വലിയ ജലാശയങ്ങളില്‍ ഒരേസമയം മത്സ്യകൃഷിക്കും വിനോദസഞ്ചാരത്തിനും ഏറെ ഫലപ്രദമാണ് തന്‍റെ ഒഴുകുന്ന വീടുകളെന്ന് എഞ്ചിനീയര്‍ ശ്രകാന്ത് പറയുന്നു.
കാലാവസ്ഥാ വ്യതിയാനം എന്ന വലിയ ദുരന്തമുഖത്താണ് മനുഷ്യനെത്തി നില്‍ക്കുന്നത്. ഓരോ കാലവും കടന്നു പോകുമ്പോഴും കൂടുതല്‍ കൂടുതല്‍ ദുരിതങ്ങളാണ് ഭൂമിയില്‍ രേഖപ്പെടുന്നതും. അതിനാല്‍ തന്നെ അതിജീവനത്തിലുള്ള ശ്രമങ്ങളും മനുഷ്യരുടെ ഇടയില്‍ നടക്കുന്നു. അത്തരത്തിലൊരു ശ്രമത്തെ കുറിച്ചാണ്. ജാമുയിയിൽ നിന്നുള്ള ഒരു എഞ്ചിനീയർ ലളിതമായി നിര്‍മ്മിച്ച ഒരു വീടാണ് ഇപ്പോൾ ശ്രദ്ധനേടിയത്. ഈ വീടിന്‍റെ ഏറ്റവും വലിയ പ്രത്യേകത അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും എന്നതാണ്. വീട് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതാകട്ടെ പ്ലാസ്റ്റിക് ഡ്രമ്മുകളും ഇരുമ്പ് പൈപ്പുകളും മാത്രം.
ജാമുയി സ്വദേശിയായ ശ്രീകാന്ത് വിശ്വകർമ്മയാണ് ഈ പുത്തന്‍ സൃഷ്ടിയുടെ പിന്നിൽ പ്രവര്‍ത്തിച്ചത്. നിലവില്‍ ഈ വെള്ളത്തിലെ വീട് ജാമുയി ജില്ലയിലെ ബർഹട്ട് ബ്ലോക്കിലെ പ്രശസ്തമായ കുക്കുർഝപ് അണക്കെട്ടിൽ ഒഴുകി നടക്കുന്നു. ചതുരാകൃതിയിലുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാണ് വീടിന്‍റെ ചട്ടക്കൂട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്‍റെ അടിത്തറയ്ക്കായി പ്ലാസ്റ്റിക് ഡ്രമ്മുകൾ സ്ഥാപിച്ചു. ഇത് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ വീടിനെ സഹായിക്കുന്നു. വീടിന്‍റെ ചുമരുകൾ ടിൻ ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരമൊരു വീട് നിര്‍മ്മിക്കാന്‍ കൂടിപ്പോയാല്‍ മൂന്ന് ദിവസം മതിയെന്നാണ് ശ്രീകാന്ത് അവകാശപ്പെടുന്നത്.
എന്നാല്‍, തന്‍റെ പരീക്ഷണ വീട് താമസിക്കാനായിട്ടല്ല ശ്രീകാന്ത് നിര്‍മ്മിച്ചിരിക്കുന്നത്. പകരം മത്സ്യകൃഷിക്കാണ്. അതോടൊപ്പം ചെറിയ തോത്തിലുള്ള വിനോദ സഞ്ചാരവും സാധ്യമാകുമെന്നും അദ്ദേഹം വാദിക്കുന്നു. ഡാമുകൾ, കായലുകൾ പോലെയുള്ള വലിയ ജലാശയങ്ങളില്‍ ഒരേ സമയം മത്സ്യകൃഷിയും സന്ദർശകര്‍ക്ക് വെള്ളത്തില്‍ ഒഴുകി നടന്ന് ഭക്ഷണം കഴിക്കാനുള്ള സാധ്യതയും തന്‍റെ വീട് മുന്നോട്ട് വയ്ക്കുന്നതായും ശ്രീകാന്ത് അവകാശപ്പെട്ടതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
വലിയ തോതിൽ മത്സ്യകൃഷി നടക്കുന്ന ഇടമാണ് കുക്കുർഝപ് അണക്കെട്ട്. എന്നാല്‍, പ്രത്യേകിച്ച് മഴക്കാലത്ത് ചെറിയ ബോട്ടുകളോ വള്ളങ്ങളോ ഉപയോഗിച്ച് അണക്കെട്ടിലൂടെ മത്സ്യവും മറ്റ് സാധനങ്ങളും അക്കരയ്ക്ക് എത്തിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ശ്രീകാന്തിന്‍റെ പുതിയ കണ്ടുപിടിത്തം. ഒപ്പം അണക്കെട്ടിലൂടെ ഒഴുകി നടന്ന് സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാനും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നും ശ്രീകാന്ത് അവകാശപ്പെടുന്നു.
200 കോടി ഹെക്ടര്‍ ഭൂമി മരുഭൂവൽക്കരിക്കപ്പെടുമ്പോഴും തീരുമാനങ്ങളില്ലാതെ പോകുന്ന ഉച്ചകോടികള്‍
