ഏകദേശം 10 മുതല്‍ 30 അടി വരെ ഉയരത്തില്‍ വളരുന്ന ചെടിയിലുണ്ടാകുന്ന നോനി എന്ന പഴമാണ് ഇന്ത്യന്‍ മള്‍ബെറി എന്ന പേരില്‍ അറിയപ്പെടുന്നത്. തെക്ക് കിഴക്കേ ഏഷ്യയിലും ആസ്‌ട്രേലിയയിലും കാണപ്പെട്ടിരുന്ന ഈ പഴം ഇപ്പോള്‍ ഉഷ്‍ണമേഖലാപ്രദേശങ്ങളിലെല്ലാം വളര്‍ത്തുന്നുണ്ട്. ഇതിന്റെ സുഖകരമല്ലാത്ത പ്രത്യേക മണം കാരണം ചീസ് ഫ്രൂട്ട് എന്നും വൊമിറ്റ് (vomit) ഫ്രൂട്ട് എന്നും വരെ വിളിപ്പേരുണ്ട്.

ഇന്ത്യയില്‍ പല സ്ഥലങ്ങളിലും പല പേരുകളില്‍ ഈ പഴം അറിയപ്പെടുന്നു. ഗ്രേറ്റ് മോറിന്റ, സുരാംഗി, നാഗകുണ്ഡ, ഹുര്‍ദി എന്നിങ്ങനെയെല്ലാം പേരുകളുണ്ട്. ശരീരത്തിന് ഊര്‍ജം വര്‍ധിപ്പിക്കാനും ആസ്തമ സുഖപ്പെടുത്താനും ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം സഹായിക്കുന്ന ഘടകങ്ങള്‍ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ നബാര്‍ഡ് (The national bank for rural and agriculture development) ആണ് ഈ പഴത്തിന്റെ കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഝാര്‍ഖണ്ഡില്‍ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.

മോറിന്‍ഡ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി തണലുള്ള കാടുകളിലും മണല്‍പ്രദേശങ്ങളിലും വളരുന്നുണ്ട്. ഈ ചെടിയില്‍ വര്‍ഷം മുഴുവനും പഴങ്ങളും ഇലകളും വളര്‍ന്നുനില്‍ക്കും.

പഴത്തിന് ഓവല്‍ ആകൃതിയാണുള്ളത്. 10 മുതല്‍ 18 വരെ സെന്റീമീറ്റര്‍ വലുപ്പത്തില്‍ വളരും. പഴമുണ്ടാകാന്‍ തുടങ്ങുമ്പോള്‍ പച്ചനിറമായിരിക്കും. പിന്നീട് മഞ്ഞനിറമാകും. പഴുത്ത് പാകമായാല്‍ വെള്ളനിറത്തിലുമായിത്തീരും. ധാരാളം വിത്തുകളുള്ള പഴമാണ്. ഔഷധഗുണമുള്ള ചെടിയും പഴവുമാണ് . വ്യാവസായികാടിസ്ഥാനത്തിലുള്ള നോനിപ്പഴത്തിന്റെ കൃഷി നല്ല ലാഭം നേടിത്തരും.

തണുപ്പുകാലത്തേക്കാള്‍ വേനല്‍ക്കാലത്താണ് കൂടുതല്‍ പഴങ്ങളുണ്ടാകുന്നത്. അസിഡിക് ആയിട്ടുള്ള മണ്ണില്‍ വളരും. 20 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള കാലാവസ്ഥയിലാണ് നന്നായി വളരുന്നത്. വാര്‍ഷികമായി ലഭിക്കുന്ന മഴയുടെ അളവ് 25 സെ.മീറ്ററിനും 40 സെ.മീറ്ററിനും ഇടയിലായിരിക്കണം.

നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലം തെരഞ്ഞെടുത്ത് കൃഷി ചെയ്യണം. നോനി വളര്‍ത്തുന്ന സ്ഥലത്ത് യൂക്കാലിപ്സ്റ്റസ് മരങ്ങല്‍ വെച്ചുപിടിപ്പിച്ചാല്‍ ഈ ചെടികള്‍ കാറ്റില്‍ ചരിഞ്ഞുവീണുപോകുന്നത് തടയാം.

വിത്ത് മുളപ്പിച്ചും വേരോടുകൂടി നട്ടുവളര്‍ത്തിയും തണ്ട് നട്ടും എയര്‍ ലെയറിങ്ങ് വഴിയും ഈ ചെടി വളര്‍ത്താം. വിത്ത് മുളപ്പിക്കാനായി നഴ്‌സറിയില്‍ ചൂടുള്ള അന്തരീക്ഷം ഒരുക്കണം. പാത്രങ്ങളില്‍ നേരിട്ട് വിതച്ചും ട്രേകളിലും വിത്ത് മുളപ്പിക്കാവുന്നതാണ്. വെര്‍മിക്കുലൈറ്റും പെര്‍ലൈറ്റും പീറ്റ് മോസും കമ്പോസ്റ്റും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം. ആദ്യത്തെ രണ്ടിലകള്‍ വരുന്നതുവരെ വളപ്രയോഗം ആവശ്യമില്ലാത്തതുകൊണ്ട് പോട്ടിങ്ങ് മിശ്രിതത്തില്‍ വളം ആവശ്യമില്ല.

തൈകള്‍ക്ക് രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ വളര്‍ച്ചയെത്തിയാലാണ് മാറ്റിനടാറുള്ളത്. പറിച്ചുമാറ്റി നട്ടാല്‍ ആദ്യത്തെ ഒരു വര്‍ഷം വളര്‍ച്ചാനിരക്ക് കുറവായിരിക്കും.

തണ്ടുമുറിച്ച് നട്ടാല്‍ മൂന്ന് ആഴ്ചകള്‍ കൊണ്ട് വേര് പിടിക്കും. ആറ് മുതല്‍ 9 ആഴ്ചകള്‍കൊണ്ട് മാറ്റിനടാവുന്നതാണ്. ഔഷധഗുണമുള്ളതുകൊണ്ട് ജൈവവളം ചേര്‍ക്കുന്നതാണ് നല്ലത്. ചാണകപ്പൊടിയും ആട്ടിന്‍കാഷ്ഠവും കോഴിവളവും ഉപയോഗിക്കാം.

പഴങ്ങള്‍ വെള്ളനിറത്തിലാകുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. മരത്തിന് മൂന്ന് വര്‍ഷത്തെ വളര്‍ച്ചയെത്തിയാല്‍ പഴങ്ങള്‍ ഉണ്ടാകും. കൃത്യമായി വിളവ് ലഭിക്കുന്നത് അഞ്ചാമത്തെ വര്‍ഷം മുതലാണ്.