സവാളയിലും നിറത്തിലും ഗുണത്തിലും വ്യത്യസ്‍തതയുള്ള ഇനങ്ങളുണ്ട്. അല്‍പം മധുരമുള്ള രുചിയും നല്ല ആകര്‍ഷകമായ നിറവുമുള്ള ചുവന്ന തൊലിയുള്ള സവാള അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം. മറ്റുള്ള ഇനങ്ങള്‍ കൃഷി ചെയ്യുന്നതുപോലെത്തന്നെ എളുപ്പത്തില്‍ ഈ ഉള്ളിയും നട്ടുവളര്‍ത്തി വിളവെടുക്കാം.

സവാളച്ചെടികളുടെ ജീവിതചക്രം പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷങ്ങള്‍ ആവശ്യമാണ്. ആദ്യത്തെ വര്‍ഷം വിത്തില്‍ നിന്നും ചെടികള്‍ വളര്‍ന്ന് ഇലകള്‍ രൂപാന്തരപ്പെടുകയും ചെറിയ ഭൂകാണ്ഡങ്ങളുണ്ടാകുകയും ചെയ്യുന്നു. അടുത്ത വര്‍ഷമാണ് ചുവന്ന സവാളയായി പൂര്‍ണവളര്‍ച്ചയെത്തി ഇത് വിളവെടുക്കാന്‍ പാകമാകുന്നത്.

വെളുത്ത സവാളയും ചുവന്ന സവാളയും തമ്മില്‍ വളര്‍ച്ചയില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. പക്ഷേ, രുചിയിലും ശേഖരിച്ചുവെക്കുന്ന കാലയളവിലും വ്യത്യാസമുണ്ട്. ചുവന്ന സവാളയേക്കാള്‍ കുറഞ്ഞ കാലയളവില്‍ മാത്രം സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നതാണ് വെളുത്ത സവാള.

ചുവന്ന സവാള വളര്‍ത്തുന്നതിനായി ജൈവവളത്താല്‍ സമ്പുഷ്ടമാക്കിയ മണ്ണ് തയ്യാറാക്കണം. ഇതിന് മുമ്പ് ഏകദേശം അഞ്ച് സെ.മീ കനത്തില്‍ കമ്പോസ്റ്റ് ചേര്‍ക്കണം. വളങ്ങള്‍ വേരുകള്‍ക്ക് നേരിട്ട് ലഭിക്കുന്ന രീതിയില്‍ നടുന്നതിന് മുമ്പേ തന്നെ കുഴിയുടെ അടിഭാഗത്ത് ചേര്‍ക്കണം.

ധാരാളം സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുള്ള മണ്ണും സവാള വളരാന്‍ ആവശ്യമാണ്. മണ്ണിന്റെ പി.എച്ച് മൂല്യം 6 -നും 6.8 -നും ഇടയിലായിരിക്കണം. ഏകദേശം 2.5 മുതല്‍ 5 സെ.മീ വരെ ആഴത്തില്‍ വിത്ത് നടാവുന്നതാണ്. വേരുകള്‍ അധികം ആഴത്തില്‍ വളരാത്തതുകൊണ്ട് കൃത്യമായ അളവില്‍ വെള്ളം ഒഴിക്കണം. പുല്ലുകള്‍ കൊണ്ട് പുതയിടാം. സവാളയുടെ മുകള്‍ഭാഗം പൂര്‍ണമായി മൂടിയിടുന്ന തരത്തില്‍ പുതയിടാന്‍ പാടില്ല. നല്ല സൂര്യപ്രകാശം പതിയണം.

സവാള വിളവെടുക്കാറാകുമ്പോള്‍ പച്ചനിറത്തിലുള്ള ഇലകള്‍ക്ക് മഞ്ഞനിറമാകുകയും കൊഴിഞ്ഞുപോകുകയും ചെയ്യും. ഇലയുടെ മുകളില്‍ നിന്ന് 10 ശതമാനത്തോളം ഭാഗം കൊഴിയാന്‍ തുടങ്ങുമ്പോള്‍ നനയ്ക്കുന്നത് നിര്‍ത്തണം. വിളവെടുത്ത് കഴിഞ്ഞാല്‍ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണക്കാന്‍ പറ്റുന്ന രീതിയില്‍ സൂക്ഷിക്കണം. 10 ദിവസത്തോളം ഇപ്രകാരം സൂക്ഷിച്ചാല്‍ പാചകത്തിന് ഉപയോഗിക്കാന്‍ പാകമാകും.