'ഒരു മൃഗസ്‌നേഹിയെന്ന നിലയില്‍ ഞാന്‍ വളര്‍ത്തിയതില്‍ ഏറ്റവും നല്ല ഇനമാണ് ഈ പട്ടിയെന്ന് പറയാം. ഇവന്‍ കൂടെയുണ്ടെങ്കില്‍ അപരിചിതരായ ആരും നമ്മെ ആക്രമിക്കാന്‍ വരില്ലെന്നുറപ്പുണ്ട്.' സാധാരണ മനുഷ്യര്‍ക്ക് പേടിസ്വപ്‌നമായ റോട്ട് വീലറിനെക്കുറിച്ചാണ് പാലക്കാട് സ്വദേശിയായ അതുല്‍ അഭിലാഷ് ഇവിടെ സൂചിപ്പിക്കുന്നത്. ഓടിച്ചാടി നടക്കാന്‍ ധാരാളം സ്ഥലവും നല്ല വ്യായാമവും ഭക്ഷണവും ലഭിക്കുകയാണെങ്കില്‍ റോട്ട് വീലര്‍ ഹാപ്പി! വളര്‍ത്തുനായ്ക്കളെ കൂടുതല്‍ അടുത്ത് നിരീക്ഷിച്ചാല്‍ നമ്മളോട് ആശയവിനിമയം നടത്തുന്നതായി മനസിലാക്കാമെന്നതാണ് അതുലിന്റെ അനുഭവം. എന്നിരുന്നാലും ഇത്രയേറെ സ്‌നേഹമുള്ള റോട്ട് വീലറിനെ പരിചരിക്കുമ്പോള്‍ ഇത്തിരി ശ്രദ്ധയും കരുതലും നല്ലതാണ്.

ഓര്‍മവെച്ച കാലം മുതല്‍ വീട്ടില്‍ പട്ടികളെ കണ്ടുവളര്‍ന്നതാണ് അതുല്‍. ഇതുപോലെ സ്‌നേഹമുള്ള വളര്‍ത്തുമൃഗങ്ങള്‍ വേറെയില്ലെന്ന അഭിപ്രായക്കാരനാണ് ഈ ചെറുപ്പക്കാരന്‍.  അതുലിന്റെ കുടുംബാംഗങ്ങളെല്ലാം ആഫ്രിക്കയിലാണ്. എറണാകുളം രാജഗിരിയിലെ കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ബി.ബി.എ അവസാന വര്‍ഷവിദ്യാര്‍ഥിയായ അതുലിന് നായക്കമ്പം ഇത്തിരിക്കൂടുതലാണ്. വീട്ടില്‍ അനുജത്തിക്കും മുത്തശ്ശിക്കുമെല്ലാം റോട്ട് വീലറിനോട് ഏറെ ഇഷ്ടമാണ്.

വയനാട് ജില്ലയില്‍ അറുപത് വയസുള്ള സ്ത്രീ റോട്ട് വീലറിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്തകളുണ്ടായിരുന്നു. വീട്ടില്‍ യജമാനനില്ലാത്ത അവസരം നോക്കി രക്ഷപ്പെട്ട് പുറത്തെത്തിയ പട്ടികളാണ് വഴിയാത്രക്കാരിയെ ആക്രമിച്ചത്. അതുപോലെ ചെന്നൈയില്‍ സ്വന്തം മകന്‍ വളര്‍ത്തിയ റോട്ട് വീലറിന്റെ കടിയേറ്റ് അമ്മ മരിച്ച സംഭവവുമുണ്ടായി. അതേസമയം തന്നെ ഇങ്ങ് കേരളത്തില്‍ 'അപ്പം തിന്നാന്‍ കൈകൊട്ട്, ഡോറ മോള് കൈകൊട്ട്' തുടങ്ങിയ ഉടമയുടെ പാട്ടിന് കൈകൊട്ടിക്കളിക്കുന്ന റോട്ട് വീലറിനെയും നമ്മള്‍ കണ്ടതാണ്. ശരിക്കും റോട്ട് വീലര്‍ എങ്ങനെയാണ്? 

റോട്ട് വീലര്‍ അപകടകാരിയാണോ?

റോട്ട് വീലറുമായി സൗഹൃദം സ്ഥാപിച്ച അതുലിന് പറയാനുള്ളത് ഇതാണ്, 'ആള്‍ക്കാരെ ആക്രമിച്ചുവെന്ന് പറയുന്ന കേസുകളുണ്ടാകാം. പരിചരിക്കുന്നവര്‍ നായയുടെ സ്വഭാവം നന്നായി മനസിലാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ചങ്ങലയോടൊപ്പം സുരക്ഷിതത്വത്തിനായി മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. നമ്മള്‍ പട്ടിയെ എങ്ങനെ വളര്‍ത്തുന്നുവെന്നത് ആക്രമണസ്വഭാവവുമായി ബന്ധമുണ്ട്'.

പട്ടികളെ വാങ്ങുന്നവര്‍ സ്വഭാവരീതികളൊന്നും അറിയാതെയാണ് വാങ്ങുന്നത്. നല്ല ശക്തിയുള്ള ഇനമാണിത്. ചുരുങ്ങിയത് 40 കി.ഗ്രാം എങ്കിലും ഭാരമുണ്ടാകും. കൈകാര്യം ചെയ്യുന്നവര്‍ക്കും നല്ല ആരോഗ്യമുണ്ടായിരിക്കണം. ഇല്ലെങ്കില്‍ നടക്കാനിറങ്ങിയാല്‍ പട്ടി നമ്മളെയും വലിച്ച് നെട്ടോട്ടമോടുന്ന അവസ്ഥ വരാമെന്ന് അതുല്‍ സൂചിപ്പിക്കുന്നു. മത്സരത്തിനായി വളര്‍ത്തുമ്പോള്‍ ധാരാളം പോഷകങ്ങളും വൈറ്റമിനുകളും ബീഫുമൊക്കെ കൊടുത്തുവളര്‍ത്തുന്നവരുണ്ടാകാം. എന്നാല്‍, സാധാരണ ചിക്കനും മുട്ടയും കൊടുത്ത് വളര്‍ത്താവുന്ന ഇനം തന്നെയാണ് റോട്ട്‌വീലര്‍.

'നമ്മള്‍ ആദ്യമായി വളര്‍ത്തുനായകളുമായി പുറത്ത് നടക്കാനിറങ്ങുമ്പോള്‍ വെളിയിലുള്ള പട്ടികളെ കാണുമ്പോള്‍ നമ്മുടെ പട്ടികളെ പേടിപ്പിക്കുമോയെന്ന ചിന്തയായിരിക്കും നമുക്ക്. എന്നാല്‍ റോട്ട് വീലറിനെയും കൊണ്ട് നടക്കാനിറങ്ങിയപ്പോള്‍ മറ്റുള്ള നായകള്‍ പേടിച്ച് മാറിനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. വഴിയിലുള്ളവരെല്ലാം ഭയത്തോടുകൂടി മാറിപ്പോകുകയായിരുന്നു.'

തുടക്കക്കാര്‍ക്ക് പറ്റിയ ഇനമല്ല

കുടുംബ സുഹൃത്തില്‍ നിന്നാണ് അതുല്‍ റോട്ട് വീലറെ വാങ്ങിയത്. നല്ല ഡിമാന്റുള്ള ഇവയ്ക്ക് വിലയും കൂടുതലാണ്. 20,000 മുതലാണ് ഈ ഇനങ്ങളുടെ വില. ചാമ്പ്യന്‍ ആയി വിലസുന്ന നായകളുടെ കുഞ്ഞുങ്ങള്‍ക്ക്  വില കൂടും. ഫേസ്ബുക്കില്‍ നിന്നും പട്ടികളെ വളര്‍ത്തുന്നവരെ കണ്ടെത്തി പുതിയ ഇനങ്ങളെ വാങ്ങാനും കഴിയും.

ഒരു തുടക്കക്കാരനെന്ന നിലയ്ക്ക് വളര്‍ത്താന്‍ പറ്റിയ ഇനമല്ല റോട്ട് വീലര്‍. പെട്ടെന്ന് ഇണങ്ങുന്ന മറ്റേതെങ്കിലും ഇനത്തെ വളര്‍ത്തി അവയെ ഇരിക്കാനെങ്കിലും പഠിപ്പിച്ച ശേഷം മാത്രമേ ഇതുപോലുള്ള ശൗര്യമുള്ള ഇനങ്ങളെ വാങ്ങാന്‍ പാടുള്ളുവെന്ന് അതുല്‍ ഓര്‍മിപ്പിക്കുന്നു. 'ഞാന്‍ ആദ്യമായി വളര്‍ത്തിയ ഇനങ്ങളില്‍ നാടന്‍പട്ടികളും ലാബ്രഡോറും പോമറേനിയനും ഉള്‍പ്പെടുന്നു. പഗും മാള്‍ടിസും റോഡേഷ്യന്‍ റിഡ്ജ്ബാക്കും വീട്ടില്‍ വളര്‍ത്തിയിട്ടുണ്ട്. മാള്‍ടിസും റോഡേഷ്യനും ആഫ്രിക്കയില്‍ ലഭ്യമാകുന്ന ഇനമാണ്. ഇതില്‍ ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ പരിപാലിക്കാന്‍ കഴിയുന്നത് നമ്മുടെ നാടന്‍പട്ടികള്‍ തന്നെയാണ്. എന്നാല്‍ വളരെ സൗഹൃദമുള്ളതും പെട്ടെന്ന് ഇണങ്ങുന്നതും ലാബ്രഡോര്‍ ആണ്.'

റോട്ട് വീലറിനെ കില്ലര്‍ ഡോഗ് എന്ന് നാമകരണം ചെയ്ത് മാറ്റിനിര്‍ത്തേണ്ട ആവശ്യമൊന്നുമില്ല. നന്നായി പരിചരിച്ച് വളര്‍ത്തുന്നവരോട് ഏറെ സ്‌നേഹം പ്രകടിപ്പിക്കുന്ന ഈ ഇനം യജമാനന്റെ സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. ഏതൊരു വളര്‍ത്തുമൃഗത്തെയും സ്വഭാവ സവിശേഷതകള്‍ മനസിലാക്കി വളര്‍ത്താന്‍ ശ്രമിക്കുകയെന്നതാണ് പ്രധാനം. തനിച്ച് താമസിക്കുന്ന അതുലിന് റോട്ട് വീലര്‍ ഉള്ളിടത്തോളം കാലം അക്രമികളെ പേടിക്കേണ്ടതില്ലെന്ന് ഉറപ്പുപറയാന്‍ കഴിയുമെങ്കില്‍ ഈ വളര്‍ത്തുനായ നല്‍കുന്ന സുരക്ഷിതത്വബോധം എത്രയുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇതുതന്നെയാണ് ഈ ഇനത്തില്‍പ്പെട്ട നായയുടെ ഗുണവും.

(ചിത്രങ്ങള്‍: അതുല്‍ അഭിലാഷ്)