Asianet News MalayalamAsianet News Malayalam

വിളവെടുപ്പ് കഴിഞ്ഞ വാഴത്തണ്ട് മണ്ണിന് ഗുണകരമാക്കാം; സാങ്കേതികവിദ്യ പരിചയപ്പെടുത്തി കെവികെ

ഒരു ഏക്കർ തോട്ടത്തിൽ 30 ടൺ വരെ വാഴത്തണ്ടുകൾ ഉണ്ടാകും. ഇവ മണിക്കൂറിൽ 4 ടൺ എന്ന തോതിൽ യന്ത്രമുപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മാറ്റാൻ കഴിയും. ഇവ മണ്ണിൽ ലയിച്ചുചേരുന്നതോടെ രാസവളങ്ങളുടെ ഉപയോഗം 16 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് കെവികെയിലെ വിദഗ്ധർ പറയുന്നു. 

Harvested banana plantations cleaning technology by KVK
Author
Kochi, First Published Jan 8, 2022, 2:15 PM IST

കൊച്ചി: വിളവെടുത്ത ശേഷം ഉപയോഗശൂന്യമായി കിടക്കുന്ന വാഴത്തണ്ടുകൾ മണ്ണിന് ഗുണകരമാക്കി മാറ്റുന്ന രീതി പരിചയപ്പെടുത്തി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ).

ട്രാക്ടറിൽ ഘടിപ്പിച്ച യന്ത്രമുപയോഗിച്ച് വാഴത്തണ്ടുകൾ വളരെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി എളുപ്പത്തിൽ മണ്ണിൽ ലയിച്ചു ചേരാനും വളമാക്കി മാറ്റാൻ കംപോസ്റ്റിംഗിന് പാകപ്പെടുത്തുന്നതുമാണ് കെവികെ പ്രദർശിപ്പിച്ച സാങ്കേതികവിദ്യ. മണ്ണിൽ പെട്ടെന്ന് ലയിച്ചു ചേരാനും അതുവഴി മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കാനും ഈ രീതിയിലൂടെ സാധിക്കും.

സാധാരണഗതിയിൽ വിളവെടുത്ത വാഴത്തണ്ടുകൾ അടുത്ത കൃഷിക്ക് തടസ്സമായും കീടങ്ങളുടെയും മറ്റും താവളമായും തോട്ടങ്ങളിൽ ദിവസങ്ങളോളം കിടക്കുകയാണ് പതിവ്. എന്നാൽ, വിളവെടുപ്പ് കഴിയുന്നമുറയ്ക്ക് ഇവ പൊടിച്ചുമാറ്റുന്നതിലൂടെ വേഗം ലയിച്ച് ചേർന്ന് മണ്ണിന്റെ ജൈവാംശം മെച്ചപ്പെടുത്തുന്നതിന് പുറമെ, സ്ഥലം ലാഭിക്കാനും ആവശ്യമെങ്കിൽ വാഴത്തണ്ടുകൾ കമ്പോസ്റ്റിംഗ് നടത്തി വളമാക്കി മാറ്റാനും കഴിയും.

ഒരു ഏക്കർ തോട്ടത്തിൽ 30 ടൺ വരെ വാഴത്തണ്ടുകൾ ഉണ്ടാകും. ഇവ മണിക്കൂറിൽ 4 ടൺ എന്ന തോതിൽ യന്ത്രമുപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മാറ്റാൻ കഴിയും. ഇവ മണ്ണിൽ ലയിച്ചുചേരുന്നതോടെ രാസവളങ്ങളുടെ ഉപയോഗം 16 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് കെവികെയിലെ വിദഗ്ധർ പറയുന്നു. വിളവെടുത്തശേഷമുള്ള വാഴത്തണ്ടുപയോഗിച്ച് ശേഖരിച്ച് വയ്ക്കാവുന്ന തരത്തിലുള്ള കാലിത്തീറ്റ നിർമിക്കുന്നത് ഫലപ്രദമാകുമോയെന്നതും കെവികെയിലെ വിദഗ്ധർ പഠനവിധേയമാക്കുന്നുണ്ട്.

മാലിന്യത്തിൽ നിന്നും സമ്പാദ്യമെന്ന കേന്ദ്ര സർക്കാറിന്റെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായാണ് സിഎംഎഫ്ആർഐയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കെവികെ ഈ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നത്. ആവശ്യക്കാർക്ക് കെവികെയുടെ ട്രാക്ടറും യന്ത്രങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ഫോൺ: 9562120666.

Follow Us:
Download App:
  • android
  • ios