ഈ ചെടിയുടെ പേര് കേട്ട് ചെടിയെ വിലയിരുത്താന്‍ കഴിയില്ല. പനയെന്നത് പേരില്‍ മാത്രമേയുള്ളു. യഥാര്‍ഥത്തില്‍ ഈ ചെടിക്ക് പനയുമായി ഒരു ബന്ധവുമില്ല. മഡഗാസ്‌കര്‍ പാം പലരും ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്തുന്നുണ്ട്.

മഡഗാസ്‌കറിന്റെ തെക്കന്‍ഭാഗങ്ങളാണ് ഈ ചെടിയുടെ ജന്മസ്ഥലം. സക്കുലന്റ് വിഭാഗത്തിന്റെയും കള്ളിച്ചെടികളുടെയും കുടുംബത്തില്‍പ്പെട്ട ഇനമാണിത്. ചൂടുള്ള കാലാവസ്ഥയില്‍ പുറത്ത് വളര്‍ത്തി പൂന്തോട്ടത്തിന്റെ രൂപഭംഗി നിലനിര്‍ത്താനും തണുത്ത കാലാവസ്ഥയില്‍ അലങ്കാരമായും വളര്‍ത്തുന്ന ചെടിയാണിത്. വീട്ടിനകത്തും വളര്‍ത്താന്‍ കഴിയുന്ന മഡഗാസ്‌കര്‍ പാമിന്റെ വിശേഷങ്ങള്‍ അറിയാം.

വീട്ടിനകത്ത് വളര്‍ത്തിയാല്‍ ഏകദേശം 4 മുതല്‍ 6 അടിയോളം ഉയരത്തില്‍ വളര്‍ന്നേക്കാം. എന്നാല്‍ പുറത്ത് വളര്‍ത്തുമ്പോള്‍ 15 അടി പൊക്കത്തില്‍ വളരും. വളരെ അപൂര്‍വമായി മാത്രം ശാഖകള്‍ വളരുന്ന ചെടിയാണിത്. തണുപ്പുകാലത്ത് പിങ്കും ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പൂക്കള്‍ വിടരും. സൂര്യപ്രകാശം ലഭിക്കുന്ന മുറിയില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്.

വേരുചീയല്‍ ഒഴിവാക്കാനായി നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തുന്ന പാത്രത്തില്‍ വളര്‍ത്തണം. വിത്ത് മുളപ്പിച്ചും ചിലപ്പോള്‍ ഈ ചെടി വളര്‍ത്താറുണ്ട്. വിത്തുകള്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കണം. വളരെ സാവധാനം മാത്രം മുളയ്ക്കുന്ന സ്വഭാവമുള്ള വിത്തുകളാണ്. അതുകൊണ്ടുതന്നെ ചിലപ്പോള്‍ ആറുമാസത്തോളം നിങ്ങള്‍ക്ക് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.

ചെടിയുടെ താഴ്ഭാഗത്തുനിന്നും വളരുന്ന ഒരു കഷണം മുറിച്ചെടുത്താല്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താം. ഇത് ഒരാഴ്ചത്തോളം ഉണക്കിയെടുക്കണം. അതിനുശേഷം വളക്കൂറുള്ള മണ്ണില്‍ നടണം.

നല്ല സൂര്യപ്രകാശവും ചൂടുള്ള കാലാവസ്ഥയുമാണ് അഭികാമ്യം. മേല്‍മണ്ണ് വരണ്ടതാകുമ്പോള്‍ വെള്ളം നല്‍കണം. തണുപ്പുകാലത്ത് വളരെ കുറച്ച് വെള്ളം മതി. വേനല്‍ക്കാലത്തിന്റെ തുടക്കത്തിലും വസന്തകാലത്തിന്റെ തുടക്കത്തിലും വെള്ളത്തില്‍ നേര്‍പ്പിച്ച വളങ്ങള്‍ നല്‍കാം. നല്ല ആരോഗ്യമുള്ള ചെടിയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ 12 ഇഞ്ചോളം വളര്‍ച്ചയുണ്ടാകും.

എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ ആ ഭാഗം പറിച്ചുമാറ്റണം. തണുപ്പുകാലത്ത് ചെടിയുടെ വളര്‍ച്ച് അല്‍പം മന്ദഗതിയിലാകുന്നത് സാധാരണയാണ്.