Asianet News MalayalamAsianet News Malayalam

തണുപ്പുകാലത്ത് പൂച്ചെടികള്‍ വീട്ടിനകത്ത് വളര്‍ത്താനുള്ള മാര്‍ഗം

മണ്ണിലും ഇങ്ങനെ വളര്‍ത്തി പൂക്കള്‍ വിരിയിക്കാവുന്നതാണ്. കനംകുറഞ്ഞ് പോട്ടിങ്ങ് മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. ബള്‍ബിന്റെ മൂന്നിലൊരു ഭാഗം ഈ പാത്രത്തിലേക്ക് ആഴ്ന്നുനില്‍ക്കണം. 

how to grow plants indoor in winter
Author
Thiruvananthapuram, First Published Dec 14, 2020, 8:16 AM IST

ഡിസംബറിലെ തണുപ്പില്‍ പൂച്ചെടികളെ പരിചരിച്ച് നിലനിര്‍ത്തുന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കേണ്ട ചെടികള്‍ മഞ്ഞിന്റെ കുളിരില്‍ തണുത്തു വിറങ്ങലിച്ചേക്കാം. ചില പൂച്ചെടികളെ ഇന്‍ഡോര്‍ പ്ലാന്റായി വീട്ടിനകത്തേക്ക് മാറ്റി വെക്കാറുണ്ട്. ചിലയിനം ചെടികളുടെ വേരിന്റെ ഭാഗത്ത് ഗോളാകൃതിയിലുള്ള കിഴങ്ങു പോലുള്ള ഭാഗങ്ങളുണ്ടാകും. ഇത്തരം ചെടികളെ തണുപ്പുകാലത്ത് വീട്ടിനകത്തേക്ക് മാറ്റി പൂക്കളുണ്ടാകാനായി തയ്യാറാക്കാം.

ഡാഫോഡില്‍സ്, അമാരില്ലിസ്, കുളവാഴ, ടുലിപ് എന്നിവയ്‌ക്കെല്ലാം ഇത്തരം ബള്‍ബ് പോലുള്ള വളര്‍ച്ചയുണ്ടാകും. ഇത്തരം  ബള്‍ബുകള്‍ വെള്ളത്തിലോ മണ്ണിലോ വെച്ച് വീട്ടിനകത്ത് വളര്‍ത്തിയാല്‍ പൂക്കള്‍ വിരിയിക്കാനുള്ള പ്രത്യേകമായ ഒരു രീതിയുണ്ട്. വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനായി ഇടുങ്ങിയ കഴുത്തും വീതിയുള്ള വായ്ഭാഗവുമുള്ള പാത്രങ്ങള്‍ ഉപയോഗിക്കണം. അങ്ങനെയാകുമ്പോള്‍ വേരുകള്‍ മാത്രം വെള്ളത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ ബള്‍ബുകള്‍ പാത്രത്തിന് മുകളില്‍ വെക്കാന്‍ കഴിയും. ഒരു പാന്‍ അല്ലെങ്കില്‍ പെബിള്‍സ് ഇട്ട് വെള്ളം നിറച്ച ബൗളും ഇതിനായി ഉപയോഗിക്കാം. ബള്‍ബിന്റെ കൂര്‍ത്തഭാഗം മുകളിലേക്കായി നില്‍ക്കുന്ന രീതിയില്‍ വെള്ളം നിറച്ച ഈ പാത്രത്തില്‍ പെബിള്‍സിന്റെ മുകളിലായി വെക്കാവുന്നതാണ്. താഴ്ഭാഗം വെള്ളത്തില്‍ മുങ്ങിനില്‍ക്കണം.

മണ്ണിലും ഇങ്ങനെ വളര്‍ത്തി പൂക്കള്‍ വിരിയിക്കാവുന്നതാണ്. കനംകുറഞ്ഞ് പോട്ടിങ്ങ് മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. ബള്‍ബിന്റെ മൂന്നിലൊരു ഭാഗം ഈ പാത്രത്തിലേക്ക് ആഴ്ന്നുനില്‍ക്കണം. കൂര്‍ത്തഭാഗം മണ്ണിന് മുകളിലും വരണം. വെള്ളമൊഴിച്ച് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തണം. ഇങ്ങനെ തയ്യാറാക്കിയ ബള്‍ബുകള്‍ തണുപ്പുള്ള സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ഇലകള്‍ മുളച്ച് വരുന്നത് വരെ സൂക്ഷിക്കാം. ഇലകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാല്‍ ചെടിയെ ചൂടുള്ള സ്ഥലത്തേക്ക് മാറ്റിവെക്കാം. നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശമാണ് ആവശ്യം. ഇവയുടെ വേരുകള്‍ക്ക് എപ്പോഴും ഈര്‍പ്പം ലഭിക്കണം.

അമാരില്ലിസ് പൂക്കള്‍ വിരിയിക്കാം

how to grow plants indoor in winter

വെളുത്തതും കടും ചുവപ്പും നിറങ്ങളിലുള്ള പൂക്കള്‍ വിരിയുന്ന അമാരില്ലിസ് എന്ന ചെടിയില്‍ ഇപ്രകാരം തണുപ്പുകാലത്ത് പൂക്കള്‍ വിരിയിക്കാന്‍ വളരെ കുറഞ്ഞ പരിചരണം മാത്രം മതി. മറ്റുള്ള ചെടികളില്‍ നിന്ന് വ്യത്യസ്തമായ പൂച്ചെടിയാണിത്. ഡിസംബര്‍ മാസത്തിന് മുമ്പേ പൂക്കളുണ്ടാക്കാന്‍ കഴിയുന്ന ഈ ചെടി പൂക്കളെ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാവുന്ന നല്ലൊരു സമ്മാനമാണ്. വലുപ്പമുള്ള ബള്‍ബാണെങ്കില്‍ കൂടുതല്‍ പൂക്കള്‍ വിടരും. ബള്‍ബിനേക്കാള്‍ കൂടുതല്‍ വലുപ്പമുള്ള പാത്രങ്ങളിലേ വളര്‍ത്താവൂ. അമിതമായി നനച്ചാല്‍ ബള്‍ബുകള്‍ കേട് വന്ന് ചീഞ്ഞുപോകും.

സാധാരണയായി അമാരില്ലിസ് ചെടിയില്‍ നവംബര്‍ മാസത്തില്‍ത്തന്നെ പൂക്കളുണ്ടാകാന്‍ തുടങ്ങും. ഓരോ തണ്ടിലും രണ്ടോ നാലോ പൂക്കളും കൂട്ടമായി വിടരും. തണുപ്പുകാലത്ത് വീട്ടിനകത്ത് വര്‍ണവസന്തമൊരുക്കാന്‍ യോജിച്ച പൂച്ചെടിയാണിത്. 

Follow Us:
Download App:
  • android
  • ios