്താനായി ഉപയോഗിക്കാറുണ്ട്. ആനച്ചെവിയന്‍ പ്രധാനമായും ഉപയോഗിക്കുന്നത് പൂന്തോട്ടത്തില്‍ എതെങ്കിലും സ്ഥലം പ്രത്യേകം എടുത്തുകാണിക്കാനാണ്. ഫോക്കല്‍ പോയന്റ് ആയി മറ്റുള്ളവരുടെ കണ്ണില്‍ എളുപ്പത്തില്‍ പതിയാനായി ഈ ചെടികള്‍ വളര്‍ത്താം.

വളക്കൂറുള്ളതും ഈര്‍പ്പമുള്ളതുമായ മണ്ണാണ് ആവശ്യം. കിഴങ്ങ് അല്ലെങ്കില്‍ ഭൂകാണ്ഡം വീടിന് വെളിയില്‍ തണുപ്പും മഞ്ഞുമില്ലാത്ത കാലാവസ്ഥയില്‍ നട്ടുവളര്‍ത്താം. രണ്ടോ മൂന്നോ ഇഞ്ച് ആഴത്തില്‍ കിഴങ്ങുകള്‍ നടണം. ഒരിക്കല്‍ വേര് പിടിച്ച് കഴിഞ്ഞാല്‍ കാര്യമായ പരിചരണം ആവശ്യമില്ല. വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ വലിയ പാത്രങ്ങളാണ് നല്ലത്. നേരിട്ടല്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടി നടുന്ന പാത്രം വെക്കണം. നേരിട്ട് സൂര്യപ്രകാശം പതിച്ചാല്‍ സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുണ്ട്.

ഇന്‍ഡോര്‍ ആയി വളര്‍ത്താന്‍ പറ്റിയ നിരവധി ഇനങ്ങള്‍ ആനച്ചെവിയന്‍ ചെടിയിലുണ്ട്. ബ്ലാക്ക് മാജിക്, ബ്ലാക്ക് സ്റ്റെം, ചിക്കാഗോ ഹാര്‍ലെക്വിന്‍, ക്രാന്‍ബെറി ടാരോ, ഗ്രീന്‍ ജെയിന്റ്, ഇല്ലസ്ട്രിസ്, ലൈം സിന്‍ജര്‍, നാന്‍സി റിവെന്‍ജ് എന്നിവയാണ് അവ.