മതിലുകളിലും വീടിന്റെ ഗേറ്റിലുമെല്ലാം പടര്‍ന്ന് വളര്‍ന്ന് പുഷ്പിക്കുന്ന മോണിങ്ങ് ഗ്ലോറി (Morning glory) വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണ്. പിങ്ക്, പര്‍പ്പിള്‍, ചുവപ്പ്, നീല എന്നീ നിറങ്ങളില്‍ കുഞ്ഞുപൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നത് സുന്ദരമായ കാഴ്ചയാണ്. ഏകദേശം ആയിരത്തോളം ഇനങ്ങള്‍ ഈ ഈ പൂച്ചെടിയിലുണ്ട്.

ഇരുണ്ടതും ചെറുതുമായ ഹൃദയാകൃതിയിലുള്ള ഇലകളുള്ളതുമായ ചെടിയാണ് ഏറ്റവും പരിചിതമായത്. 'ഡൊമസ്റ്റിക് മോണിങ്ങ് ഗ്ലോറി' എന്നാണ് ഇതിന്റെ പേര്. മൂണ്‍ഫ്ലവര്‍ എന്ന മറ്റൊരിനം സൂര്യന്‍ അസ്തമിക്കുമ്പോള്‍ വിടരുകയും രാത്രി മുഴുവന്‍ പൂത്തുലഞ്ഞ് നില്‍ക്കുകയും ചെയ്യുന്നതാണ്.

മറ്റൊരിനമായ 'വാട്ടര്‍ സ്പിനാഷ്' യഥാര്‍ത്ഥത്തില്‍ രുചികരമായ പച്ചക്കറിയായി ഉപയോഗിക്കുന്നു. നീളമുള്ളതും കനമില്ലാത്തതുമായ തണ്ടുകളില്‍ അമ്പിന്റെ ആകൃതിയിലുള്ള ഇലകളാണ്. ഈ തണ്ടുകള്‍ മുറിച്ച് വറുത്തെടുത്ത് ഭക്ഷിക്കാം.

വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും വെള്ളത്തിന്റെ ആവശ്യകതയ്ക്ക് വ്യത്യാസമുണ്ട്. വിത്തുകള്‍ മുളപ്പിക്കാനാണെങ്കില്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പുറമെയുള്ള കട്ടിയുള്ള തൊലി മൃദുവാകാനും പെട്ടെന്ന് മുളച്ച് വരാനും ഇത് സഹായിക്കും. ഒരിക്കല്‍ വിത്ത് നട്ടാല്‍ മുളച്ച് വരുന്നതുവരെ കൃത്യമായി ഈര്‍പ്പം നിലനിര്‍ത്തണം. മണ്ണ് ഉണങ്ങിപ്പോയാല്‍ വിത്തുകള്‍ നശിച്ചുപോകും. ഒരാഴ്ചയ്ക്കുള്ളില്‍ വിത്ത് മുളച്ച് വരും.

തൈകളായാല്‍ ആഴ്ചയില്‍ പല പ്രാവശ്യം നനച്ച് ഈര്‍പ്പം നിലനിര്‍ത്തണം. ഈ അവസരത്തില്‍ നനച്ചാലേ വേരുകള്‍ക്ക് ശക്തിയുണ്ടാകൂ. അതിരാവിലെയും വൈകുന്നേരവും നനയ്ക്കുമ്പോള്‍ ബാഷ്പീകരണം തടയാം.

പടര്‍ന്ന് വളരാന്‍ തുടങ്ങിയാല്‍ കുറഞ്ഞ അളവില്‍ വെള്ളം നല്‍കിയാല്‍ മതി. ചെടി ഉണങ്ങിയ മണ്ണിലും വളരും. പക്ഷേ മേല്‍മണ്ണ് ഉണങ്ങുമ്പോള്‍ നനച്ചുകൊടുക്കുന്നതാണ് ആരോഗ്യത്തോടെ വളരാന്‍ അനുയോജ്യം. കളകളെ വളരാന്‍ അനുവദിക്കാതെ രണ്ടിഞ്ച് കനത്തില്‍ കരിയിലകള്‍ കൊണ്ട് പുതയിടാം.