കാലങ്ങളായി ഔഷധപ്രാധാന്യമുള്ള എണ്ണ ലഭിക്കുന്ന ആവണക്കിന്‍കുരു കൃഷി ചെയ്തുണ്ടാക്കുന്നത് യൂഫോര്‍ബിയേഷ്യ സസ്യകുടുംബത്തില്‍പ്പെടുന്ന ആവണക്കില്‍ നിന്നാണ്. പഴുത്ത കുരുക്കളുടെ പുറംതോട് മാറ്റിയെടുത്താണ് എണ്ണ ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നത്. വരള്‍ച്ചയുള്ള കാലാവസ്ഥയിലും അതിജീവിക്കാന്‍ കഴിവുള്ളതിനാല്‍ ലോകത്തെങ്ങും കൃഷി ചെയ്യാന്‍ പറ്റുന്ന വിളയാണിത്. പെയിന്റ, സോപ്പ്, സോപ്പ് പൊടി എന്നിവയെല്ലാം നിര്‍മിക്കാന്‍ പ്രയോജനപ്പെടുത്തുന്ന ആവണക്കെണ്ണ ഭക്ഷണത്തിലും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ ആഗസ്റ്റ് മാസത്തോടടുപ്പിച്ച് കൃഷി ചെയ്യുന്ന ആവണക്ക് ഡിസംബര്‍-ജനുവരിയിലാണ് വിളവെടുപ്പ് നടത്തുന്നത്.

ആവണക്കിന്‍കുരു പ്രധാനമായും കൃഷി ചെയ്തുണ്ടാക്കുന്നത് ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്. അതുപോലെ ഇന്ത്യ, ബ്രസീല്‍, ചൈന, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും പ്രധാന ഉത്പാദകരാണ്. ആഗോള വ്യാപകമായ ഉത്പാദനത്തിന്റെ 96.2 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണ്.

ആവണക്കെണ്ണയ്ക്ക് നല്ല വില ലഭിക്കുന്നുണ്ട്. പ്രകൃതിദത്തമായ കൃഷിരീതികള്‍ തന്നെയാണ് മിക്ക കര്‍ഷകരും അവലംബിക്കുന്നത്. ആവണക്കിന്‍ കുരുവില്‍ 45 ശതമാനത്തോളം ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണയാണ് അടങ്ങിയിട്ടുള്ളത്. ഈ വിത്തുകള്‍ക്ക് ഏകദേശം 15 മി.മീ വരെ നീളവും 9 മി.മീ വരെ വീതിയും 8 മി.മീ വരെ കനവും ഉണ്ടായിരിക്കും. കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ഉയര്‍ന്ന ഗുണനിലവാരവും നല്ല വിത്തുഗുണവുമുള്ളതായിരിക്കണം.

വളരെ കൃത്യമായ വളര്‍ച്ചയുള്ള വേരുപടലമാണ് ഈ ചെടിക്ക്. നല്ല ശാഖകളോടുകൂടിയ തണ്ടുകളാണ്. ചുവപ്പോ പച്ചയോ അല്ലെങ്കില്‍ രണ്ട് നിറങ്ങളും ചേര്‍ന്ന പോലെയോ ഉള്ള തണ്ടുകളാണ്. വലുതും കരതലാകാരമായതുമായ ഇലകളാണ്.

വിവിധയിനങ്ങളിലുള്ള ആവണക്ക് ചെടിയുണ്ട്. ചെടിയുടെ ശാഖകളായി വളരാനുള്ള കഴിവും തണ്ടിന്റെ നിറവും വിത്തിന്റെ വലുപ്പവുമെല്ലാം ഓരോ ഇനത്തിനും വ്യത്യാസപ്പെട്ടിരിക്കും. കൂടുതല്‍ വിളവ് തരുന്ന ചിലയിനങ്ങളാണ് എന്‍.പി.എച്ച്-1 (അരുണ), ജി.എ.യു.സി.എച്ച്-4 , ടി.എം.വി.സി.എച്ച് എന്നിവ. തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ ഓയില്‍ സീഡ് റിസര്‍ച്ച് സ്‌റ്റേഷനിലാണ് ടി.എം.വി.സി.എച്ച് എന്നയിനം ഉത്പാദിപ്പിച്ചത്. ഹൈബ്രിഡ് ഇനമായ ഈ ചെടി 170 ദിവസങ്ങള്‍കൊണ്ടാണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്. ഇവയുടെ വിത്തുകളില്‍ 51.7 ശതമാനത്തോളം എണ്ണയുണ്ടായിരിക്കും.

ഏകദേശം 20 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ആവണക്ക് മിതമായ വളര്‍ച്ചാനിരക്ക് കാണിക്കുന്നത്. എന്നിരുന്നാലും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലും അതിജീവിക്കും. വേനല്‍ക്കാലത്ത് ആവശ്യത്തിന് ചൂട് ലഭിച്ചാല്‍ മതി. കൃഷി ചെയ്യുന്ന സമയത്തിനും വിളവെടുപ്പ് കാലത്തിനും ഇടയില്‍ ഏകദേശം 500 മി.മി മഴ ലഭിക്കണം. പക്ഷേ, അതില്‍ കുറവ് മഴയുള്ള സ്ഥലത്തും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലും ആവണക്ക് വളരും. കൃഷി ചെയ്യുന്ന ഇനത്തിനനുസരിച്ച് 140 മുതല്‍ 180 വരെ ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം രൂക്ഷമായാല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുകയില്ല. അതുപോലെ വായുവില്‍ ഉയര്‍ന്ന അളവില്‍ ഈര്‍പ്പമുണ്ടായാല്‍ കീടങ്ങളും അസുഖങ്ങളും പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും.

നല്ല നീര്‍വാര്‍ച്ചയുള്ള ഏത് തരം മണ്ണിലും ആവണക്ക് കൃഷി ചെയ്യാം. അല്‍പം അമ്ലഗുണമുള്ളതും പി.എച്ച് മൂല്യം 5 -നും 6.5 -നും ഇടയിലുമുള്ളതുമായ മണ്ണിലാണ് നന്നായി വളരുന്നത്. വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കൂടുതലായി ആവശ്യമുള്ളത് നൈട്രജന്‍ അടങ്ങിയ വളമാണ്. എന്നാല്‍, അമിതമായ അളവില്‍ ഇത് പ്രയോഗിച്ചാല്‍ വിത്തുകളുടെ ഉത്പാദനം കുറയുന്ന തരത്തില്‍ ചെടി വളരും.

വിത്ത് മുളപ്പിച്ചാണ് ആവണക്ക് കൃഷി ചെയ്യുന്നത്. 50 സെ.മീ അകലത്തിലും 4 മുതല്‍ 7.5 സെ.മീ വരെ ആഴത്തിലുമാണ് വിത്ത് നടാറുള്ളത്. ഓരോ വരിയും തമ്മില്‍ ഒരു മീറ്റര്‍ അകലവും നല്‍കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 10 മുതല്‍ 12 കി.ഗ്രാം വരെ വിത്തുകള്‍ നടാവുന്നതാണ്. നല്ല ഈര്‍പ്പമുള്ള മണ്ണിലാണ് വിത്തുകള്‍ നടുന്നത്. ഏകദേശം മൂന്ന് ആഴ്ചകളെടുത്താണ് വിത്ത് മുളയ്ക്കുന്നത്.

ഒന്നോ രണ്ടോ വിത്തുകളുടെ തോടുകള്‍ ഉണങ്ങിയതുപോലെ കാണുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. മഞ്ഞനിറത്തിലാകുമ്പോളാണ് വിളവെടുപ്പ് യഥാര്‍ഥത്തില്‍ തുടങ്ങുന്നത്. എല്ലാ വിത്തുകളും ഒരേ സമയത്ത് വിളവെടുക്കാന്‍ കഴിയില്ല. രണ്ടോ മൂന്നോ തവണകളായി ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും പൂര്‍ണമായും ആവണക്കിന്‍കുരുക്കള്‍ വിളവെടുക്കാം.