ഗോള്‍ഡന്‍ ബീന്‍സ് എന്നറിയപ്പെടുന്ന സോയാബീന്‍ പയര്‍വര്‍ഗങ്ങളുടെ കുടുംബമായ ഫാബാസിയിലെ അംഗമാണ്. ജൈവകര്‍ഷകര്‍ക്ക് കൃത്രിമമായ വളങ്ങളും കീടനാശിനികളുമില്ലാതെതന്നെ എളുപ്പത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന ഭക്ഷ്യവിളയാണിത്. കേരളത്തില്‍ പാലക്കാട് ജില്ലയില്‍ സോയാബീന്‍ കൃഷിയുണ്ട്. ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം.

ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും ഒരുപോലെ വളരുന്ന ഇനമാണ് സോയാബീന്‍. വിത്ത് മുളയ്ക്കുന്ന സമയത്ത് നല്ല ഈര്‍പ്പം നല്‍കണം. അതുപോലെ പൂക്കളുണ്ടാകുമ്പോഴും വിത്ത് വളരാനുള്ള തോട് രൂപാന്തരം പ്രാപിക്കുമ്പോഴും നന്നായി നനയ്ക്കണം. മൂത്ത് പാകമാകാന്‍ വരണ്ട കാലാവസ്ഥയാണ് വേണ്ടത്.

സോയാബീനിന്റെ ചെടി നൈട്രജന്‍ സ്ഥിരീകരണം നടത്തുകയും മണ്ണില്‍ ഫോസ്ഫറസിന്റെ അഭാവമില്ലാത്തിടത്തോളം കാലം വളവും കമ്പോസ്റ്റും ഇല്ലാതെ തന്നെ വളരുകയും ചെയ്യും. വിള ചംക്രമണം നടത്തി കൃഷി ചെയ്യുന്നതുകൊണ്ട് ഏറെ പ്രയോജനമുണ്ട്. കീടങ്ങളുടെ ജീവിതചക്രത്തിന് ഭംഗം വരുത്താനും മണ്ണിലെ പോഷകങ്ങള്‍ വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു. വിള ചംക്രമണം നടത്തുമ്പോള്‍ നൈട്രജന്‍ ഉത്പാദിപ്പിച്ച് നശിക്കാതെ സംരക്ഷിക്കാന്‍ കഴിയുന്നു.

ഭക്ഷ്യാവശ്യത്തിനായി കൃഷി ചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് 20 മുതല്‍ 30 കി.ഗ്രാം വരെ വിത്തുകള്‍ വിതയ്ക്കാം. ഫോഡര്‍ വിളയായി കൃഷി ചെയ്യുമ്പോള്‍ ഹെക്ടറില്‍ 70 മുതല്‍ 75 കി.ഗ്രാം വരെ വിതയ്ക്കാറുണ്ട്. ഖാരിഫ് വിളയായാണ് ഫോഡര്‍ ഉത്പാദിപ്പിക്കുന്നത്. വസന്തകാലത്താണ് കൃഷിയെങ്കില്‍ ഹെക്ടറിന് 120 കി.ഗ്രാം വിത്താണ് ഉപയോഗിക്കുന്നത്.

45 മുതല്‍ 60 സെ.മീ വരെ അകലം നല്‍കിയാണ് വിത്ത് വിതയ്ക്കുന്നത്. ഓരോ ചെടി തമ്മിലും നാലോ അഞ്ചോ സെ.മീ അകലം ആവശ്യമാണ്. മൂന്നോ നാലോ സെ.മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ വിത്ത് കുഴിച്ചിടരുത്. 15 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളിടത്താണ് ചെടി നന്നായി വളരുന്നത്. വിവിധതരത്തിലുള്ള മണ്ണില്‍ സോയാബീന്‍ വളരും. വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണ് ഉപയോഗിക്കരുത്. വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിയുന്ന ചെടിയാണ്. നല്ല നീര്‍വാര്‍ച്ചയുള്ളതും പി.എച്ച് മൂല്യം 6.5 ആയതുമായ മണ്ണിലാണ് കൃഷി നന്നായി ചെയ്യാന്‍ പറ്റുന്നത്.

നേരിട്ട് വിത്തില്‍ നിന്നുതന്നെ കൃഷി ചെയ്യാം. കളകള്‍ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആദ്യത്തെ നാലോ അഞ്ചോ ആഴ്ചകള്‍ കൊണ്ട് വളരുന്ന കളകളാണ് വിളവിനെ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്.

നല്ല വിളവ് ലഭിക്കാനായി 15 മുതല്‍ 20 ടണ്‍ കമ്പോസ്റ്റ് ഒരു ഹെക്ടര്‍ സ്ഥലത്ത് നല്‍കാറുണ്ട്. നല്ല വിളവ് ലഭിക്കുന്ന സ്ഥലത്ത് ഒരു ഹെക്ടറില്‍ ഏകദേശം 30 ക്വിന്റല്‍ സോയാബീന്‍ കിട്ടും. തുടക്കത്തില്‍ 20 മുതല്‍ 30 കിലോഗ്രാം വരെ നൈട്രജന്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് പ്രയോഗിക്കണം. മറ്റുള്ള വിളകളെ അപേക്ഷിച്ച് വലിയ അളവില്‍ ഫോസ്ഫറസ് ആവശ്യമുണ്ട്.

നട്ടുവളര്‍ത്തി 70 മുതല്‍ 160 ദിവസങ്ങള്‍കൊണ്ട് വിളവെടുക്കാം. ഇനങ്ങളിലെ വ്യത്യാസമനുസരിച്ച് വിളവെടുപ്പും വ്യത്യാസപ്പെടും. ഇലകളും തണ്ടും മഞ്ഞനിറമാകുമ്പോള്‍ വിളവെടുപ്പിന് പാകമായെന്ന് മനസിലാക്കാം. വിത്തുണ്ടാകുന്ന ആവരണം കറുപ്പുനിറമാകുകയും ചെയ്യും. മിക്കവാറും സോയാബീന്‍ മെഷീന്‍ ഉപയോഗിച്ചാണ് വിളവെടുക്കുന്നത്. കാലാവസ്ഥയും ഇനവും അനുസരിച്ച് വളരാനുള്ള സമയവും 50 മുതല്‍ 200 ദിവസങ്ങള്‍ വരെ വ്യത്യാസപ്പെടും.