Asianet News MalayalamAsianet News Malayalam

തോട്ടം നിറയെ റോസാപ്പൂക്കള്‍ വിടരാന്‍ എപ്‌സം സാള്‍ട്ട്

മണ്ണ് പരിശോധന നടത്തിയ ശേഷം മാത്രമേ എപ്‌സം സാള്‍ട്ട് ഉപയോഗിക്കാന്‍ പാടുള്ളു. റോസാച്ചെടികള്‍ക്ക് എപ്‌സം സാള്‍ട്ട് ചേര്‍ത്താല്‍ നല്ല കടുംപച്ചനിറത്തിലുള്ള ഇലകളുണ്ടാകാനും നല്ല തിളക്കമുള്ള ധാരാളം പൂക്കളുണ്ടാകാനും സഹായിക്കും.

Epsom salt for your garden
Author
Thiruvananthapuram, First Published Sep 10, 2020, 9:27 AM IST

റോസാപ്പൂക്കള്‍ വളര്‍ത്തുന്നവര്‍ക്ക് ഉപകാരിയാണ് എപ്‌സം സാള്‍ട്ട്. പൂന്തോട്ടത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന എപ്‌സം സാള്‍ട്ട് ശരിയായ അനുപാതത്തില്‍ ഉപയോഗിച്ചാല്‍ മനോഹരമായ റോസാപ്പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്ന ഉദ്യാനം സ്വന്തമാക്കാം. മഗ്നീഷ്യത്തിന്റെ അഭാവമുള്ള ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്ന് നിറയെ പൂക്കളുണ്ടാകാന്‍ ഇത് സഹായിക്കുന്നു.

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സള്‍ഫേറ്റാണ് എപ്‌സം സാള്‍ട്ട്. വെള്ളത്തില്‍ ലയിപ്പിച്ച് നേര്‍പ്പിക്കുമ്പോള്‍ എല്ലാത്തരം ചെടികള്‍ക്കും പെട്ടെന്ന് വലിച്ചെടുക്കാന്‍ കഴിയും. പച്ചക്കറികളും പഴങ്ങളും നന്നായി വളരാനും പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും പൂക്കളുടെ ഉത്പാദനം വര്‍ധിക്കാനും ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാനും ഒച്ചുകളെയും കീടങ്ങളെയും അകറ്റാനും വിത്ത് പെട്ടെന്ന് മുളപ്പിക്കാനുമെല്ലാം സഹായിക്കുന്ന ഘടകമാണ് മഗ്നീഷ്യം സള്‍ഫേറ്റ്.

മണ്ണ് പരിശോധന നടത്തിയ ശേഷം മാത്രമേ എപ്‌സം സാള്‍ട്ട് ഉപയോഗിക്കാന്‍ പാടുള്ളു. റോസാച്ചെടികള്‍ക്ക് എപ്‌സം സാള്‍ട്ട് ചേര്‍ത്താല്‍ നല്ല കടുംപച്ചനിറത്തിലുള്ള ഇലകളുണ്ടാകാനും നല്ല തിളക്കമുള്ള ധാരാളം പൂക്കളുണ്ടാകാനും സഹായിക്കും.

മണ്ണില്‍ ചേര്‍ക്കുന്ന മഗ്നീഷ്യം ചെടികളിലെ ക്ലോറോഫിലിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും കരുത്തോടെ വളരാനും സഹായിക്കുന്നു. റോസാച്ചെടികള്‍ നട്ടുവളര്‍ത്തുന്നതിന് മുമ്പായി നാല് ലിറ്റര്‍ ഇളംചൂടുള്ള വെള്ളത്തില്‍ അര കപ്പ് എപ്‌സം സാള്‍ട്ട് കലര്‍ത്തിയ ശേഷം വേരുകള്‍ മുക്കിവെക്കണം.

റോസാച്ചെടി വേര് പിടിച്ച് വളര്‍ന്ന് വന്ന ശേഷം മേല്‍മണ്ണില്‍ ഏകദേശം ഒരു ടേബിള്‍ സ്പൂണ്‍ എപ്‌സം സാള്‍ട്ട് എന്ന കണക്കില്‍ ഒരു ചെടിയുടെ ചുവട്ടില്‍ ഇട്ടുകൊടുക്കാം. അതിനുശേഷം നന്നായി നനയ്ക്കണം.

അതുപോലെ ഒരു ടേബിള്‍ സ്പൂണ്‍ എപ്‌സം സാള്‍ട്ട് നാല് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇലകളിലും തളിക്കാം. ഇലകള്‍ വളരാന്‍ തുടങ്ങുന്ന അവസരത്തിലും പൂക്കള്‍ ഉണ്ടാകുന്ന സമയത്തുമാണ് ഇത്തരത്തില്‍ സ്‌പ്രേ ചെയ്‍തു കൊടുക്കേണ്ടത്. 

Follow Us:
Download App:
  • android
  • ios