Asianet News MalayalamAsianet News Malayalam

വെള്ളപ്പൊക്കത്തിന് മുടക്കമില്ലാത്ത രാജ്യം കൃഷിയിലൂടെ വരുമാനം നേടുന്നതെങ്ങനെ? മാതൃകയാക്കാൻ ഒരു ബം​ഗ്ലാദേശ് മോഡൽ

നമ്മുടെ നഗരങ്ങളിൽ കാണുന്ന ടെറസ് കൃഷിപോലെ പോലെ സാധാരണമായ ഒന്നാണ് ബംഗ്ലാദേശ് ഗ്രാമങ്ങളിൽ ഫ്ലോട്ടിംങ് ഫാമുകൾ. ഗ്രാമങ്ങളിൽ കുട്ടികൾ വളരുന്നത് തന്നെ അവരുടെ മുൻ തലമുറകളിൽപ്പെട്ടവർ ജൈവ ചങ്ങാടങ്ങൾ നിർമ്മിക്കുന്നത് കണ്ടാണ്. അത് അവർക്ക് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. 

floating farms in bangladesh
Author
Thiruvananthapuram, First Published May 19, 2022, 10:19 AM IST

അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം. അതിവർഷം, കൃഷിനാശം ഇതൊക്കെ കേരളത്തിലെ മാത്രം അവസ്ഥയാണെന്ന് കരുതുന്നുണ്ടോ? എങ്കിൽ അങ്ങനെയല്ല, കേരളത്തിലെ കർഷകർ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും അതിന്‍റെ നൂറിരട്ടിയിൽ അനുഭവിക്കുന്ന കർഷകരുണ്ട് ബംഗ്ലാദേശിൽ. എന്നിട്ടും ആ രാജ്യത്തിന്‍റെ ജിഡിപിയിൽ പ്രധാന പങ്ക് കൃഷിയിൽ നിന്നുള്ള വരുമാനമാണ്.

floating farms in bangladesh

 

എങ്ങനെയാണ് ഇത് സംഭവിക്കുന്നത്?

ബംഗ്ലാദേശിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് ഗോപാൽഗഞ്ച് ജില്ല. എവിടെയും വെള്ളക്കെട്ടാണ്. ജലപക്ഷികൾ വെള്ളത്തിന്റെ ഉപരിതലത്തിൽ താഴ്ന്നു പറക്കുന്നു. 

പലയിടത്തും വെള്ളക്കെട്ടിൽ കർഷകർ മുട്ടോളം വെള്ളത്തിൽ നിൽക്കുകയാണ്. അവർ തങ്ങളുടെ കൃഷി പരിപാലിക്കുന്നു. കർഷകരായ അവരൊക്കെ പരമ്പരാഗത നെൽകൃഷി എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. തെക്കൻ സമതലങ്ങളിൽ പൂർവ്വികർ ഉപയോഗിച്ചിരുന്ന, ഹൈഡ്രോപോണിക്സിന്റെ പരമ്പരാഗത രൂപമായ ഫ്ലോട്ടിംഗ് വെജിറ്റബിൾ ഗാർഡൻസ് എന്ന് വിളിക്കപ്പെടുന്ന ഒരു പരിസ്ഥിതി സൗഹൃദ രീതിയിലേക്ക് അവ‍ർ എന്നേ തിരിഞ്ഞു കഴിഞ്ഞു.

ഗംഗാ-ബ്രഹ്മപുത്ര നദീതടങ്ങളിൽ എക്കൽ അടിഞ്ഞു കൂടി രൂപംകൊണ്ടതാണ് ബംഗ്ലാദേശ് എന്ന ഭൂപ്രദേശം. വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനുമൊക്കെ എപ്പോൾ വേണമെങ്കിലും സാധ്യതയുള്ള പ്രദേശം. കഠിനമായ മൺസൂണും, ഹിമാലയത്തിലെ മഞ്ഞുരുകലും, ശക്തമായ ചുഴലിക്കാറ്റുമൊക്കെ ബംഗ്ലാദേശിൽ കർഷകരുടെ പ്രശ്നം കൂടുതൽ വഷളാക്കുന്നു. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും തണ്ണീർത്തടമാണ്. രാജ്യത്തെ ഭൂരിപക്ഷം ഭൂപ്രദേശങ്ങളും വർഷത്തിൽ എട്ട് മാസത്തോളം വെള്ളത്തിനടിയിലാണ്. മലകളിൽ നിന്നും ഒഴിച്ചു വരുന്ന എക്കൽ നിറഞ്ഞ് ഏത് സമയത്തും നദികളുടെ ഗതിമാറും. അത് അത് കൃഷിയിടങ്ങളെ പാടെ ഇല്ലാതെയാക്കും. അതേസമയം കടൽവെള്ളം കടന്നുകയറുന്നത് തീരപ്രദേശത്തെ മണ്ണിനെയും കൃഷിയോഗ്യമല്ലാതെയാക്കുന്നു.

floating farms in bangladesh

എന്നിട്ടും ബംഗ്ലാദേശിന്റെ ജിഡിപിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് കൃഷി തന്നെയാണ്. അതിലും അത്ഭുതം 160 ദശലക്ഷം വരുന്ന ബംഗ്ലാദേശ് ജനസംഖ്യയുടെ 48% ഭൂരഹിതരാണ് എന്നുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം തങ്ങളുടെ സ്വന്തം സ്ഥലങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ എണ്ണം 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ ഏഴിലൊന്നായി ഉയരുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.സ്വന്തമായി ഭൂമിയുള്ളവരിൽ ചിലർ തന്നെ കൃഷി ഉപേക്ഷിച്ച് ജീവിക്കാനായി മറ്റ് മാർഗങ്ങൾ തേടുന്നു. എന്നിട്ടും ജിഡിപിയുടെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് കൃഷി തന്നെയാണെന്നതാണ് അത്ഭുതപ്പെടുത്തുന്നത്.

അതെങ്ങനെയാണ് സംഭവിക്കുന്നത്?

നൂറ്റാണ്ടുകളായി ബംഗ്ലാദേശി കർഷകർ പിന്തുടർന്ന് പോന്നിരുന്ന ഒരു കൃഷി രീതിയുണ്ടായിരുന്നു. ധാപ് അഥവാ ബൈര എന്നറിയപ്പെടുന്ന പരമ്പരാഗത കൃഷിരീതി. വെള്ളക്കെട്ടിൽ പൊങ്ങിക്കിടക്കുന്ന പച്ചക്കറിത്തോട്ടങ്ങളാണ് ധാപ് അഥവാ ബൈര. വെള്ളപ്പൊക്കത്തിനൊപ്പം ഉയരുകയും താഴുകയും ചെയ്യുന്നവയാണ് ഇവ. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യത കുറയ്ക്കാൻ കർഷകർ ഇപ്പോൾ ഈ പഴയ രീതി തിരികെ കൊണ്ടുവരികയാണ്.

ഗോപാൽഗഞ്ച്, ബാരിസൽ, പിരോജ്പൂർ ജില്ലകളിലാണ് ഫ്ലോട്ടിംഗ് ഫാമുകൾ സാധാരണമായുള്ളത്. മഴക്കാലത്ത് കർഷകർ കച്ചിയും കളകളും ശേഖരിക്കും. വെള്ളത്തിലിട്ട് ഇവയെ രൂപപ്പെടുത്തിയെടുത്ത് ജൈവ ചങ്ങാടങ്ങളുണ്ടാക്കും. ഈ ജൈവ ചങ്ങാടങ്ങളിൽ അവർ തൈകൾ നട്ടുപിടിപ്പിക്കും. മണ്ണില്ലാതെയാണ് ഈ കൃഷി രീതിയെന്ന് പ്രത്യേകം ഓർമ്മിക്കണം. പിന്നീട് വെള്ളക്കെട്ടുകളിൽ ഈ ജൈവ ചങ്ങാടങ്ങൾ നിക്ഷേപിക്കും.

കാശ്മീരിലെ ദാൽ തടാകം, മ്യാൻമറിലെ ഇൻലെ തടാകം എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള കരയിതര, മണ്ണ് രഹിത കൃഷി നിലവിലുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ 2015 -ൽ ബംഗ്ലാദേശിലെ ഈ ഫ്ലോട്ടിംഗ് ഫാമുകളെ ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക സംവിധാനമായി പ്രഖ്യാപിച്ചു.

floating farms in bangladesh

നമ്മുടെ നഗരങ്ങളിൽ കാണുന്ന ടെറസ് കൃഷിപോലെ പോലെ സാധാരണമായ ഒന്നാണ് ബംഗ്ലാദേശ് ഗ്രാമങ്ങളിൽ ഫ്ലോട്ടിംങ് ഫാമുകൾ. ഗ്രാമങ്ങളിൽ കുട്ടികൾ വളരുന്നത് തന്നെ അവരുടെ മുൻ തലമുറകളിൽപ്പെട്ടവർ ജൈവ ചങ്ങാടങ്ങൾ നിർമ്മിക്കുന്നത് കണ്ടാണ്. അത് അവർക്ക് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. നെൽച്ചെടികൾ, ജലസസ്യങ്ങൾ, കച്ചി എന്നിവയെല്ലാം പല അടരുളാക്കിയാണ് ജൈവ ചങ്ങാടങ്ങൾ നിർമ്മിക്കുന്നത്. പിന്നീട് കളകൾ ചീഞ്ഞഴുകാൻ അനുവദിക്കുന്നു. പിന്നാലെ ചാണകവും ചെളിയും കലർത്തി വിളവിത്തുകൾ പാകും. പിന്നീട് അവ ഒഴുകിപ്പോകാതിരിക്കാൻ മുളത്തണ്ടുകൾ കൊണ്ട് നങ്കൂരമിട്ട് നിർത്തും.

അഞ്ച് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കുന്നതാണ് ഈ ജൈവ ചങ്ങാട നിർമ്മാണം. വെണ്ട, പാവയ്ക്ക, ചീര, വഴുതന തുടങ്ങിയ മഞ്ഞൾ, ഇഞ്ചി തുടങ്ങിയെല്ലാം ഈ ജൈവ ചങ്ങാടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. മഴക്കാലത്ത് ചെറുദ്വീപുകൾക്കിടയിലൂടെ സഞ്ചരിക്കാനും കർഷകർ ഈ ചങ്ങാടങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഏകദേശം 6 മീറ്റർ മുതൽ 55 മീറ്റർ വരെ നീളമുണ്ടാകും ഓരോ ജൈവ ചങ്ങാടത്തിനും. ചിലപ്പോൾ വാഹനങ്ങളുടെ ടയറുകളിലെ ട്യൂബുകളും ഉപയോ​ഗിക്കും. ജൈവ ചങ്ങാടങ്ങളിലെ കൃഷിക്ക് രാസവളങ്ങൾ ഉപയോഗിക്കുകയേയില്ല, കാരണം വിളകൾക്ക് ചങ്ങാടങ്ങളിലെ ജൈവവസ്തുക്കളിൽ നിന്നും താഴെയുള്ള വെള്ളത്തിൽ നിന്നും നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവ ആഗിരണം ചെയ്യാനാകും.ഒരു ജൈവ ചങ്ങാടച്ചിന്‍റെ ശരാശരി നിർമ്മാണ ചെലവ് ഏകദേശം 94 ഡോളറാണ്. വർഷം മുഴുവനും, അതായത് മഴക്കാലത്ത് പോലും ഉത്പാദനം നടക്കുകയും ചെയ്യുന്നു. മഴക്കാലത്ത് മാത്രം 100 ചതുരശ്ര മീറ്ററിൽ കർഷകർക്ക് ശരാശരി 140 ഡോളർ ലാഭമാണ് ലഭിക്കുന്നത്. ജൈവ ചങ്ങാടങ്ങൾ കരയിലെ കൃഷിയേക്കാൾ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവയാണെന്ന് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മണ്ണില്ലാത്തതിനാൽ സസ്യരോഗങ്ങളും കളകളും പോലും വിരളമാണെന്നും കർഷകർ പറയുന്നു.

വെള്ളക്കെട്ട് ഇല്ലാതാകുന്നതോടെ  ജൈവ ചങ്ങാടങ്ങൾ തകർത്ത് അവ മണ്ണുമായി കലർത്തി ശൈത്യകാല വിളകൾ വളർത്താൻ ഉപയോഗിക്കുന്നു. ഈ ബംഗ്ലാദേശി ജൈവ ചങ്ങാടങ്ങൾക്ക് നീണ്ട വർഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും, സമീപ വർഷങ്ങളിൽ ഈ രീതിക്ക് കൂടുതൽ പ്രചാരം കിട്ടി. സർക്കാർ ഏജൻസികളും, സർക്കാരിതര സംഘടനകളും നിരവധി ജൈവ ചങ്ങാട ഫാമുകൾ ആരംഭിച്ചിട്ടുണ്ട്. 

2005 -ൽ, ഹ്യൂമാനിറ്റേറിയൻ ഏജൻസിയായ കെയർ ഇന്റർനാഷണലും IUCN -ഉം അവരുടെ പൈലറ്റ് പ്രോജക്റ്റുകളിലൊന്നായി ജൈവ ചങ്ങാട ഫാമുകളെ അവതരിപ്പിച്ചതോടെയാണ് ഇവയ്ക്ക് കൂടുതൽ ജനശ്രദ്ധ കിട്ടിയത്.

floating farms in bangladesh

കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുയോജ്യമായ ജൈവ ചങ്ങാട ഫാമുകൾ പ്രോത്സാഹിപ്പിക്കുന്നതിന് 2013 -ൽ ബംഗ്ലാദേശ് സർക്കാർ 1.6 മില്യണ ഡോളറിന്‍റെ പദ്ധതിക്ക് അംഗീകാരം നൽകി. എട്ട് ജില്ലകളിലായി 12,000 കുടുംബങ്ങളെ ഉൾക്കൊള്ളുന്ന പദ്ധതിയായിരുന്നു ഇത്. രാജ്യത്തുടനീളമുള്ള 50 സ്ഥലങ്ങളിൽ പദ്ധതി നടപ്പിലാക്കി. ജൈവ പച്ചക്കറികൾക്ക് വിപണിയിൽ ആവശ്യക്കാർ കൂടുതലായതും കർഷകർക്ക് ഗുണകരമാണ്.തെക്കൻ ബംഗ്ലാദേശിലെ തണ്ണീർത്തടങ്ങളിലെ 60- മുതൽ 90% വരെ ആളുകൾക്ക് ഏറ്റവും മികച്ച ഭക്ഷ്യോൽപ്പാദന മാർഗ്ഗമാണ് ഇപ്പോഴിത്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ജൈവ ചങ്ങാട കൃഷിരീതിയുടെ  സാധ്യതയെക്കുറിച്ചും, ഇവ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനത്തെ എത്രത്തോളം പ്രതിരോധിക്കും എന്നതിനെക്കുറിച്ചും അധികം പഠനങ്ങൾ ബംഗ്ലാദേശിൽ നടക്കുന്നില്ല. വടക്കൻ ബംഗ്ലാദേശിൽ ഈ കൃഷിരീതി വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ലെന്നതും കാണേണ്ട വസ്തുതയാണ്.

ബംഗ്ലാദേശ് പോലെ ഒരു രാജ്യത്തിന്, ഓരോ വർഷവും വെള്ളക്കെട്ട് വർദ്ധിക്കുന്ന ഒരു രാജ്യത്ത്, ഏത് സമയത്തും പ്രളയമുണ്ടാകാവുന്ന രാജ്യത്ത്, കൃഷിഭൂമിയുടെ അളവ് കുറവായ ഒരു രാജ്യത്ത് ജൈവ ചങ്ങാട കൃഷിരീതിയാണ് ഭാവി. അത്തരത്തിലാണ് ബംഗ്ലാദേശ് കൃഷിയിലൂടെ ജിഡിപി പിടിച്ചു നിർത്തുന്നത്.

Follow Us:
Download App:
  • android
  • ios