21 ദിവസത്തെ ലോക്ക്ഡൗണ്‍ പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും വളര്‍ത്താനുള്ള അവസരമായി കണ്ട ചിലരുണ്ട്. കിട്ടിയ അവസരം ചെടികള്‍ക്കൊപ്പം ചെലവഴിക്കാനാണ് ഇവര്‍ ശ്രമിച്ചത്. സ്വന്തമായി കുറേ ചെടികള്‍ നട്ടുവളര്‍ത്തണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാത്ത ഹതഭാഗ്യന്‍മാര്‍ക്ക് ഇതൊരു സുവര്‍ണാവസരമായി കാണാവുന്നതാണ്. നഗരങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള ചെടികള്‍ വളര്‍ത്തി മാതൃകയായ ചിലരെ പരിചയപ്പെടാം.

സരസ്വതിയുടെ ബാല്‍ക്കണിയിലെ പച്ചക്കറിത്തോട്ടം

മുംബൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറാണ് സരസ്വതി കുവലേക്കര്‍. സുഹൃത്തിന്റെ മകന് ക്യാന്‍സര്‍ ബാധിച്ചപ്പോഴാണ് വീട്ടില്‍ വളര്‍ത്തിയ ജൈവപച്ചക്കറികളുടെ പ്രാധാന്യം മനസിലാക്കുന്നതും സ്വന്തം വീട്ടിലെ ബാല്‍ക്കണിയില്‍ പച്ചക്കറിത്തോട്ടം നിര്‍മിക്കുന്നതെന്നും ഇവർ പറയുന്നു.

 

തിരക്ക് പിടിച്ച ഓഫീസ് ഡ്യൂട്ടിക്കിടയിലും ദിവസവും 10 മിനിറ്റ് തന്റെ തോട്ടത്തില്‍ ചെലവഴിച്ച് ആശ്വാസം കണ്ടെത്താന്‍ ഇവര്‍ മറക്കുന്നില്ല. ഇപ്പോള്‍ ലോക്ക്ഡൗണില്‍ തന്റെ തോട്ടം വൃത്തിയാക്കാനുള്ള സമയമാണ് സരസ്വതി കണ്ടെത്തിയത്.

'എനിക്ക് തോട്ടം വൃത്തിയാക്കാനാണ് സമയം കിട്ടാതിരുന്നത്. ചെടിച്ചട്ടികളുടെ അടിയില്‍ നിന്ന് മണ്ണ് അടിച്ചുവാരി വൃത്തിയാക്കാനാണ് ഈ സമയം കൂടുതലായി വിനിയോഗിച്ചത്. ലോക്ക്ഡൗണില്‍ ചെടികള്‍ക്കിടയില്‍ നിന്ന് കീടങ്ങളെ നശിപ്പിക്കുന്നവരും കളകള്‍ പറിച്ചെറിയുന്നവരുമുണ്ട്.' സരസ്വതി പറയുന്നു.

400 ചെടികള്‍ രാജേന്ദ്രസിങ്ങിന്റെ മട്ടുപ്പാവില്‍

ഹരിയാന സ്വദേശിയായ രാജേന്ദ്ര സിങ്ങ് തന്റെ മട്ടുപ്പാവില്‍ 400 ചെടികള്‍ വളര്‍ത്തിയിട്ടുണ്ട്. ഈ ലോക്ക്ഡൗണില്‍ ഇദ്ദേഹത്തിന് പാഴാക്കിക്കളയാന്‍ ഒട്ടും സമയമില്ലെന്നതാണ് വാസ്തവം. ഇത്രയും ചെടികളെ പരിചരിക്കാന്‍ ഇപ്പോഴല്ലാതെ അവസരം കിട്ടുമോ!!

 

'ദിവസേന ഞാന്‍ നാല് മണിക്കൂര്‍ പൂന്തോട്ടത്തില്‍ ചെലവഴിക്കാറുണ്ടായിരുന്നു. വസന്തകാലത്തിന്റെ ആരംഭത്തില്‍ പ്രതീക്ഷിക്കാതെ ചെടികള്‍ക്കിടയില്‍ കളകള്‍ വളര്‍ന്നു നിറഞ്ഞു. ഓരോ ചട്ടികളില്‍ നിന്നും ഇവ പറിച്ചെടുത്ത് വൃത്തിയാക്കാന്‍ തുടങ്ങി. എത്രത്തോളം സമയം ചെടികള്‍ക്ക് വേണ്ടി മാറ്റിവെച്ചോ അത്രത്തോളം തന്നെ അവയ്‌ക്കൊപ്പം കഴിയാന്‍ ഞാനും ആഗ്രഹിച്ചു.' രാജേന്ദ്ര സിങ്ങ് തന്റെ ലോക്ക്ഡൗണ്‍ ക്രിയാത്മകമാക്കി മാറ്റിയിരിക്കുന്നു.

50 ഇനം പച്ചക്കറികളുമായി ശില്‍പ

ബംഗളുരുവിലെ ശില്‍പ മഹേശ്വരി 50 ഇനം പച്ചക്കറികളാണ് വീട്ടില്‍ വളര്‍ത്തുന്നത്. ലോക്ക്ഡൗണില്‍ തന്റെ തോട്ടത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുകയാണ് ഇവര്‍.

'വായു മലിനീകരണം ഇല്ലാത്തതുകൊണ്ട് അന്തരീക്ഷം ശുദ്ധമാണ്. അതുകാരണം ചെടികളും ആരോഗ്യത്തോടെ വളരുന്നു. വളം നല്‍കാതെ തന്നെ ചെടികള്‍ പൂവിടുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് പല പച്ചക്കറികളും വിളഞ്ഞ് പാകമാകുന്നു. രണ്ടര അടി നീളമുള്ള പീച്ചിങ്ങ ഞങ്ങള്‍ ലോക്ക്ഡൗണില്‍ വിളവെടുത്തു.' ശില്‍പ പറയുന്നു.

വീട്ടില്‍ എല്ലാ അംഗങ്ങളുമുള്ളതുകൊണ്ട് നിങ്ങള്‍ക്ക് അവരുടെ സഹായവും കൃഷിയില്‍ ലഭിക്കുമെന്ന് ഓര്‍മിപ്പിക്കുകയാണ് ശില്‍പ. 'കുട്ടികളെയും തോട്ടത്തില്‍ പണിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കൂ. ഞാന്‍ എന്നും കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളയാളായിരുന്നു'

പോഷകഗുണമുള്ള കമ്പോസ്റ്റും വളവും ചെടികള്‍ക്ക് നല്‍കാനും കൃത്യസമയത്ത് നനയ്ക്കാനും പരിചരിക്കാനുമുള്ള സമയം മാത്രമേ ഇപ്പോഴുള്ളു.

'ഞങ്ങള്‍ക്ക് തോട്ടത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്താനുള്ള സമയം ലഭിക്കുന്നു. കൂടുതല്‍ ചെടികള്‍ വളര്‍ത്താന്‍ ഈ സമയം പ്രയോജനപ്പെടുത്താമല്ലോ. ഔഷധസസ്യങ്ങള്‍ വളര്‍ത്താനും ഈ സമയം ഉപയോഗപ്പെടുത്തണം. വളരെ ചെറിയ സ്ഥലത്തുപോലും ഇവയെല്ലാം വളര്‍ത്തിയെടുക്കാം. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടം പോലെ സമയം ലഭിക്കും. ലോക്ക്ഡൗണ്‍ അവസാനിച്ചാലും കൃഷി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറും' സരസ്വതി പറയുന്നു.

ശില്‍പ്പയും ഓര്‍മിപ്പിക്കുന്നത് ഇതുതന്നെയാണ്. 'പല ആളുകളും വിഷരഹിതമായ പച്ചക്കറികള്‍ ലഭിക്കാനായി കഷ്ടപ്പെടുകയാണ്. അവരോട് വിഷമിക്കരുതെന്നും എന്റെ തോട്ടത്തിലെ പച്ചക്കറികള്‍ തരാമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇതുപോലെ ലോക്ക്ഡൗണ്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുമ്പോഴും എന്നും ഇതുപോലെ പച്ചക്കറികള്‍ വളര്‍ത്തുകയെന്നത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയണമെന്ന പ്രതീക്ഷയാണുള്ളത്.'

സരസ്വതി ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു കാര്യം കമ്പോസ്റ്റ് നിര്‍മാണമായിരുന്നു. 'ഞാന്‍ കഴിഞ്ഞ 14- 15 വര്‍ഷങ്ങളായി കമ്പോസ്റ്റ് നിര്‍മിക്കുന്നു. നിങ്ങളുടെ വീട്ടില്‍ മാലിന്യങ്ങള്‍ എടുക്കാന്‍ ചുമതലപ്പെട്ട ആളുകള്‍ വരുന്നില്ലെങ്കില്‍ അടുക്കള മാലിന്യങ്ങള്‍ കമ്പോസ്റ്റ് ആക്കിമാറ്റാനുള്ള പ്രാധാന്യം മനസിലാക്കണം. എങ്ങനെ ചെയ്യുമെന്ന് ഒരിക്കല്‍ മനസിലാക്കിയാല്‍ പിന്നെ വലിയ ബുദ്ധിമുട്ടുള്ള പണിയല്ല കമ്പോസ്റ്റ് നിര്‍മാണമെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. നിങ്ങളുടെ തോട്ടത്തിനെ ഹരിതാഭമാക്കാന്‍ കമ്പോസ്റ്റിനുള്ള കഴിവ് കണ്ടറിഞ്ഞാല്‍ അതൊരു നിധിയാണെന്ന് നിങ്ങള്‍ പറയും.' സരസ്വതി കമ്പോസ്റ്റിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

'പടവലം, വെള്ളരി, കോവയ്ക്ക എന്നിവയെല്ലാം വളര്‍ത്താനുള്ള സമയത്താണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഈ സമയം പരമാവധി കൃഷിക്ക് ഉപയോഗിക്കാമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. പച്ചക്കറികളുടെ തൊലിയും പഴങ്ങളുടെ തൊലിയും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കിയാണ് എല്ലാ ചെടികള്‍ക്കും നല്‍കുന്നത്. ഈ ലോക്ക്ഡൗണ്‍ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. ' രാജേന്ദ്ര പറയുന്നു.

ഇവരൊക്കെ നിങ്ങളോട് പറയുന്നത് ഒരേ ഒരു കാര്യമാണ്. മടി പിടിച്ചിരിക്കാതെ ഒരിത്തിരി സമയം ചെടികള്‍ക്കൊപ്പം ചെലവഴിച്ചാല്‍ ദീര്‍ഘകാലം നിങ്ങള്‍ക്ക് പോസിറ്റീവ്  ഊര്‍ജ്ജം ലഭിക്കും. ഇതുപോലൊരു അവസരം നിങ്ങള്‍ക്ക് ഇനി ലഭിക്കില്ല.