Asianet News MalayalamAsianet News Malayalam

പപ്പായ കൃഷി ഒരു തൊഴിൽ സാധ്യത കൂടിയാണ്; ഇങ്ങനെ കൃഷിയൊരുക്കാം

നല്ല നീര്‍വാര്‍ച്ചയുള്ള നിലം തിരഞ്ഞെടുക്കണം. ശക്തമായ കാറ്റില്‍ നിലം പൊത്താന്‍ സാധ്യതയുള്ള ചെടിയാണിത്. 60 സെ.മീ നീളം, വീതി, ഉയരമുള്ള കുഴികളെടുത്താണ് നടുന്നത്. 

how to grow papaya agricultural news
Author
Thiruvananthapuram, First Published Apr 8, 2020, 10:55 AM IST

മാവ്, സപ്പോട്ട, പേരയ്ക്ക, ഉറുമാമ്പഴം, തെങ്ങിന്‍തോപ്പ് എന്നിവയുള്ള സ്ഥലങ്ങളില്‍ ഇടവിളയായി വളര്‍ത്താവുന്ന പപ്പായ തൈകള്‍ വന്‍തോതില്‍ നഴ്‌സറിയില്‍ വളര്‍ത്തിയെടുക്കാം. വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായ കൃഷി ചെയ്യുന്നവര്‍ക്ക് ഈ രീതി അവലംബിക്കാവുന്നതാണ്. പപ്പായയും വാഴയും ഒരുമിച്ച് വളര്‍ത്തുന്നവരുണ്ട്. അതുപോലെ അല്‍പം തണല്‍ ഇഷ്ടപ്പെടുന്ന മഞ്ഞള്‍, ഇഞ്ചി, ചേമ്പ് എന്നിവയും പപ്പായത്തോട്ടത്തില്‍ ഇടവിളയായി കൃഷി ചെയ്യാം. നിരവധി സാധ്യതകളുള്ള പപ്പായ കൃഷി ഗ്രാമീണ മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍ നല്‍കുന്നു.

ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 250 മുതല്‍ 300 വരെ വിത്തുകള്‍ ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പേ നഴ്‌സറിയില്‍ നടാനുള്ള ബെഡ്ഡുകള്‍ തയ്യാറാക്കണം. കളകള്‍ പറിച്ച് വൃത്തിയാക്കുകയും വേണം. വിത്തുകള്‍ മുളപ്പിക്കാന്‍ കട്ടിയുള്ള കറുത്ത പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ട്രേയും ഉപയോഗിക്കാം. 53 സെ.മീ നീളവും 27 സെ.മീ വീതിയുമുള്ള പ്ലാസ്റ്റിക് ട്രേയാണ് ഉപയോഗിക്കുന്നത്. ഓരോ നിരയും തമ്മില്‍ 10 സെ.മീ അകലം വേണം. 1 സെ.മീ ആഴത്തിലാണ് വിത്ത് പാകേണ്ടത്. കമ്പോസ്‌റ്റോ ഇലകളോ കൊണ്ട് വിത്തിന്റെ മുകളില്‍ ഒരു ചെറിയ ആവരണം പോലെ ഇട്ടുകൊടുത്താല്‍ പെട്ടെന്ന് മുളയ്ക്കും.

നഴ്‌സറിയിലെ ബെഡ്ഡ് പോളിത്തീന്‍ ഷീറ്റോ ഉണങ്ങിയ വൈക്കോലോ ഉപയോഗിച്ച് മൂടിവെക്കണം. പ്രതികൂല കാലാവസ്ഥയില്‍ നിന്ന് രക്ഷനേടാനാണിത്.

എത്ര ആഴത്തിലാണോ വിത്തുകള്‍ മണ്ണില്‍ പാകുന്നതെന്നതിനെ ആശ്രയിച്ചാണ് മുളയ്ക്കാനുള്ള കാലദൈര്‍ഘ്യവും. മണ്ണിന്റെ ഘടന അനുസരിച്ച് മുളയ്ക്കാനുള്ള സമയവും മാറും. അതായത് മണല്‍ കലര്‍ന്ന മണ്ണാണെങ്കില്‍ 2 സെ.മീ ആഴത്തിലാണ് വിത്തുകള്‍ കുഴിച്ചിടേണ്ടത്. നീര്‍വാര്‍ച്ചയുള്ള മണലാണെങ്കില്‍ 1.5 സെ.മീ ആഴത്തിലും കളിമണ്ണ് പോലുള്ള മണ്ണില്‍ ഒരു സെ.മീ ആഴത്തിലുമായിരിക്കണം നടേണ്ടത്.

വെള്ളം കാന്‍ ഉപയോഗിച്ച് രാവിലെ നനയ്ക്കുന്നതാണ് ഉചിതം. കനത്ത മഴയുള്ളപ്പോള്‍ മുളച്ചുവരുന്ന തൈകളെ സംരക്ഷിക്കണം. ഒരു ഏക്കറില്‍ വളരുന്ന ചെടികളെ കീടങ്ങളില്‍ നിന്നും സംരക്ഷിക്കാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഫിപ്രോനില്‍ കലക്കി തളിച്ചു കൊടുക്കാം.

വിത്ത് വിതയ്ക്കുന്നതിന് മുമ്പ് രോഗം വരാതിരിക്കാനായി 0.1 ശതമാനം ഫിനൈല്‍ മെര്‍ക്കുറി അസെറ്റേറ്റ്, അഗ്രോസാന്‍, സെറെസാന്‍, തൈറോം പൗഡര്‍ എന്നിവയുമായി യോജിപ്പിക്കാം. അതോടൊപ്പം തന്നെ നഴ്‌സറി ബെഡ്ഡ് 5 ശതമാനം ഫോര്‍മാല്‍ഡിഹൈഡ് ലായനിയുമായി ചേര്‍ത്ത് വിത്ത് വിതയ്ക്കാനായി ഒരുക്കാം.

നഴ്‌സറിയില്‍ വെച്ച് ബാധിക്കുന്ന അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഒരു ശതമാനം ബോര്‍ഡോക്‌സ് മിക്‌സ്ചറും 0.2 ശതമാനം കോപ്പര്‍ ഓക്‌സിക്ലോറൈഡുമാണ് സ്‌പ്രേ ചെയ്യുന്നത്. കേടുവന്ന ചെടികള്‍ കത്തിച്ചുകളയുന്നതാണ് നല്ലത്. 'ഡാംപിങ്ങ് ഓഫ്' എന്ന അസുഖമാണ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്.

പോളിത്തീന്‍ ബാഗില്‍ മുളപ്പിച്ച പപ്പായത്തൈകളാണ് ബെഡ്ഡുകള്‍ തയ്യാറാക്കി മുളപ്പിച്ചതിനേക്കാള്‍ ഗുണമേന്മയുള്ളത്.

തൈകള്‍ മാറ്റിനടുന്ന വിധം

തൈകള്‍ കൂട്ടത്തോടെ വളരാന്‍ തുടങ്ങുമ്പോള്‍ അടുത്ത നഴ്‌സറി ബെഡ്ഡിലേക്ക് മാറ്റി നടണം. അല്ലെങ്കില്‍ വളരാന്‍ സ്ഥലമില്ലാതെ ഇടതിങ്ങി നില്‍ക്കും. സാധാരണയായി ചെടികള്‍ രണ്ടു മാസമാകുമ്പോള്‍ 15 മുതല്‍ 20 സെ.മീ ഉയരത്തില്‍ വളരുകയും മാറ്റിനടാന്‍ പാകമാകുകയും ചെയ്യുന്നതാണ്. പറിച്ചു നടുന്നതിന്റെ ഒരു ആഴ്ച മുമ്പേ നഴ്‌സറി ബെഡ്ഡ് നനയ്ക്കുന്നത് നിര്‍ത്തണം.

കൃഷി ചെയ്യാന്‍ നിലം ഒരുക്കാം

നല്ല നീര്‍വാര്‍ച്ചയുള്ള നിലം തിരഞ്ഞെടുക്കണം. ശക്തമായ കാറ്റില്‍ നിലം പൊത്താന്‍ സാധ്യതയുള്ള ചെടിയാണിത്. 60 സെ.മീ നീളം, വീതി, ഉയരമുള്ള കുഴികളെടുത്താണ് നടുന്നത്. കൂടുതല്‍ വിളവ് ലഭിക്കാന്‍ വേനല്‍ക്കാലം വരുന്നതിന് തൊട്ടുമുമ്പായി 15 ദിവസം ഈ കുഴി തുറന്ന് വെക്കണം. പിന്നീട് 20 കിലോ ഗ്രാം കാലിവളം, ഒരു കി.ഗ്രാം എല്ലുപൊടിയോ മത്സ്യത്തില്‍ നിന്നുണ്ടാക്കുന്ന പൊടിയോ ചേര്‍ത്ത് കുഴി മൂടണം. ഉയരമുള്ളതും പെട്ടെന്ന് വളരുന്നതുമായ ഇനങ്ങള്‍ വലിയ അകലം നല്‍കി നടണം. കുള്ളന്‍ ഇനങ്ങള്‍ അടുത്തടുത്ത് നടാവുന്നതാണ്. അതുപോലെ മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പായി കുഴി തുറന്ന് ജൈവവളങ്ങള്‍ നല്‍കണം. മഴയില്ലാത്ത സമയത്ത് നന്നായി നനച്ച് ജൈവവളങ്ങള്‍ അഴുകണം.

പപ്പായ നടുന്ന സീസണ്‍

വ്യാവസായികമായി നടാന്‍ മൂന്ന് വ്യത്യസ്ത സീസണുകളാണ് തിരഞ്ഞെടുക്കുന്നത്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയും ജൂണ്‍ മുതല്‍ ജൂലൈ വരെയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമാണ് നടുന്നത്.

മഞ്ഞുള്ള സ്ഥലങ്ങളില്‍ പോളിത്തീന്‍ കവറുകള്‍ ഉപയോഗിച്ച് മൂടിവെച്ച് ചെടികളെ സംരക്ഷിക്കണം. ചെടികള്‍ നഴ്‌സറികളില്‍ നിന്ന് പറിച്ചു നട്ട് അഞ്ച് മാസം കഴിഞ്ഞാല്‍ പൂവിടാനും കായ്കളുണ്ടാകാനും തുടങ്ങും. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് പഴങ്ങള്‍ കൂടുതലായി ഉണ്ടാകുന്നത്.

പറിച്ചുനടുമ്പോള്‍ ശ്രദ്ധിക്കാന്‍

വൈകുന്നേരമാണ് തൈകള്‍ പറിച്ചുനടാന്‍ അനുയോജ്യം. നഴ്‌സറിയിലെ ബെഡ്ഡില്‍ വളര്‍ത്തിയ തൈകള്‍ അല്‍പ്പം മണ്ണോടുകൂടിത്തന്നെ പറിച്ച് പുതിയ മണ്ണിലേക്ക് നടണം. പോളിത്തീന്‍ ബാഗില്‍ വളര്‍ത്തിയ തൈകള്‍ ബാഗ് ഒഴിവാക്കി പറിച്ചു നടണം. ഓരോ കുഴിയും മൂന്ന് തൈകള്‍ നടാം.

Follow Us:
Download App:
  • android
  • ios