Asianet News MalayalamAsianet News Malayalam

ഭൂമിയില്ലെങ്കിൽ വിഷമിക്കണ്ട, പഴങ്ങളും പച്ചക്കറികളും ടെറസിൽ വിളയിക്കാം, 20 വർഷമായി ഇത് പിന്തുടരുകയാണ് പ്രീതി

പേരക്കയും സപ്പോട്ടയുമായി നാല് ചെടികളുമായിട്ടാണ് തുടങ്ങിയത്. എന്നാല്‍, അധികം വൈകാതെ തന്നെ 116 വ്യത്യസ്തമായ ചെടികളാണ് അവിടം കീഴടക്കിയത്. 

for 20 years this Mumbai woman grows vegetables and fruits on the terrace
Author
Mumbai, First Published Feb 13, 2021, 4:35 PM IST

ടെറസിന്‍റെ മുകളിൽ ആവശ്യത്തിന് പച്ചക്കറി വിളയുമെന്ന് കാണിച്ചുതന്ന ഒരു സിനിമ കൂടിയാണല്ലോ 'ഹൗ ഓൾഡ് ആർ യൂ'. ഇപ്പോൾ പലരും ടെറസിന് മുകളിലും ബാൽക്കണിയിലുമെല്ലാം അത്യാവശ്യം പച്ചക്കറികളും ചെടികളുമെല്ലാം നടുന്നുണ്ട്. എന്നാൽ, ഭൂമിയില്ലാത്തതിന്റെ പേരിൽ ഇഷ്ടമുണ്ടായിട്ടും ചെടികളോ പച്ചക്കറികളോ പഴങ്ങളോ ഒന്നും നട്ടുവളർത്താത്തവരും ഉണ്ട്. അങ്ങനെയുള്ളവരോട് മുംബൈയിലുള്ള പ്രീതിക്ക് പറയാനുള്ളത്, മടിച്ചു നിൽക്കരുത് വീട്ടിലെ മാലിന്യങ്ങളെല്ലാം വളമായി നൽകിത്തന്നെ ആവശ്യത്തിനുള്ള വിഷരഹിത പച്ചക്കറികളും പഴങ്ങളും ഇലവർ​ഗങ്ങളുമെല്ലാം വീട്ടിൽ തന്നെ നട്ടുവളർത്താം എന്നാണ്. പ്രീതി ഈ രീതി തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല 20 വർഷങ്ങൾക്ക് മുമ്പാണ്.

20 വര്‍ഷം മുമ്പാണ് പ്രീതി പാട്ടീല്‍ എന്ന മുംബൈക്കാരി പച്ചക്കറി, പഴം നട്ടുവളര്‍ത്തലിന്റെ ഒരു പുതിയ രീതിക്ക് തന്നെ തുടക്കം കുറിച്ചത്. മുംബൈ പോര്‍ട്ട് ട്രസ്റ്റിലെ ചീഫ് കാറ്ററിംഗ് മാനേജറായിരുന്നു പ്രീതി. സാധാരണയായി ബാല്‍ക്കണിയില്‍ നാം നടാറുണ്ടായിരുന്നത് റോസ്, മുല്ല, പുതിന, മല്ലി, കള്ളിച്ചെടി എന്നിവയൊക്കെയാണല്ലോ. എന്നാല്‍, വീടിന്‍റെ മേല്‍ഭാഗങ്ങള്‍ പച്ചക്കറിയും പഴങ്ങളും നടാന്‍ ക്രമീകരിക്കാമെന്ന ആശയം പ്രീതി 20 കൊല്ലങ്ങൾക്ക് മുമ്പേ മുന്നോട്ടു വച്ചു. 

എങ്ങനെയാണ് ഇതിന്‍റെ തുടക്കമെന്ന് ചോദിച്ചാല്‍ പ്രീതി പറയുന്നത്, 2001 -ല്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എംബിപിടി (മുംബൈ പോര്‍ട്ട് ട്രസ്റ്റ്) കഫെറ്റീരിയയില്‍ ഓരോ ദിവസവും ഇഷ്ടം പോലെ ഭക്ഷണമുണ്ടാക്കും. എന്നാല്‍, ഒരുപാട് പഴം, പച്ചക്കറി മാലിന്യങ്ങളും, കഴിക്കുന്നവയില്‍ ബാക്കിവരുന്ന ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം കൊണ്ടുപോയി കളയും. ഇങ്ങനെ വെറുതെ കളയുന്നത് പ്രീതിയെ വിഷമിപ്പിച്ചു. ഇതെങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് ഇതേത്തുടർന്ന് പ്രീതി ചിന്തിച്ചു. പ്രീതിയുടെ ഭാഗ്യത്തിന് ഈ സമയത്താണ് ഇന്‍റര്‍നെറ്റ് ഉപയോഗം ഓരോ മനുഷ്യരുടെ ഇടയിലും കൂടുന്നത്. മാത്രവുമല്ല ആളുകള്‍ പലയിടങ്ങളിലും യാത്ര ചെയ്യുകയും ഓരോയിടങ്ങളിലെയും രീതികളെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയുമെല്ലാം ചെയ്യുന്നുമുണ്ടായിരുന്നു. അങ്ങനെയാണ് പ്രീതി മാലിന്യങ്ങളുപയോഗിച്ചുകൊണ്ട് ജൈവകൃഷി നടത്തുന്നതിനെ കുറിച്ച് അറിയുന്നത്. 

ആ സമയത്ത് തന്നെയാണ് പ്രീതി വിരമിച്ച എക്കണോമിസ്റ്റായ ഡോ. ആര്‍.ടി ദോഷിയെ കാണുന്നത്. അദ്ദേഹവും ജൈവകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അനുഭവസമ്പത്തില്‍ നിന്നും മുംബൈ, പൂനെ എന്നിവിടങ്ങളിലുള്ളവര്‍ക്കായി അടുക്കള മാലിന്യങ്ങളുപയോഗിച്ച് ബാല്‍ക്കണി കൃഷി എങ്ങനെ നടത്താമെന്നതിനെ കുറിച്ച് അദ്ദേഹം വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ടായിരുന്നു. പ്രീതി ആ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. എംബിപിടി കാന്‍റീനിന്‍റെ മുകളില്‍ 3000 സ്ക്വയര്‍ ഫീറ്റ് ഉപയോഗിക്കാതെ കിടക്കുന്നുണ്ടായിരുന്നു. വളരെയധികം സുരക്ഷാപ്രദേശമായിരുന്നു അത്. പോരാത്തതിന് എപ്പോഴും വലിയ വലിയ കടത്തുകളും മറ്റുമായി ബഹളമുള്ള സ്ഥലവും. എന്നാല്‍, പ്രത്യേകം അനുമതിയോടെ പ്രീതിയും കഫെറ്റീരിയയിലുള്ളവരും ചേര്‍ന്ന് അഞ്ച് വര്‍ഷം കൊണ്ട് അവിടെ പച്ചപ്പുണ്ടാക്കിയെടുത്തു. 

പേരക്കയും സപ്പോട്ടയുമായി നാല് ചെടികളുമായിട്ടാണ് തുടങ്ങിയത്. എന്നാല്‍, അധികം വൈകാതെ തന്നെ 116 വ്യത്യസ്തമായ ചെടികളാണ് അവിടം കീഴടക്കിയത്. അതില്‍ തേങ്ങ, പൈനാപ്പിള്‍, പപ്പായ, മാങ്ങ, നെല്ലിക്ക, തക്കാളി, ബ്രോക്കോളി തുടങ്ങി വ്യത്യസ്തമായ പല ഇനങ്ങളും ഉള്‍പ്പെടുന്നു. അതുപോലെ തന്നെ പലവിധത്തിലുള്ള ഇലവര്‍ഗങ്ങളും പെടുന്നു. അടുക്കളയില്‍ നിന്നുള്ള മാലിന്യങ്ങളാണ് വളമായി ഉപയോഗിച്ചത്. 

പ്രൊഫ. ദാബോൽക്കറുടെ സഹായത്തോടെയും തോട്ടത്തിലെ സ്വന്തം പരീക്ഷണത്തിലൂടെയും പ്രീതിയുടെ എംബിപിടി തോട്ടം പച്ചപിടിച്ചു. തനിക്കു തൈകള്‍ നടാന്‍ ഭൂമി ഇല്ലാതിരുന്നപ്പോൾ, തൈകൾ നട്ടുപിടിപ്പിക്കുന്നതിന് മുമ്പ് മണ്ണും അമൃത് മിട്ടിയും നിറയ്ക്കാൻ പ്ലാസ്റ്റിക് ഡ്രമ്മുകളും, ഇഷ്ടിക വളയങ്ങളും മറ്റും ഉപയോഗിച്ചുവെന്നും പ്രീതി പറയുന്നു. ചെടികൾക്ക് ബാഹ്യമായ പിന്തുണ ഉണ്ടെങ്കില്‍ കെട്ടിടത്തിന് പൊട്ടലുകളുണ്ടാവുമെന്ന് ഭയക്കേണ്ടതില്ലെന്നും പ്രീതി പറയുന്നു. അതുപോലെ കാറ്റിനെയും മറ്റും ചെറുക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഗ്രീന്‍ഹൗസും നിര്‍മ്മിച്ചിരിക്കുന്നു. 

കമ്മ്യൂണിറ്റി ഫാമിംഗും പ്രീതി പ്രോത്സാഹിപ്പിക്കുന്നു. അതിനായി അര്‍ബന്‍ ലീവ്സ് എന്നൊരു സംരംഭവും തുടങ്ങി. അപ്പാര്‍ട്മെന്‍റുകളുടെയും മറ്റും ടെറസില്‍ കൂട്ടായി പച്ചക്കറികള്‍ നടുന്നത് അവനവന് ആവശ്യമുള്ള വിഷമില്ലാത്ത പച്ചക്കറികള്‍ കിട്ടാന്‍ സഹായിക്കുമെന്ന് പ്രീതി പറയുന്നു. അപ്പോൾ, ഭൂമി ഇല്ലാത്തതിന്റെ പേരിൽ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യാതിരിക്കണ്ട. കൂട്ടായിട്ടോ ഒറ്റയ്ക്കൊറ്റയ്ക്കോ ടെറസുകളിലും ഇവ വിളയിച്ചെടുക്കാം.

(വിവരങ്ങൾക്ക് കടപ്പാട്: ദി ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios