Asianet News MalayalamAsianet News Malayalam

ശീതളപാനീയമല്ല ഈ സ്‌ക്വാഷ്; വെള്ളരി വര്‍ഗത്തില്‍പ്പെട്ട പച്ചക്കറിയാണ്

വിത്ത് വിതച്ചാണ് കൃഷി കൂടുതലായും ചെയ്യുന്നത്. തണ്ടുകള്‍ മുറിച്ചുനട്ടും വളര്‍ത്താം. വേര് പിടിപ്പിച്ച തണ്ടുകള്‍ വളര്‍ത്തുമ്പോഴാണ് പെട്ടെന്ന് കായകളുണ്ടാകുന്നത്. 

how to grow squash
Author
Thiruvananthapuram, First Published Sep 11, 2020, 3:13 PM IST

പേര് കേട്ടിട്ട് ശീതളപാനീയമാണെന്ന് കരുതരുത്. വിറ്റാമിനുകളാല്‍ സമ്പുഷ്ടമായ സ്‌ക്വാഷ് വളരെ സ്വാദിഷ്ടമായ ഒരിനം പച്ചക്കറിയാണ്. കുക്കുര്‍ബിറ്റേസി സസ്യകുടുംബത്തിലെ അംഗമായ ഇത് പല ആകൃതിയിലും വലുപ്പത്തിലും നിറത്തിലും കാണപ്പെടുന്നുണ്ട്. വേനല്‍ക്കാലത്തുണ്ടാകുന്നവയ്ക്ക് കുറ്റിച്ചെടികളായി വളരുന്ന സ്വഭാവവും തണുപ്പുകാലത്തുണ്ടാകുന്ന ചെടികള്‍ക്ക് പടര്‍ന്നുവളരുന്ന സ്വഭാവവുമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന പലയിനം പച്ചക്കറികളും നമ്മുടെ അടുക്കളത്തോട്ടത്തില്‍ സുലഭമാണ്.

ബട്ടര്‍നട്ട്, മത്തങ്ങ, കമ്മട്ടിക്കായ എന്നിങ്ങനെയുള്ള പച്ചക്കറികളെല്ലാം ഈ കുടുംബത്തില്‍ ഉള്‍പ്പെട്ടതാണ്. വിറ്റാമിന്‍ എയുടെയും ഫോസ്ഫറസ്, കാല്‍സ്യം എന്നിവയുടെയും കലവറയാണ് സ്‌ക്വാഷ്. ഗ്രീന്‍ഹൗസിലും പോളിഹൗസിലും പാത്രങ്ങളിലും അടുക്കളത്തോട്ടത്തിലുമെല്ലാം വളര്‍ത്താവുന്ന പച്ചക്കറിയാണിത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആസ്തമ രോഗികള്‍ക്ക് ഫലപ്രദമായും രക്തചംക്രമണം വര്‍ധിപ്പിക്കാനും കണ്ണുകളുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സഹായകമാണ് ഈ പച്ചക്കറിയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍. ബനാന സ്‌ക്വാഷ്, ബട്ടര്‍കപ്പ്, കാര്‍ണിവല്‍, ഫെയറിടെയ്ല്‍ പംപ്കിന്‍ സ്‌ക്വാഷ്, ഹബ്ബാര്‍ഡ്, കാബോച്ച, ഡെലികേറ്റ എന്നീ ഇനങ്ങളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുന്നു. ബട്ടര്‍നട്ട് ആണ് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ഇനം.

വേനല്‍ക്കാല വിളയാണ് സ്‌ക്വാഷ്. 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് ഈ പച്ചക്കറി കൂടുതലായി വളരുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ളതും മണല്‍ കലര്‍ന്നതുമായ മണ്ണിലോ ജൈവവളസമ്പുഷ്ടമായ കളിമണ്ണിലോ ആണ് നന്നായി വളരുന്നത്. പക്ഷേ, കളിമണ്ണില്‍ വളരുമ്പോള്‍ വിളവെടുക്കാന്‍ പ്രയാസമാണ്. കൂടുതല്‍ തൊഴിലാളികളുടെ അധ്വാനം വേണ്ടിവരും. വ്യാവസായികമായി വളര്‍ത്തുമ്പോള്‍ മണ്ണ് പരിശോധിച്ച് പോഷകങ്ങളുടെ അഭാവം നികത്തണം. മണ്ണിന്റെ പി.എച്ച് മൂല്യം 5.5 -നും 6.5 -നും ഇടയിലായിരിക്കണം.

വിത്ത് വിതച്ചാണ് കൃഷി കൂടുതലായും ചെയ്യുന്നത്. തണ്ടുകള്‍ മുറിച്ചുനട്ടും വളര്‍ത്താം. വേര് പിടിപ്പിച്ച തണ്ടുകള്‍ വളര്‍ത്തുമ്പോഴാണ് പെട്ടെന്ന് കായകളുണ്ടാകുന്നത്. ഒരു ഹെക്ടര്‍ ഭൂമിയില്‍ 4 കിലോഗ്രാം വരെ വിത്തുകള്‍ വിതയ്ക്കാം. 2.5 മുതല്‍ 4 സെ.മീ വരെ ആഴത്തില്‍ വിത്ത് നടാവുന്നതാണ്. കായകള്‍ മൂപ്പെത്തിയാല്‍ ജലസേചനം ഒഴിവാക്കണം. തുള്ളിനനയാണ് നല്ലത്.

പൗഡറി മില്‍ഡ്യൂ, ഡൗണി മില്‍ഡ്യു, ബാക്റ്റീരിയ മൂലമുള്ള വാട്ടരോഗം, കുക്കുമ്പര്‍ മൊസൈക്, സ്‌ക്വാഷ് മൊസൈക്, ആഫിഡുകള്‍, വേരുചീയല്‍ എന്നിവയെല്ലാം ബാധിക്കാന്‍ സാധ്യതയുണ്ട്.

പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് കായകളുത്പാദിപ്പിക്കും. അതിനാല്‍ അമിതമായി മൂപ്പെത്തി കടുപ്പമേറുന്നതിന് മുമ്പായി പറിച്ചെടുക്കണം. തണുപ്പുകാലത്ത് വളര്‍ത്തുന്ന സ്‌ക്വാഷ് ചെടികളില്‍ നിന്ന് ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 20,000 കി.ഗ്രാം വിളവ് ലഭിക്കും. 


 

Follow Us:
Download App:
  • android
  • ios