നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്താൽ പെട്ടന്ന് മുള പൊട്ടും.

പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധപുലർത്തിയാൽ നൂറുമേനി വിളവ് ലഭിക്കും. കേരളത്തിൽ കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ

മെയ്‌ -ആഗസ്റ്റ്‌, സെപ്റ്റംബർ -ഡിസംബർ, ജനുവരി -മാർച്ച്‌ മാസങ്ങളാണ് പാവലിന്റെ നടീൽ സമയം. പ്രിയ, പ്രിയങ്ക , പ്രീതി, എന്നിവയാണ് മികച്ച വിളവ് ലഭിക്കുന്ന വിത്തിനങ്ങൾ. കൃഷിക്കായി ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പാവലിന് ഒരു സെന്റിന് 20-25 ഗ്രാം വിത്ത് മതിയാകും. ചാക്കിലാണ് നടുന്നതെങ്കിൽ ഒരു ചാക്കിൽ 2-3 വിത്തുകൾ നടാം.

നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്താൽ പെട്ടന്ന് മുള പൊട്ടും. കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ തേക്കിലയിലോ വട്ടയിലയിലോ കുമ്പിൾ കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദേശിക്കുന്ന സ്ഥലത്ത് നടാം.

നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണകപ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം. വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് പ്രധാനപ്പെട്ട കീടങ്ങളായ പച്ചത്തുള്ളൻ, വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം.

പാവയ്ക്കയുടെ പ്രധാന ശത്രു കായീച്ചയാണ്. കായ് പിടിക്കുന്ന ഘട്ടത്തിൽ കായീച്ചകളെ അകറ്റിനിർത്താൻ കടലാസ് ഉപയോഗിച്ച് കായ പൊതിഞ്ഞു സംരക്ഷിക്കാം. ഫിഷ്‌ അമിനോ ആസിഡ്, സി പോം തുടങ്ങിയ ജൈവവളങ്ങളും കീടങ്ങളെ അകറ്റാൻ ഉപയോഗിക്കാം. കായ്പിടുത്തം ഉറപ്പാക്കാൻ തേനീച്ചകളെ ആകർഷിക്കാനായി പൂച്ചെടികൾ സമീപം നടാവുന്നതാണ്. ചെടിക്ക് നല്ല തളിർപ്പ് വരാനും കൂടുതൽ പൂക്കളുണ്ടാകാനും വേണ്ടി തൈ വളർന്ന് 3-4 ആഴ്ചകൾക്ക് ശേഷം ശാഖകളുടെ അഗ്രഭാഗം മുറിക്കാം.