നല്ല വായു സഞ്ചാരമുള്ള ഭക്ഷണം ഉണക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറില്‍ 45 ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ 15 മിനിറ്റ് വെച്ച് ഉണക്കിയാണ് കുങ്കുമപ്പൂ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നത്.

ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുക. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ ഇവ വളരും. ഔഷധഗുണത്തിനും പാചകാവശ്യത്തിനുമാണ് കുങ്കുമപ്പൂവ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. സൗന്ദര്യവര്‍ധക വസ്‍തുക്കളിലും പെര്‍ഫ്യൂമുകളിലും ഇത് ഉപയോഗിക്കാറുണ്ട്.

മണ്ണും കാലാവസ്ഥയും

കുങ്കുമപ്പൂവിന്റെ കൃഷിയില്‍ കാലാവസ്ഥയേക്കാള്‍ പ്രാധാന്യം മണ്ണിന്റെ പ്രത്യേകതയ്ക്കാണ്. ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലാണ് ഈ ചെടി തഴച്ചുവളരുക. സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ വരെ ഇവ വളരും. 12 മണിക്കൂര്‍ സൂര്യപ്രകാശം ഇവയ്ക്ക് ആവശ്യമാണ്. കുറഞ്ഞ താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും പൂക്കളുണ്ടാകുന്നതിനെ കാര്യമായിത്തന്നെ ബാധിക്കും. ഇതിന്റെ വളർച്ചയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പി.എച്ച് മൂല്യം 6 നും 8 നും ഇടയിലായിരിക്കണം. കളിമണ്ണ് പോലുള്ളവ ഒഴിവാക്കുന്നതാണ് ഉത്തമം.

നടീല്‍ വസ്തുവും കൃഷിരീതിയും

കിഴങ്ങാണ് നടാനുപയോഗിക്കുന്നത്. കിഴങ്ങുകള്‍ക്ക് ഉരുണ്ട ആകൃതിയും നീണ്ട നാരുകളും ഉണ്ടായിരിക്കും. കളകള്‍ പറിച്ചുമാറ്റി ജൈവവളം കൊണ്ട് സമ്പുഷ്‍ടമാക്കിയ മണ്ണിലാണ് ഈ ചെടി നടുന്നത്. കുങ്കുമപ്പൂവ് നടാനുള്ള അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒക്ടോബര്‍ മാസത്തില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും.

തണുപ്പുകാലത്താണ് വളര്‍ച്ചയുടെ പ്രധാന ഘട്ടങ്ങള്‍. മെയ് മാസത്തില്‍ ഇലകള്‍ ഉണങ്ങും. 12 മുതല്‍ 15 വരെ സെ.മീ ആഴത്തിലാണ് കിഴങ്ങുകള്‍ നടുന്നത്. ഓരോ ചെടിയും തമ്മില്‍ 12 സെ.മീ അകലമുണ്ടായിരിക്കണം.

ജലസേചനം ആവശ്യമില്ല. വരള്‍ച്ചയുണ്ടാകുമ്പോളും വേനല്‍ക്കാലത്തും നനയ്ക്കണം. നട്ടുവളര്‍ത്തിയാല്‍ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴങ്ങുകള്‍ ഒന്നില്‍നിന്ന് അഞ്ചായി വളരും.

പുതയിടല്‍ കളകളെ നിയന്ത്രിക്കും. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ 35 ടണ്‍ ജൈവവളം കൃഷിക്ക് മുമ്പായി മണ്ണില്‍ ചേര്‍ത്ത് ഉഴുതുമറിക്കും. വാര്‍ഷികമായി 20 കി.ഗ്രാം നൈട്രജനും 30 കി.ഗ്രാം പൊട്ടാഷും 80 കി.ഗ്രാം ഫോസ്‍ഫറസും നല്‍കാറുണ്ട്. ഇത് രണ്ടു തവണകളായാണ് നല്‍കുന്നത്. പൂക്കളുണ്ടായ ഉടനെ വളപ്രയോഗം നടത്തും.

ഫ്യൂസേറിയം, റൈസോക്ടോണിയ ക്രോക്കോറം, വയലറ്റ് റൂട്ട് റോട്ട് എന്നിവയാണ് കുങ്കുമപ്പൂവിനെ ബാധിക്കുന്ന അസുഖങ്ങള്‍. മുയലുകള്‍ കുങ്കുമച്ചെടിയുടെ ഇലകള്‍ ഭക്ഷിക്കുന്നതിനാല്‍ വേലി കെട്ടി അവയുടെ പ്രവേശനം തടയാറുണ്ട്. പൂക്കള്‍ അതിരാവിലെ പറിച്ചെടുത്ത ശേഷം ചുവന്ന നിറത്തിലുള്ള നാരുകള്‍ വേര്‍തിരിച്ചെടുത്ത് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.

നല്ല വായു സഞ്ചാരമുള്ള ഭക്ഷണം ഉണക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറില്‍ 45 ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ 15 മിനിറ്റ് വെച്ച് ഉണക്കിയാണ് കുങ്കുമപ്പൂ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നത്. പറിച്ചെടുത്ത ഉടനെയുള്ള കുങ്കുമപ്പൂവിന് രുചിയൊന്നുമുണ്ടാകില്ല. ഉണക്കിയ കുങ്കുമപ്പൂവ് വായുകടക്കാത്ത പാത്രത്തിലാക്കി ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാം.

ഒരു ഗ്രാം ഉണങ്ങിയ കുങ്കുമപ്പൂവ് തയ്യാറാക്കാന്‍ 150 മുതല്‍ 160 വരെ പൂക്കള്‍ ആവശ്യമാണ്. നട്ട് ആദ്യത്തെ വര്‍ഷം 60 മുതല്‍ 65 ശതമാനം വരെ കിഴങ്ങുകളില്‍ നിന്ന് ഓരോ പൂക്കള്‍ വീതം ഉത്പാദിപ്പിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ കിഴങ്ങില്‍ നിന്നുമുള്ള ചെടികളില്‍ നിന്നും രണ്ടു പൂക്കള്‍ വീതം ഉത്പാദിപ്പിക്കും.