അടുക്കളത്തോട്ടത്തില്‍ നിന്ന് പറിച്ചെടുത്തുണ്ടാക്കുന്ന ഭക്ഷണത്തിന് സ്വാദ് കൂടുമെന്ന് മനസിലാക്കിത്തരാന്‍ ഇവിടെ ചിലരുണ്ട്. നഗരങ്ങളിലെ ഇത്തിരിപ്പോന്ന സ്ഥലത്ത് ഓരോരുത്തര്‍ക്കും ആവശ്യമുള്ള പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കാന്‍ പ്രചോദനം നല്‍കുകയാണ് ഇവര്‍.

നിങ്ങള്‍ക്കുള്ള ഭക്ഷണം സ്വയം ഉണ്ടാക്കൂ

സ്വന്തം ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ സ്വയം വളര്‍ത്തുന്നത്‌ നിങ്ങള്‍ക്ക് ആവശ്യമുള്ള പണം നിങ്ങള്‍ തന്നെ അച്ചടിക്കുന്നതുപോലെയാണെന്നാണ് അമേരിക്കയിലെ ഡിസൈനറായ കലാകാരന്‍ റോണ്‍ ഫിന്‍ലി പറയുന്നത്. ദീര്‍ഘകാലമായി ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ട മരുപ്രദേശത്ത് ജീവിക്കുന്നവര്‍ക്കായി പച്ചക്കറികള്‍ കൊണ്ട് വലിയ കാട് തന്നെ സൃഷ്ടിച്ച വ്യക്തിയായാണ് റോണ്‍ അറിയപ്പെടുന്നത്. ഫാസ്റ്റ്ഫുഡ് പടിക്കുപുറത്ത് നിര്‍ത്താനാണ് ഇദ്ദേഹം എല്ലാവരോടും ആവശ്യപ്പെടുന്നത്.

'ഒരു ചെടി നിങ്ങള്‍ വളര്‍ത്തുമ്പോള്‍ 1000 അല്ലെങ്കില്‍ 1500 വിത്തുകള്‍ ലഭിക്കും. ഒരു ഡോളര്‍ വിലപിടിപ്പുള്ള ബീന്‍സ് കൃഷി ചെയ്താല്‍ നിങ്ങള്‍ക്ക് 75 ഡോളര്‍ മൂല്യമുള്ള വിളവ് ലഭിക്കും. ' റോണ്‍ കൃഷിയെക്കുറിച്ചുള്ള സ്വന്തം കണ്ടെത്തല്‍ പറയുന്നു.

ബംഗളുരു ഗാര്‍ഡന്‍ സിറ്റി ആയതെങ്ങനെ?

നാരായണ്‍ വിശ്വനാഥ് എന്ന വ്യക്തി 1995 -ല്‍ ഡല്‍ഹിയില്‍ നിന്നും ബംഗളുരുവിലേക്ക് യാത്ര ചെയ്തപ്പോള്‍ വിമാനം ലാന്‍ഡ് ചെയ്യാനാകാതെ അല്‍പ്പസമയം ബംഗളുരു നഗരത്തിന് മുകളിലൂടെ വട്ടം കറങ്ങാന്‍ തുടങ്ങി.  'നട്ടുച്ചയ്ക്ക് നഗരത്തിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ വെയിലില്‍ തിളങ്ങുന്നുണ്ടായിരുന്നു. ബംഗളൂരു ഗാര്‍ഡന്‍ സിറ്റിയായി അറിയപ്പെടുന്നത് യഥാര്‍ഥത്തില്‍ കബണ്‍ പാര്‍ക്കും ലാല്‍ ബാഗും സ്ഥിതിചെയ്യുന്ന സ്ഥലമായതുകൊണ്ടല്ല. ഇവിടെ ഓരോ വീട്ടിലും ഓരോ ചെറിയ പൂന്തോട്ടമുണ്ടായിരുന്നു. വീടിന് മുമ്പിലും അടുക്കളത്തോട്ടത്തിലും നന്നായി ചെടികള്‍ വളര്‍ത്തിയിരുന്നു. ഈ അടുക്കളത്തോട്ടം വീടിന്റെ മേല്‍ക്കൂരയിലേക്ക് (Roof top garden) മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു' വിശ്വനാഥ് താന്‍ പ്രാവര്‍ത്തികമാക്കിയ ആശയത്തെക്കുറിച്ച് വിവരിക്കുന്നു.

 

എന്റമോളജിസ്റ്റായ വിശ്വനാഥ്  2011 -ല്‍ നഗരത്തിലെ കര്‍ഷകരെ സംഘടിപ്പിച്ച് ഒരു ഗ്രൂപ്പുണ്ടാക്കി. ഈ ഗ്രൂപ്പ് പല പല നഗരങ്ങളിലേക്കും വ്യാപിക്കുകയും ആളുകള്‍ അവരവരുടെ ഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ സ്വയം ഉണ്ടാക്കുകയും ചെയ്തു.

പരീക്ഷണാടിസ്ഥാനത്തില്‍ ബംഗളുരുവില്‍ തുടങ്ങിയ ഈ കൃഷി ഇന്ന് രാജ്യം മുഴുവന്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. 'ഞങ്ങള്‍ ഈ കൃഷി തുടങ്ങിയപ്പോള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരും വീട്ടമ്മമാരും മാത്രമായിരുന്നു അവരുടേതായ അടുക്കളത്തോട്ടം നിര്‍മിക്കാനായി മുന്നോട്ട് വന്നത്. 2005 -നുശേഷം കൂടുതല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ കൃഷി ചെയ്യാന്‍ മുന്നോട്ട് വന്നിരിക്കുന്നു. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമെല്ലാം ഇന്ന് നഗരത്തില്‍ പച്ചക്കറികളും പൂക്കളും വളര്‍ത്തുന്നു.' തങ്ങള്‍ തുടങ്ങിവെച്ച ആശയം പുതുതലമുറയും ഏറ്റെടുത്തു നടപ്പാക്കുന്നതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് വിശ്വനാഥ്.

'കഴിക്കാനുള്ളത് വളര്‍ത്തുക; വളര്‍ത്തുന്നത് കഴിക്കുക' എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. കീടനാശിനികള്‍ തളിച്ച് വിഷമയമാക്കിയ പഴങ്ങളുടെയും പച്ചക്കറികളുടെയും വില്‍പ്പനയെ എതിര്‍ക്കാനായിരുന്നു ഇവര്‍ സ്വന്തമായി അടുക്കളത്തോട്ടത്തില്‍ വിളയിച്ചെടുത്തത്.

വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ ഓര്‍ഗാനിക് ടെറസ് ഗാര്‍ഡനിങ്ങില്‍ 30,000 അംഗങ്ങളുണ്ട്. ബംഗളുരുവില്‍ തുടങ്ങിയ മറ്റൊരു സംരംഭമാണ് 'ഊട്ടാ ഫ്രം യുവര്‍ തോട്ട' (Food from your garden). ഇതുവഴി നഗരവാസികളായ നൂറുകണക്കിന് കര്‍ഷകര്‍ അവരുടെ വിളകള്‍ പരസ്പരം വിറ്റഴിച്ചു.

ഇവര്‍ തങ്ങളുടെ വീട്ടിലെ ചെറിയ സ്ഥലം പോലും കൃഷി ചെയ്യാതെ മാറ്റിവെക്കുന്നില്ല. ബോക്‌സുകളും കണ്ടെയ്‌നറുകളും ബാത്ത്ടബ്ബുകളുമെല്ലാം ഇവര്‍ പച്ചക്കറികള്‍ വളര്‍ത്താന്‍ ഉപയോഗിച്ചു.

ടെക്കിയില്‍ നിന്ന് കൃഷിക്കാരനിലേക്ക്

മണികണ്ഠന്‍ പട്ടാഭിരാമന്‍ ഐ.ടി മേഖലയിലെ ജോലി രാജിവെച്ച് കര്‍ഷകനായ ആളാണ്. 2013 -ല്‍ ജോലി ഉപേക്ഷിച്ച് കര്‍ഷകര്‍ക്ക് മട്ടുപ്പാവില്‍ കൃഷി ചെയ്യാനുള്ള പരിശീലനം നല്‍കി വരുന്നു. കൃഷിയിലേക്കിറങ്ങിയപ്പോള്‍ സമൂഹത്തില്‍ വേറിട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളെ കാണാന്‍ കഴിഞ്ഞുവെന്നും തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും മണികണ്ഠന്‍ വ്യക്തമാക്കുന്നു.

 

നേരത്തേ പൂന്തോട്ട നിര്‍മാണത്തെക്കുറിച്ചുള്ള ഒരു ബ്ലോഗ് മണികണ്ഠന്‍ തുടങ്ങിയിരുന്നു. അപ്പാര്‍ട്ട്‌മെന്റുകളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും കൃഷി ചെയ്യാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു.

മിക്കവാറും എല്ലാതരത്തില്‍പ്പെട്ട പച്ചക്കറികളും പപ്പായ, പേരയ്ക്ക, തുടങ്ങിയ പഴങ്ങളും ചെറുനാരങ്ങയും മണികണ്ഠന്‍ തന്റെ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നു.

അടുക്കളത്തോട്ടത്തിലേക്ക്

'ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അടുക്കളത്തോട്ടം ആരംഭിക്കുന്നത്. പിന്നീട് എന്റെ പഠനവും ജോലിയുമെല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും കൃഷിയിലേക്കിറങ്ങി. 2008 -ലാണ് പൂന്തോട്ടനിര്‍മാണത്തെക്കുറിച്ച് ബ്ലോഗ് കൂടി എഴുതിത്തുടങ്ങിയത്.' മണികണ്ഠന്‍ പറയുന്നു.

'ചെടികള്‍ വളര്‍ത്തുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോള്‍ എന്റെ തൊഴില്‍ കൂടിയായി മാറി. ദിവസവും ഒന്നര മണിക്കൂര്‍ ഞാന്‍ കൃഷിയിലാണ്. 5000 രൂപയില്‍ കുറഞ്ഞ മുടക്കുമുതലേ ഈ തോട്ടം നിര്‍മിക്കാന്‍ എനിക്ക് ചെലവാക്കേണ്ടി വന്നിട്ടുള്ളു. കാപ്‌സിക്കം, മുളക്, കാബേജ്, കക്കിരി, പപ്പായ, ചെറുനാരങ്ങ എന്നിവയെല്ലാം ഞാന്‍ എന്റെ തോട്ടത്തില്‍ വിളയിക്കുന്നു. ഇലക്കറികള്‍ ഒരിക്കലും പുറത്തുനിന്ന് വാങ്ങാറില്ല' മണികണ്ഠന്‍ തന്റെ കൃഷിരീതി വ്യക്തമാക്കുന്നു.

ഒരു സ്‌ക്വയര്‍ ഫൂട്ട് സ്ഥലമേയുള്ളുവെങ്കിലും മനോഹരമായ അടുക്കളത്തോട്ടം നിര്‍മിക്കാമെന്ന് മണികണ്ഠന്‍ ഓര്‍മിപ്പിക്കുന്നു. പെട്ടെന്ന് വളരുന്ന പച്ചക്കറികളായ ഇലക്കറികള്‍, റാഡിഷ്, ബീന്‍സ് എന്നിവ വളര്‍ത്തുന്നതാണ് നല്ലതെന്ന് ഇദ്ദേഹം പറയുന്നു. 30 അല്ലെങ്കില്‍ 40 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ പറ്റിയില്ലെങ്കിലും നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ കൃഷിയിലേക്കിറങ്ങാന്‍ പറ്റും.

ഹൈഡ്രോപോണിക്‌സ്, എയറോപോണിക്‌സ് എന്നിവയാണ് മണികണ്ഠന്‍ അര്‍ബന്‍ ഫാമിങ്ങില്‍ ഉപയോഗിക്കുന്നത്. 50 മുതല്‍ 75 ശതമാനം വരെ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഇത്തരം കൃഷിരീതി.

'നഗരത്തില്‍ താമസിക്കുന്ന എനിക്ക് വെള്ളം വളരെ വിലപ്പെട്ടതാണ്. ഞാന്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളം വെറുതെ പുറത്തേക്കൊഴുക്കാതെ വീണ്ടും ഉപയോഗപ്പെടുത്തുന്നു. തുള്ളിനന വഴിയാണ് ചെടികള്‍ക്ക് നനയക്കുന്നത്. ദിവസവും ശ്രദ്ധിക്കേണ്ട ആവശ്യം ഇവിടെയില്ല. ഞാന്‍ വീട്ടില്‍ നിന്ന് ദീര്‍ഘയാത്രയ്ക്ക് പോകുമ്പോള്‍ എന്റെ സുഹൃത്ത് ചെടികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാറുണ്ട്.' മണികണ്ഠന്‍ പറയുന്നു.

മട്ടുപ്പാവ് കൃഷിയുമായി വാണി മൂര്‍ത്തി

വാണിയുടെ ആദ്യത്തെ താല്‍പര്യം മാലിന്യനിര്‍മാര്‍ജനത്തോടായിരുന്നു. മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണവും മട്ടുപ്പാവിലെ കൃഷിയുമായി ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയാണ് ഇവര്‍.

'എന്റെ അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയിലാണ് ഞാന്‍ താമസിക്കുന്നത്. രണ്ട് ബാല്‍ക്കണികളുണ്ട് ഇവിടെ. 2010 -ല്‍ ഞാന്‍ പച്ചക്കറികളുടെയും പച്ചമരുന്ന്‌ ചെടികളുടെയും തോട്ടമുണ്ടാക്കി. ഞാന്‍ തോട്ടത്തില്‍ ചെലവഴിക്കുന്ന സമയവും പണവുമൊന്നും കാര്യമാക്കാറില്ല. സുരക്ഷിതമായ ഭക്ഷണമുണ്ടാക്കുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കഴിവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് എന്നെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കുന്നു. എനിക്ക് ചെടികളെ പരിപാലിക്കാന്‍ തോട്ടക്കാരനൊന്നും ഇല്ല. ഞാന്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്.' വാണി തനിക്ക് കൃഷിയോടുള്ള താല്‍പര്യം വിശദമാക്കുന്നു.

 

ചെറിയ സ്ഥലത്ത് വീട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട പച്ചക്കറികള്‍ ഉണ്ടാക്കാന്‍ കഴിയാറില്ലെന്ന് വാണി പറയുന്നു. വിത്തുകള്‍ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് നല്‍കാറുണ്ടെങ്കിലും അടുക്കളത്തോട്ടത്തില്‍ നിന്ന് പച്ചക്കറികള്‍ കൂട്ടുകാര്‍ക്കുകൂടി നല്‍കാന്‍ മാത്രം ലഭിക്കാറില്ലെന്ന് ഇവര്‍ പറയുന്നു.

'പച്ചക്കറികള്‍ പോഷകഗുണമുള്ള മണ്ണില്‍ വളര്‍ത്തണം. ജൈവവസ്തുക്കള്‍ നിറഞ്ഞതായിരിക്കണം മണ്ണ്. അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിക്കാം. ഓര്‍ഗാനിക് ടെറസ് ഗാര്‍ഡനിങ്ങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ കര്‍ഷകരുടെ അനുഭവങ്ങള്‍ മനസിലാക്കാം.' അടുക്കളത്തോട്ടം തുടങ്ങാന്‍ താല്‍പര്യമുള്ളവരോടായി വാണി പറയുന്നു.