Asianet News MalayalamAsianet News Malayalam

ബ്ലഡ് ലില്ലി പൂക്കള്‍ നിറയുന്ന പൂന്തോട്ടം; വീട്ടിനുള്ളിലും വളര്‍ത്താം

ചൂടുള്ള കാലാവസ്ഥയിലാണ് ഈ ചെടി പുറത്ത് വളര്‍ത്താന്‍ അനുയോജ്യം. ബള്‍ബുകള്‍ പോലുള്ള വളര്‍ച്ചയുള്ള ഭാഗമാണ് നട്ടുവളര്‍ത്താന്‍ ഉപയോഗിക്കുന്നത്. 

how to grow African Blood Lily Plant
Author
Thiruvananthapuram, First Published Dec 24, 2020, 3:29 PM IST

സൗത്ത് ആഫ്രിക്കന്‍ സ്വദേശിയായ ബ്ലഡ് ലില്ലി പല പേരുകളിലും അറിയപ്പെടുന്ന മനോഹരമായ പൂക്കളുണ്ടാകുന്ന ചെടിയാണ്. പെയിന്റ് ബ്രഷ് ലില്ലി എന്നും സ്‌നേക്ക് ലില്ലി പ്ലാന്റ് എന്നും ഈ ചെടി വിളിക്കപ്പെടുന്നുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ രക്തത്തിന്റെ നിറത്തിലുള്ള പൂക്കള്‍ മാത്രമല്ല ഈ ചെടിയിലുണ്ടാകുന്നത്. ഒന്നുകില്‍ വെളുത്ത നിറത്തിലോ ചുവപ്പിന്റെ വകഭേദങ്ങളായോ കൂട്ടത്തോടെയോ ചെറിയ പെയിന്റ് ബ്രഷിന്റെ രൂപത്തില്‍ ഈ പൂക്കള്‍ കാണപ്പെടുന്നുണ്ട്. ഇതിനുചുറ്റിലുമായി വെളുപ്പോ കടുംപച്ചയോ നിറത്തിലുള്ള സഹപത്രങ്ങളും ഈ പൂക്കളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ബ്ലഡ് ലില്ലിയുടെ വിശേഷങ്ങള്‍ അറിയാം.

ആഫ്രിക്കന്‍ ബ്ലഡ് ലില്ലി എന്നയിനത്തിന് ആകര്‍ഷകമായ നിറത്തിലുള്ള ഇലകളും മുട്ടയുടെ ആകൃതിയിലുള്ള ബള്‍ബുകളുമുണ്ടായിരിക്കും. ചൂടുള്ള കാലാവസ്ഥയിലാണ് ഈ ചെടി പുറത്ത് വളര്‍ത്താന്‍ അനുയോജ്യം. ബള്‍ബുകള്‍ പോലുള്ള വളര്‍ച്ചയുള്ള ഭാഗമാണ് നട്ടുവളര്‍ത്താന്‍ ഉപയോഗിക്കുന്നത്. നല്ല പോഷകമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ആവശ്യം. പൂര്‍ണ സൂര്യപ്രകാശത്തിലോ പകുതി തണലുള്ള സ്ഥലത്തോ ചെടി വളരും.

ഈ ചെടി പാത്രങ്ങളിലും വളര്‍ത്താം. രാത്രികാല താപനില വളരെ താഴുമ്പോള്‍ ചെടികള്‍ വളര്‍ത്തുന്ന പാത്രം വീട്ടിനകത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതം. സ്ഥിരമായി ഈര്‍പ്പം നിലനില്‍ക്കുന്ന മണ്ണിലാണ് ചെടി നന്നായി വളരുന്നത്. പക്ഷേ, വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. മിതമായ അളവില്‍ ഈര്‍പ്പം ആവശ്യമാണ്. ക്രമേണ വെള്ളത്തിന്റെ അളവ് കുറച്ച് കൊണ്ടു വന്ന് വേനല്‍ക്കാലം തീരാറാകുമ്പോഴേക്കും ഇലകള്‍ ഉണങ്ങിപ്പോകുന്ന തരത്തിലാകണം. വളര്‍ച്ചാഘട്ടത്തില്‍ രണ്ട് തവണ വളപ്രയോഗം നടത്താറുണ്ട്. ചെറിയ അളവില്‍ വിഷാംശമുള്ള ചെടിയായതിനാല്‍ കുട്ടികള്‍ കടിച്ച് ചവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Follow Us:
Download App:
  • android
  • ios