മരത്തില്‍ പറ്റിപ്പിടിച്ച് വളരുന്നവയും ചട്ടിയില്‍ വളര്‍ത്താവുന്നവയുമായ മനോഹരമായ പൂച്ചെടികളാണല്ലോ ബ്രൊമീലിയാഡുകള്‍. ഇതില്‍ത്തന്നെ ഏറ്റവും എളുപ്പത്തില്‍ വളര്‍ത്താവുന്നതും ഭംഗിയുള്ള പൂക്കളുണ്ടാകുന്നതുമായ ഗുസ്മാനിയ പൂച്ചെടികളെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രിയങ്കരിയാണ്. തെക്കേ അമേരിക്കന്‍ സ്വദേശിയായ ഈ പൂച്ചെടിയില്‍ 120 വ്യത്യസ്തമായ ഇനങ്ങളുണ്ടെന്നതും കൗതുകകരമാണ്.

എപ്പിഫൈറ്റിക് ആയ ചെടിയാണിത്. മരത്തില്‍ വേര് പിടിപ്പിച്ച് വളരുകയും അതേസമയം പോഷകങ്ങള്‍ വലിച്ചെടുത്ത് ആതിഥേയ വൃക്ഷത്തെ നശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന പൂച്ചെടി. ഇനങ്ങളിലെ വ്യത്യാസമനുസരിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പര്‍പ്പിള്‍ നിറങ്ങളില്‍ ഈ പൂക്കള്‍ കാണപ്പെടുന്നു. ഇലകള്‍ കനംകുറഞ്ഞതും കടുംപച്ചനിറമുള്ളതുമാണ്. നക്ഷത്രം വിവിധ നിറങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന പ്രതീതിയാണ് ഈ പൂക്കള്‍ക്ക്.

ഇലകള്‍ മഴവെള്ളത്തെ ആഗിരണം ചെയ്യുകയും പ്രകൃതിദത്തമായ രീതിയില്‍ അഴുകിയ ഇലകളില്‍ നിന്നും പക്ഷികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നും പോഷകങ്ങള്‍ വലിച്ചെടുക്കുകയും ചെയ്യുന്നു.

ഗുസ്മാനിയ ചട്ടികളിലും നന്നായി വളര്‍ത്താം. ചെറിയ ഭംഗിയുള്ള കല്ലുകള്‍ സെറാമിക് അല്ലെങ്കില്‍ ടെറാക്കോട്ട പാത്രത്തിന്റെ അടിയില്‍ നിരത്തിയാല്‍ മതി. ഇതിന് മുകളിലായി ഓര്‍ക്കിഡുകള്‍ക്ക് ഉപയോഗിക്കുന്ന പോട്ടിങ്ങ് മിശ്രിതം നിറച്ച് ചെടി നടാം.

പരിചരിക്കാന്‍ വളരെ എളുപ്പമാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് മാറ്റിനിര്‍ത്തി വളര്‍ത്താവുന്നതാണ്. മങ്ങിയ വെളിച്ചത്തിലും വളരും. വേനല്‍ക്കാലത്ത് പോട്ടിങ്ങ് മിശ്രിതം ഈര്‍പ്പമുള്ളതായി നിലനിര്‍ത്തണം.

13 ഡിഗ്രി സെല്‍ഷ്യസിലും മുകളിലുള്ള താപനിലയിലാണ് ഗുസ്മാനിയ വളരുന്നത്. ഉഷ്ണമേഖലയില്‍ നന്നായി വളരുന്ന സസ്യമാണിത്. വേനല്‍ക്കാലത്ത് വളരെ കൃത്യമായ വളപ്രയോഗം രണ്ടാഴ്ച കൂടുമ്പോള്‍ നടത്താം. വേനല്‍ അവസാനിക്കുമ്പോള്‍ വളത്തിന്റെ അളവ് കുറയ്ക്കണം.