കൃഷി ചെയ്യുന്നതിന് മുമ്പായി നിലം നന്നായി ഉഴുതുമറിച്ച് ജൈവവളങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. വിത്ത് മുളപ്പിച്ചാണ് ചെടികള്‍ വളര്‍ത്തുന്നത്. രോഗത്തില്‍ നിന്ന് മുക്തമായതും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ വിത്തുകളാണ് മുളപ്പിക്കാനായി ഉപയോഗിക്കുന്നത്. 

ചെറിയ പൂക്കളോട് കൂടി കുറ്റിച്ചെടിയായി വളരുന്ന അമുക്കുരം അഥവാ അശ്വഗന്ധ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി വരുമാനം നേടാന്‍ സഹായിക്കുന്ന ഔഷധ സസ്യമാണ്. ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയായ ഇത് ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. വിന്‍റര്‍ ചെറിയെന്നും പോയിസണ്‍ ഗൂസ്‌ബെറിയെന്നും അമുക്കുരം അറിയപ്പെടുന്നുണ്ട്. ഈ ചെടിയുടെ പഴുത്ത പഴങ്ങള്‍ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്നു. അമുക്കുരത്തിന്‍റെ വേരുകളാണ് ആയുര്‍വേദത്തിലും യുനാനി ചികിത്സയിലും ഫലപ്രദമായി ഉപയോഗിക്കുന്നത്. സോളനേഷ്യ കുടുംബത്തിലെ അംഗമാണ് വിതാനിയ സോമ്‌നിഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന അമുക്കുരം.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കൊളസ്‌ട്രോള്‍ അംശം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഔഷധസസ്യമാണിത്. വിഷാദം, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവയെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും ഈ ചെടിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്,രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

പല സ്ഥലങ്ങളില്‍ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. ഹിന്ദിയില്‍ അജഗന്ധ എന്നും തമിഴില്‍ അമുക്കുര, അസുരഗന്ധി എന്നും ബംഗാളിയില്‍ ധുപ്പ എന്നും കന്നഡയില്‍ കാഞ്ചുകി എന്നും മറാത്തിയില്‍ തില്ലി എന്നുമാണ് അറിയപ്പെടുന്നത്.

കൃഷിരീതിയും പരിപാലനവും

സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്തും വളരും. വര്‍ഷത്തില്‍ പെയ്യുന്ന ആകെ മഴയുടെ അളവ് 500 മുതല്‍ 800 മി.മീ എന്ന തോതില്‍ കണക്കാക്കുന്ന സ്ഥലത്താണ് ഈ ചെടി ഏറ്റവും നന്നായി വളരുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ വേനലാണ് അഭികാമ്യം. 20 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള കാലാവസ്ഥയാണ് ചെടി വളരാന്‍ അനുയോജ്യം.

ഇളം ചുവന്ന നിറമുള്ള മണ്ണിലും മണല്‍ അടങ്ങിയ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലും അശ്വഗന്ധച്ചെടി നന്നായി വളരും. മണ്ണിന്റെ പി.എച്ച് മൂല്യം 7.5 -നും 8.0 -നും ഇടയിലായിരിക്കണം.

കൃഷി ചെയ്യുന്നതിന് മുമ്പായി നിലം നന്നായി ഉഴുതുമറിച്ച് ജൈവവളങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. വിത്ത് മുളപ്പിച്ചാണ് ചെടികള്‍ വളര്‍ത്തുന്നത്. രോഗത്തില്‍ നിന്ന് മുക്തമായതും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ വിത്തുകളാണ് മുളപ്പിക്കാനായി ഉപയോഗിക്കുന്നത്. മണലും ജൈവകമ്പോസ്റ്റും യോജിപ്പിച്ച മണ്ണിലേക്കാണ് വിത്തുകള്‍ നടുന്നത്. ഒരു ഹെക്ടറിലേക്ക് ഏകദേശം 5 കി.ഗ്രാം വിത്തുകള്‍ ആവശ്യമായി വരും. ജൂണ്‍-ജൂലായ് മാസങ്ങളിലാണ് സാധാരണയായി നഴ്‌സറിയില്‍ വിത്ത് മുളപ്പിക്കുന്നത്. മണ്‍സൂണ്‍ കാലത്തിന്റെ തുടക്കത്തിന് തൊട്ടുമുമ്പായി വിത്തുകള്‍ വിതയ്ക്കണം. ആറോ ഏഴോ ദിവസങ്ങള്‍ കൊണ്ട് വിത്ത് മുളയ്ക്കും. ഏകദേശം 40 ദിവസം പ്രായമായ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാവുന്നതാണ്.

30 സെ.മീ അകലത്തിലായിരിക്കണം ഓരോ ചെടികളും നടേണ്ടത്. വിത്ത് വിതയ്ക്കുമ്പോള്‍ ഒരു സെ.മീ മുതല്‍ 3 സെ.മീ വരെ മാത്രം ആഴത്തിലായിരിക്കണം. വിത്തിന്റെ മുകളില്‍ വളരെ കനംകുറച്ച് മണ്ണ് മൂടണം.

മണ്ണിരക്കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഏറ്റവും നല്ല വളര്‍ച്ചാസഹായികള്‍. ഒരു ഹെക്ടര്‍ സ്ഥലത്ത് ഒന്നു മുതല്‍ 1.5 ടണ്‍ മണ്ണിരക്കമ്പോസ്റ്റ് ആവശ്യമായി വരും. ഉയര്‍ന്ന വിളവ് ലഭിക്കാനായി 15 കി.ഗ്രാം നൈട്രജനും 15 കി.ഗ്രാം ഫോസ്‍ഫറസും ഒരു ഹെക്ടറില്‍ നല്‍കാം. വളക്കൂറില്ലാത്ത മണ്ണാണെങ്കില്‍ 40 കി.ഗ്രാം നൈട്രജനും 40 കി.ഗ്രാം ഫോസ്ഫറസും ഒരു ഹെക്ടറില്‍ ആവശ്യമായി വരും.

വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഈ ചെടി വളര്‍ത്തരുത്. തൈകള്‍ പറിച്ചുനടുമ്പോള്‍ ചെറുതായി നനച്ചാല്‍ വേരുകള്‍ മണ്ണില്‍ ഉറച്ച് വളരുന്നതാണ്. വേരുകള്‍ക്ക് ക്ഷമതയുണ്ടാകാനായി ആഴ്‍ചയിലൊരിക്കല്‍ നനയ്ക്കുന്നതാണ് നല്ലതെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ഉണങ്ങിയ ഇലകളും കായകള്‍ക്കുണ്ടാകുന്ന ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറവുമാണ് വിളവെടുക്കാന്‍ പാകമായെന്ന് തെളിയിക്കുന്ന അടയാളം. 160 മുതല്‍ 180 ദിവസങ്ങള്‍ക്കുള്ളിലാണ് പൂര്‍ണവളര്‍ച്ചയെത്തി വിളവെടുക്കാവുന്നത്. വേരുകള്‍ ഉണക്കിയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്ന് 450 മുതല്‍ 500 കി.ഗ്രാം വരെ വേരുകളും 50 കി.ഗ്രാം വിത്തുകളും വിളവെടുക്കാം.