നീലനിറത്തിലുള്ള അഞ്ചിതളുകള്‍ക്ക് നടുവില്‍ മഞ്ഞനിറത്തോടുകൂടിയ ഈ കുഞ്ഞുപൂക്കള്‍ സാധാരണ അരുവികളുടെയും തോടുകളുടെയും സമീപത്താണ് ധാരാളമായി വളരുന്നത്. വിത്ത് തനിയെ മണ്ണില്‍ വീണ് മുളച്ച് ധാരാളമായി വളര്‍ന്ന് വ്യാപിക്കും. ഭംഗിയും ലാളിത്യവും കാരണം പലരും പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന ഫോര്‍ഗെറ്റ്-മീ-നോട്ട് (Forget-me-not)എന്ന ചെടി മറ്റുള്ള ചെടികളേക്കാള്‍ എളുപ്പത്തില്‍ വളര്‍ന്ന് സ്ഥലം കൈയേറുന്ന തരത്തിലുള്ളതാണ്. ആഫ്രിക്കന്‍ സ്വദേശിയായ ഈ അഞ്ചിതള്‍പ്പൂക്കളുടെ വിശേഷങ്ങള്‍ അറിയാം.

മയോസോടിസ് സ്‌കോര്‍പിയോഡെസ് (Myosotis scorpiodes) എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം. നീളത്തില്‍ വളരുന്ന ചെടിയുടെ തണ്ടുകളില്‍ രോമം പോലുള്ള വളര്‍ച്ച കാണാം. ചിലപ്പോള്‍ രണ്ട് അടി ഉയരത്തിലും വളരും. അലങ്കാരത്തിനായി വളര്‍ത്തുന്ന ഇനത്തിലെ പൂക്കള്‍ ഭക്ഷ്യയോഗ്യമാണ്. മയോസോടിസ് സില്‍വാറ്റിക (Myosotis sylvatica) എന്നാണ് ഈ ഇനം അറിയപ്പെടുന്നത്. സലാഡില്‍ നല്ല നിറം ലഭിക്കാനും ബേക്ക് ചെയ്യുന്ന പലഹാരങ്ങളില്‍ ചേര്‍ക്കാനും ഇത് ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഹാനികരമല്ലാതെ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന ഇനമാണിത്. മറ്റു ചില ഇനങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ചൈനീസ് ഫോര്‍ഗറ്റ്-മീ-നോട്ട് (സിനോഗ്ലോസം അമാബിലേ) എന്നയിനവും മയോസോടിസ് ലാറ്റിഫോളിയ എന്നയിനവും അല്‍പം വിഷാംശം കലര്‍ന്നതാണ്.

വിത്ത് മുളപ്പിച്ച് വളര്‍ത്താവുന്ന ചെടിയാണിത്. മധ്യവേനലില്‍ ചെടികളുടെ കമ്പ് മുറിച്ചുനട്ടും പുതിയ ചെടികള്‍ ഉണ്ടാക്കാറുണ്ട്. വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ ഒരു പാത്രത്തില്‍ ഒരു ചെടിയെന്ന രീതിയില്‍ വളര്‍ത്തിയില്ലെങ്കില്‍ ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കാതെ ചെടികളുടെ ആരോഗ്യം ക്ഷയിക്കും. പക്ഷേ, നല്ല തണലുള്ള സ്ഥലത്താണെങ്കിലും ചെടികളുടെ വളര്‍ച്ചയ്ക്ക് തടസമുണ്ടാകാം. ഓരോ ആഴ്ചയും സൂര്യനഭിമുഖമായി വരുന്ന പാത്രത്തിന്റെ ഭാഗം മാറ്റിവെച്ചാല്‍ വളര്‍ച്ച ഒരുപോലെയാകും.

മേല്‍മണ്ണിലെ ഏകദേശം മൂന്ന് ഇഞ്ച് ഭാഗം വരണ്ടതായി കാണപ്പെട്ടാല്‍ വെള്ളമൊഴിക്കണം. വേനല്‍ക്കാലത്ത് ഓരോ മാസവും വളപ്രയോഗം നടത്തണം. വളര്‍ച്ച കാര്യമായി നടക്കാത്തപ്പോഴും ഇലകള്‍ മഞ്ഞനിറമായാലും വെള്ളത്തില്‍ ലയിക്കുന്ന വളം നല്‍കാം. വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ കൊഴിയാന്‍ പോകുന്ന ഇലകളും കേടുവന്ന തണ്ടുകളും ഒഴിവാക്കി എപ്പോഴും വൃത്തിയായി നിലനിര്‍ത്താന്‍ മറക്കരുത്.