Asianet News MalayalamAsianet News Malayalam

തക്കാളിക്കൊമ്പൻ പുഴുവിനെ തുരത്താൻ മൂന്നു വഴികൾ

എല്ലാ ദിവസവും ചെടികൾ പരിശോധിക്കുക. ഇലകൾ തിന്നു തുടങ്ങിയതിന്റെയോ മുട്ടകൾ ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്നതിന്റെയോ സൂചനകൾ ഉണ്ടെങ്കിൽ പുഴുവിന്റെ ആക്രമണം ഉണ്ടെന്ന് ഉറപ്പ്. 

how to get rid of Tomato Hornworm from our garden
Author
Thiruvananthapuram, First Published Nov 15, 2020, 3:59 PM IST

തക്കാളിച്ചെടികളിൽ സാധാരണയായി കണ്ടുവരുന്ന പച്ചനിറത്തിലുള്ള പുഴുവാണ് തക്കാളിപ്പുഴു അഥവാ ടൊമാറ്റോ ഹോൺ വേം.  (Tomato Horn Worm). മൺഡൂക ക്വിൻക്യുമേക്യുലേറ്റ (Manduca quinquemaculata) എന്ന ശാസ്ത്രീയ നാമമുള്ള ഈ പുഴുവിന് ഏഴു മുതൽ പതിനഞ്ചു വരെ സെന്റീമീറ്റർ നീളമുണ്ടാകും. പുകയിലച്ചെടികളിൽ കണ്ടുവരുന്ന പച്ചനിറത്തിലുള്ള പുഴുവിനു സമാനമായ സ്വഭാവ സവിശേഷതകൾ കാണിക്കുന്നവയാണ് ഇവ. തിളങ്ങുന്ന പച്ചനിറമുള്ള ഈ പുഴുവിന്റെ ശരീരത്തിൽ എഴു വെള്ള വരകൾ ഉണ്ടാവാറുണ്ട്. പിൻഭാ​ഗത്തായി കറുപ്പോ ചുവപ്പോ നിറത്തിൽ ചെറിയ ഒരു കൊമ്പും.  

തക്കാളിയെ മാത്രമല്ല ഉരുളക്കിഴങ്ങിനെയും പച്ചമുളകിനെയും ഇവ ആക്രമിക്കാറുണ്ട്. ഇലകൾ മുഴുവനായി തിന്നുകളഞ്ഞോ തണ്ടുകൾ തുരന്നു തിന്നോ പഴങ്ങൾ തുരന്നു തിന്നോ ഇവ ചെടികളെ മുച്ചൂടും മുടിക്കും. ഏതു ചെടികളിലാണോ കണ്ടുവരുന്നത്, മിക്കവാറും അതേ ചെടിയുടെ നിറമായിരിക്കും എന്നതിനാൽ ഇവയെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ പാടാണ്. ഒറ്റ പുഴു മതി ഒരു ചെടിയുടെ ഇലകളും തണ്ടുകളും ഒരാഴ്ചയ്ക്കകം തിന്നു തീർക്കാൻ. 

പുഴുവിനെ കണ്ടുപിടിക്കാൻ

1. എല്ലാ ദിവസവും ചെടികൾ പരിശോധിക്കുക. ഇലകൾ തിന്നു തുടങ്ങിയതിന്റെയോ മുട്ടകൾ ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്നതിന്റെയോ സൂചനകൾ ഉണ്ടെങ്കിൽ പുഴുവിന്റെ ആക്രമണം ഉണ്ടെന്ന് ഉറപ്പ്. ഇലകളുടെ മാംസളമായ ഭാ​ഗം മാത്രം തിന്ന് അതിലെ ഞരമ്പുകൾ നിലനിർത്തുന്ന ശീലമായതിനാൽ ആക്രമണം എളുപ്പത്തിൽ തിരിച്ചറിയാം. 

2. ഇലകളുടെ മേൽഭാ​ഗവും അടിവശവും കൃത്യമായി പരിശോധിക്കുക. ചെടികൾക്കടുത്ത് ഇവയുടെ വിസർജ്യങ്ങൾ ഉണ്ടോ എന്നു നോക്കുക. മുയൽക്കാഷ്ഠത്തിനു സമാനമാണ് ഇവയുടെ വിസർജ്യങ്ങൾ.

3. ആദ്യഘട്ടത്തിൽ, വെള്ളം സ്പ്രേ ചെയ്താൽ തന്നെ പുഴുവിനെ ചെടിയിൽനിന്ന് വേർപെടുത്താനാവും. ലിക്വിഡ് സോപ്പ് വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ ഇവ അസ്വസ്ഥരായി ചെടികളിൽ ഓടുന്നതു കാണാം. താഴെ വീഴുന്നവയെ ഒരു പാത്രത്തിൽ നിറച്ചുവച്ചിരിക്കുന്ന സോപ്പുവെള്ളത്തിൽ പിടിച്ചിട്ടാൽ മതി. തക്കാളിപ്പുഴുവിനെ പെറുക്കുമ്പോൾ വെറും കൈകൊണ്ട്, പെറുക്കരുത്, കൈയുറ നിർബന്ധമായും ധരിക്കണം. അല്ലെങ്കിൽ അവയുടെ ശരീരത്തിൽനിന്നുള്ള ചില രാസദ്രവ്യങ്ങൾ കൈക്ക് ചൊറിച്ചിലോ പൊള്ളലോ ഉണ്ടാക്കാം. 

ഇവയുടെ ആക്രമണം തടയാൻ മൂന്ന് എളുപ്പവഴികൾ ഉണ്ട്.

1. ചെടികളിൽ ഇടയ്ക്കിടെ സോപ്പുവെള്ളം സ്പ്രേ ചെയ്യുക

2. ഒരേ തരത്തിലുള്ള ചെടികൾ ഒരുമിച്ചു വളർത്താതെ പലതരം ചെടികൾ ഇടകലർത്തി വളർത്തുക.

3. വെളുത്തുള്ളി ചതച്ച്, വെള്ളത്തിൽ കലക്കി ആ വെള്ളം സ്പ്രേ ചെയ്യുക. 

ഏറ്റവും പ്രധാനം എല്ലാ ദിവസവും തക്കാളി ചെടികൾ പരിശോധിച്ച് ഈ പുഴുവിന്റെ മുട്ടകളോ വിസർജ്യമോ ഉണ്ടോ എന്നു നോക്കി ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അവയെ നശിപ്പിക്കുക എന്നതാണ്.

Follow Us:
Download App:
  • android
  • ios