കമ്പോസ്റ്റ് ഉണ്ടാക്കാനായി പുതിയ എന്തെങ്കിലും വസ്തുക്കള്‍ ചേര്‍ക്കുന്നതിന് മുമ്പ് അല്‍പം ഒന്ന് ചിന്തിക്കാം. നിലക്കടലയുടെ തോട് ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിച്ചാല്‍ ചെടികള്‍ക്ക് ഗുണകരമാണോ?

നിലക്കടല ഭൂമിക്കടിയില്‍ വളരുന്നതിനാല്‍ പ്രകൃതിതന്നെ നല്‍കിയ ചില ഗുണങ്ങളുണ്ട്. ഇത് കമ്പോസ്റ്റ് നിര്‍മാണത്തില്‍ ദോഷങ്ങളുണ്ടാക്കുന്നില്ല. എന്നാല്‍ വാള്‍നട്ട് ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിക്കരുത്. ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം കാരണം തക്കാളിച്ചെടിയുടെ വളര്‍ച്ച തടയപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നിലക്കടല വാങ്ങുമ്പോള്‍ തൊലി പൊളിച്ച് സൂക്ഷിച്ചുവെച്ചാല്‍ മതി. ഇത് ചെറിയ കഷണങ്ങളാക്കാനുള്ള എളുപ്പത്തിനായി തറയിലിട്ടശേഷം ഭാരമുള്ള വസ്തു ഉപയോഗിച്ച് അമര്‍ത്താം. ഇങ്ങനെ പൊടിച്ച നിലക്കടലത്തോട് ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളുമായി ചേര്‍ത്ത് കമ്പോസ്റ്റ് നിര്‍മിക്കാം. പൂന്തോട്ടത്തിലെ അല്‍പം മണ്ണും പച്ചിലകളും കൂടി ചേര്‍ത്ത് നനച്ചാണ് കമ്പോസ്റ്റ് തയ്യാറാക്കുന്നത്.

വളരെ എളുപ്പത്തില്‍ നിലക്കടലയുടെ തോട് ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിക്കാം. കനംകൂടിയതും വരണ്ടതുമായ തോട് ആയതുകൊണ്ട് പൊളിച്ചെടുത്ത് വെള്ളത്തില്‍ കുതിര്‍ത്താല്‍ മതി. 12 മണിക്കൂര്‍ കുതിര്‍ത്ത് വെച്ച ശേഷം കമ്പോസ്റ്റ് കൂമ്പാരത്തിലേക്ക് നിലക്കടലത്തോട് ഇട്ടുകൊടുക്കുന്നതാണ് ഒരു രീതി. അല്ലെങ്കില്‍ നേരിട്ട് കമ്പോസ്റ്റ് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഇട്ട് നനച്ചുകൊടുത്താലും മതി. ഉപ്പുരസം കലര്‍ന്ന തോട് ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും നേരത്തേതന്നെ വെള്ളത്തില്‍ കുതിര്‍ത്ത് ഉപ്പിന്റെ അംശം കളയണം.