2.3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യുട്യൂബ് ചാനല്‍ വഴി ആടു വളര്‍ത്തല്‍, നെല്‍ക്കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ദര്‍ശന്‍ സിങ്ങ് ബോധവത്കരണം നടത്തുന്നു.

വിനോദവും വിജ്ഞാനവും ഉള്‍പ്പെടുന്ന വിവിധ മേഖലകളില്‍ യുട്യൂബ് വഴി നല്‍കപ്പെടുന്ന വിവരങ്ങളെ ആശ്രയിക്കുന്നവരാണ് ഇന്ന് ഏറെയും. കാര്‍ഷിക മേഖലയിലും പരമ്പരാഗത രീതികള്‍ മാത്രം മുറുകെപ്പിടിച്ച് കൃഷി ചെയ്യുന്നവരുടെ കാലം മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുകയാണ്. പലരും ഇന്ന് വീഡിയോകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൃഷിരീതികള്‍ കണ്ടുമനസിലാക്കി പ്രാവര്‍ത്തികമാക്കുന്നുണ്ട്. പഞ്ചാബ് സ്വദേശിയായ ദര്‍ശന്‍ സിങ്ങ് കര്‍ഷകരെ തന്റെ യുട്യൂബ് ചാനല്‍ വഴി കൃഷിപാഠങ്ങള്‍ പഠിപ്പിച്ച് മണ്ണില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്.

കര്‍ഷക കുടുംബത്തില്‍ ജനിച്ച ദര്‍ശന്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം കൃഷി തന്റെ ജോലിയായി തെരഞ്ഞെടുക്കുകയായിരുന്നു. 12 ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ടായിരുന്നു. പിന്നീട് പരമ്പരാഗത രീതിയില്‍ നിന്നും മാറി രാസകീടനാശിനികള്‍ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവരീതി സ്വീകരിച്ചു.

2.3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യുട്യൂബ് ചാനല്‍ വഴി ആടു വളര്‍ത്തല്‍, നെല്‍ക്കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ദര്‍ശന്‍ സിങ്ങ് ബോധവത്കരണം നടത്തുന്നു. അതുപോലെ കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചുമെല്ലാം സിങ്ങ് വിശദമായി പറഞ്ഞുകൊടുക്കുന്നു.

'2017 -ല്‍ ഡയറി ഫാമിങ്ങ് തുടങ്ങിയപ്പോള്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനാല്‍ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നു. ഇന്റര്‍നെറ്റില്‍ പരിഹാരമാര്‍ഗങ്ങള്‍ പരതിയപ്പോഴും തൃപ്തികരമായ വിവരങ്ങള്‍ ലഭിച്ചില്ല' ദര്‍ശന്‍ പറയുന്നു.

അപ്പോഴാണ് സ്വയം ഒരു ക്യാമറയുമായി കര്‍ഷകരുടെയിടയിലേക്കിറങ്ങിച്ചെല്ലാന്‍ ദര്‍ശന്‍ തീരുമാനിക്കുന്നത്. ' തുടക്കത്തില്‍ മൊബെല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്ത് ഇടയ്ക്കിടെ പബ്ലിഷ് ചെയ്യുകയായിരുന്നു. പശുവളര്‍ത്തലിനെക്കുറിച്ചും നെല്‍ക്കൃഷിയെക്കുറിച്ചുമായിരുന്നു തുടക്കത്തില്‍ വീഡിയോ നിര്‍മിച്ചത്. ആറു മാസങ്ങള്‍ക്ക് ശേഷം വീഡിയോകള്‍ക്ക് ലഭിച്ച ലൈക്കുകളും കാഴ്ചക്കാരുടെ എണ്ണവും കണ്ടപ്പോള്‍ എന്റെ ചാനല്‍ നിരവധി കര്‍ഷക സുഹൃത്തുക്കളെ സഹായിക്കുന്നുണ്ടെന്ന് മനസിലായി.'

ആറു മാസത്തെ പ്രതികരണത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട ദര്‍ശന്‍ വീഡിയോ നിര്‍മിക്കാനായി ക്യാമറയും മൈക്കുകളും ലാപ്‌ടോപ്പും മറ്റ് ആവശ്യമായ ഉപകരണങ്ങളുമെല്ലാം വാങ്ങി. 'പഞ്ചാബിലെയും ഹരിയാനയിലെയും ഏത് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാലും കര്‍ഷകര്‍ ഇപ്പോള്‍ എന്നെ തിരിച്ചറിയുന്നു. യുട്യൂബ് വഴി കൃഷി സംബന്ധമായ കാര്യങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത് അവര്‍ക്ക് സഹായകമാകുന്നുവെന്ന് മനസിലാക്കാന്‍ കഴിയുന്നു.'