ഓട്സിന്റെ ഗുണഗണങ്ങള്‍ മനസിലാക്കി പ്രഭാതഭക്ഷണത്തിലും രാത്രിഭക്ഷണത്തിലും ഉള്‍പ്പെടുത്തുന്ന നമ്മള്‍ എപ്പൊഴെങ്കിലും വീട്ടില്‍ തന്നെ കൃഷി ചെയ്ത് വിളവെടുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ഒരു പുല്‍ത്തകിടിയില്‍ പുല്ല് വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ ഓട്സും വളര്‍ത്താം.

ഓട്സ് പലവിധത്തില്‍ ഉപയോഗിക്കുന്നുണ്ട്. പൊടിച്ചും ചതച്ചും ബിയര്‍ ഉണ്ടാക്കാനും പാല്‍ ചേര്‍ത്ത് ശീതളപാനീയമുണ്ടാക്കാനുമെല്ലാം ഈ ധാന്യം പ്രയോജനപ്പെടുത്തുന്നു. ഇത്രയും ഉപയോഗങ്ങളുള്ള ഓട്സ് വീട്ടുപറമ്പില്‍ കൃഷി ചെയ്യാന്‍ സാധ്യമല്ലേ?

നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് ഓട്സിന്റെ വിത്തുകള്‍ പാകണം. ഒരിഞ്ച് മാത്രം കനത്തില്‍ മണ്ണിട്ട് മൂടിയാല്‍ മതി. ഇങ്ങനെ ചെയ്താല്‍ വിത്ത് മുളയ്ക്കുന്നതിന് മുമ്പ് പക്ഷികള്‍ കൊത്തിപ്പറക്കുന്നത് ഒഴിവാക്കാം. അതിനുശേഷം മണ്ണില്‍ ഈര്‍പ്പം നല്‍കണം. മറ്റുള്ള ധാന്യങ്ങളുടെ വിത്തുകളേക്കാള്‍ കൂടുതല്‍ ഈര്‍പ്പം കിട്ടിയാല്‍ മാത്രമേ ഓട്സിന്റെ വിത്തുകള്‍ മുളച്ച് വരികയുള്ളു. 45 ദിവസങ്ങള്‍ക്കുള്ളില്‍ പച്ചനിറത്തില്‍ കുരുവിന്റെ മുകള്‍ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഫലബീജം ക്രീം നിറത്തിലേക്ക് മാറുകയും രണ്ടു മുതല്‍ അഞ്ച് അടി വരെ ഉയരത്തിലെത്തുകയും ചെയ്യും.

ഫലബീജം അല്ലെങ്കില്‍ കുരുവിന്റെ പ്രധാനഭാഗം കട്ടിയാകുന്നതുവരെ കാത്തിരുന്നാല്‍ വിളവ് നഷ്ടപ്പെടാനിടയുണ്ട്. തണ്ടിന്റെ പരമാവധി മുകള്‍ഭാഗത്ത് നിന്നും വിത്തുകളുടെ തലഭാഗം മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ വൈക്കോലിന്റെ അളവ് കുറച്ച് ഓട്സ് വിളവെടുക്കാം.

ഇപ്രകാരം വിളവെടുത്താല്‍ കാലാവസ്ഥയ്ക്കനുസരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കുള്ളിലോ ധാന്യം തയ്യാറാക്കാനായി ഉണക്കിയെടുക്കാം. ഇതിനായി ഈര്‍പ്പമില്ലാത്തതും ചൂടുള്ളതുമായ സ്ഥലത്ത് വിളവെടുത്ത ഓട്സ് ശേഖരിക്കണം. ഫലബീജം പഴുത്ത് വന്നാല്‍ പതിരു കളഞ്ഞ് മെതിച്ചെടുക്കാം. ഒരു ഷീറ്റ് വിരിച്ച് അതില്‍ വിതറിയശേഷം ശക്തിയായി ചവിട്ടി മെതിച്ചെടുക്കാം. അല്ലെങ്കില്‍ സൗകര്യപ്രദമായ മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ഉണങ്ങിയ തണ്ടില്‍ നിന്നും ധാന്യം മെതിച്ചെടുക്കാം.

അതിനുശേഷം ഓട്സും മെതിച്ചെടുത്തശേഷം കിട്ടുന്ന ഉമി പോലുള്ള പൊടിയും ഒരു ബക്കറ്റിലേക്ക് മാറ്റി മുകളിലേക്ക് കുലുക്കി കാറ്റില്‍ കനംകുറഞ്ഞ പൊടികള്‍ പറത്തിക്കളയണം. അപ്പോള്‍ കട്ടികൂടിയ ഓട്സ് ബക്കറ്റിന്റെ താഴെ ശേഖരിക്കാം.