Asianet News MalayalamAsianet News Malayalam

ഇത്തിൾക്കണ്ണിയെ കുത്തിക്കളയുക -പരാദ സസ്യങ്ങളെ സൂക്ഷിക്കുക

പച്ച നിറത്തിലുള്ള ഇലകളുള്ള പരാന്നസസ്യങ്ങൾ പോഷകങ്ങൾക്കും വെള്ളത്തിനും മാതൃവൃക്ഷത്തെ ആശ്രയിക്കുമെങ്കിലും സ്വന്തമായി അവ ഇലകളിൽ വച്ച് സംസ്കരിക്കും. എന്നാൽ, ചില പരാന്ന സസ്യങ്ങൾ മാതൃവൃക്ഷത്തിന്റെ വേരുകളിലാണ് വളരുന്നത്. 

get rid of parasitic plant
Author
Thiruvananthapuram, First Published Nov 26, 2020, 10:05 AM IST

മറ്റു ചെടികളിൽ നിന്ന് വെള്ളവും ആവശ്യമായ പോഷകങ്ങളും വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളെയാണ് പരാ​ദസസ്യങ്ങൾ അഥവാ പരാന്നസസ്യങ്ങൾ എന്നു പറയുന്നത്. വൻമരങ്ങളുടെ തായ്ത്തടിയിലോ ശിഖരങ്ങളിലോ ആഴ്ന്നിറങ്ങുന്ന വേരുകളാണ് ഇത്തരം സസ്യങ്ങളുടെ പ്രത്യേകത. ഹോസ്റ്റോറിയ (haustoria) എന്നറിയപ്പെടുന്ന പ്രത്യേകതരം വേരുകളാണ് ഈ ചെടികൾക്കുള്ളത്. നമ്മുടെ കംപ്യൂട്ടറുകളിൽ കടന്നു കയറി വിവരങ്ങൾ അടിച്ചുമാറ്റുന്ന വൈറസുകളെപ്പോലെയാണ് മറ്റു മരങ്ങളുടെ ചില്ലകളിൽ കടന്നുകയറി പോഷകങ്ങൾ അടിച്ചുമാറ്റുന്ന പരാന്ന സസ്യങ്ങളുടെ പ്രവർത്തനം. 

പല തരം പരാന്ന സസ്യങ്ങളുണ്ട്.  പൂർണമായും മാതൃവൃക്ഷത്തെ ആശ്രയിച്ച് അവയുടെ പോഷകങ്ങൾ വലിച്ചെടുത്ത് വളരുന്ന സസ്യങ്ങളാണ് ഒരു വിഭാ​ഗം. ഇവയുടെ ഇലകളിൽ ക്ളോറോഫിൽ അഥവാ ഹരിതകം ഉണ്ടാവില്ല. പ്രകാശ സംശ്ളേഷണവും നടക്കില്ല. മഞ്ഞനിറത്തിലാണ് ഇത്തരം പരാന്ന സസ്യങ്ങളുടെ തണ്ടുകൾ. ഇത്തരം പല ചെടികൾക്കും ഇലകൾ ഉണ്ടാവുകയില്ല. മറ്റു ചെടികളിൽ പടർന്നു വളരുന്ന, നിറയെ ശാഖകളുണ്ടാവാറുള്ള, ഇളം മഞ്ഞനിറത്തിലുള്ള പരാദസസ്യമാണ് ആകാശവല്ലി അഥവാ മൂടില്ലാത്താളി. ഇലകൾ ഇല്ലാത്ത ഈ ചെടിയുടെ തണ്ടിന് ഇളം പച്ചയോ മഞ്ഞയോ നിറമാണ്.  ഡിസംബർ മുതൽ മാർച്ചുവരെയാണ് മൂടില്ലാത്താളി പുഷ്പിക്കുന്ന കാലം. ഇവ ആയുർവേദ മരുന്നുകൾ ഉണ്ടാക്കാൻ ഉപയോ​ഗിക്കാറുണ്ടെങ്കിലും ഇവ പടർന്നു കയറിക്കഴിഞ്ഞാൽ ആതിഥേയ സസ്യത്തിന്റെ കാര്യം പോക്കാണ്. 

പച്ച നിറത്തിലുള്ള ഇലകളുള്ള പരാന്നസസ്യങ്ങൾ പോഷകങ്ങൾക്കും വെള്ളത്തിനും മാതൃവൃക്ഷത്തെ ആശ്രയിക്കുമെങ്കിലും സ്വന്തമായി അവ ഇലകളിൽ വച്ച് സംസ്കരിക്കും. എന്നാൽ, ചില പരാന്ന സസ്യങ്ങൾ മാതൃവൃക്ഷത്തിന്റെ വേരുകളിലാണ് വളരുന്നത്. 

കേരളത്തിൽ പ്ലാവ്, മാവ്, മരോട്ടിക്ക തുടങ്ങി നാനൂറോളം വിവിധ മരങ്ങളുടെ ശാഖകളിൽ കാണുന്ന ഇത്തിൾ അഥവാ ഇത്തിക്കണ്ണിയാണ് പരാന്ന സസ്യങ്ങളിൽ പ്രധാനം.  ചക്കയും മാങ്ങയും വൻതോതിൽ കൃഷിചെയ്ത് ഉൽപ്പാദിപ്പിക്കുന്ന തോട്ടങ്ങളിലെ മരങ്ങളുടെ ശാഖകളുടെ വളർച്ചയെ തടയുന്ന പിടിച്ചുപറിക്കാരൻ ചെടിയാണ് ഇത്തിൾക്കണ്ണികൾ. വൃക്ഷശാഖകളിലെ പോഷകങ്ങൾ ഊറ്റിയെടുക്കുന്നതിനാൽ ആ ശാഖകൾ വളരാതിരിക്കുകയോ ഉണങ്ങിപ്പോവുകയോ ചെയ്യും. ക്രമേണ ഇതേ മരത്തിന്റെ മറ്റു ശാഖകളിലേക്കും  പടരുകയും മരത്തിന് മൊത്തത്തിൽ വളർച്ച മുരടിപ്പു സംഭവിക്കുകയുമാണ് ചെയ്യുന്നത്. ഇത്തിക്കണ്ണി കുത്തിക്കുടിക്കും എന്ന പഴഞ്ചൊല്ലു തന്നെ ഇതിന്റെ സ്വഭാവത്തിൽനിന്നു വന്നതാണ്. 

നല്ല മധുരമുള്ള പശിമ കൂടിയ പഴമാണ് ഇത്തിളിനുള്ളത്. ഇത് കൊത്തിത്തിന്നുന്ന കിളികളുടെ കൊക്കുകളിൽ ഇവയുടെ വിത്ത് പറ്റിപ്പിടിക്കും.  പക്ഷികൾ ഈ വിത്ത് മറ്റൊരു മരത്തിലിരുന്ന് ഉരുമ്മി മാറ്റുമ്പോൾ അവിടെ നിക്ഷേപിക്കപ്പെടും. അവിടെ കിളിർത്ത് വരുന്ന വിത്ത് ആ ചെടിയിൽ നാശം വിതച്ചു തുടങ്ങും. ഇത്തിൾ ബാധ ആദ്യമേ കണ്ടുപിടിക്കുകയാണെങ്കിൽ ഇവയുടെ വേരിറങ്ങിയ ഭാ​ഗം ആഴത്തിൽ കുഴിച്ച് ഇത്തിളിനെ ഇളക്കിക്കളയണം. ഇവയുടെ വളർച്ച കൂടിക്കഴിഞ്ഞാൽ ഇത്തിൾ ബാധിച്ച ശിഖരം തന്നെ മുറിച്ചുമാറ്റുന്നതാണ് നല്ലത്. അല്ലെങ്കിൽ മാതൃവൃക്ഷത്തിൽ പൂക്കളുണ്ടാവുന്നതും കായ്കളുണ്ടാവുന്നതും കുറയും. 

രണ്ടു ശതമാനം വീര്യമുള്ള 2,4-D എന്ന കുമിൾ നാശിനിയാണ് ഇത്തിളിനെ നശിപ്പിക്കാൻ നല്ലത്. ഏകദേശം ഒരു സെന്റീമീറ്റർ വീതിയിൽ ഇരുപതു സെന്റീമീറ്റർ നീളത്തിലുള്ള കോട്ടൺ തുണി ഈകുമിൾ നാശിനിയിൽ കുതിർത്ത് ഇത്തിൾ ചെടിയുടെ വേരിനോട് ചേർത്തുള്ള ഭാഗത്ത്‌ ഒരു മുറിവ് ഉണ്ടാക്കി അതിനു ചുറ്റും കെട്ടിയാൽ ക്രമേണ ഇത്തിൾ കണ്ണി ഉണങ്ങി നശിക്കും. 

നിലമ്പൂരിലെയും കോഴിക്കോട് തൃശൂർ വനം ഡിവിഷനുകളിലെയും തേക്കു തോട്ടങ്ങളുടെ ഭീഷണിക്കാരനായിരുന്നു ഒരു കാലത്ത് ഇത്തിൾക്കണ്ണികൾ.


(ചിത്രം: വിക്കിപീഡിയ, Primejyothi)

Follow Us:
Download App:
  • android
  • ios