മത്തങ്ങയുടെ കുടുംബക്കാരനായ പിങ്ക് നിറമുള്ള വിത്തില്ലാത്ത 'സൂര്യന്‍ തണ്ണിമത്തന്‍' കലോറി കുറഞ്ഞ പഴമാണ്. ഹിന്ദിയില്‍ ഇതിനെ സര്‍ദ എന്നു വിളിക്കുന്നു. വിറ്റാമിന്‍ സിയും പൊട്ടാസ്യവും അടങ്ങിയ ഈ പ്രത്യേകതരം മത്തനില്‍ നമ്മുടെ സാധാരണ തണ്ണിമത്തനിലുള്ളതുപോലെ വലിയ അളവില്‍ ജലാംശമുണ്ട്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഇതില്‍ നിരവധി പോഷകഘടങ്ങള്‍ അടങ്ങിയിട്ടുണ്ട്. സാധാരണ തണ്ണിമത്തന്റെ കൃഷിരീതികള്‍ തന്നെ അവലംബിക്കാവുന്നതുമാണ്. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊറിയക്കാര്‍ ആസ്വദിച്ച് ഭക്ഷിച്ചിരുന്ന പഴമാണിത്. മത്തങ്ങ ഇന്ത്യക്കാരനാണെന്ന സംശയം പലര്‍ക്കുമുണ്ടായിരുന്നു. പണ്ടുമുതലേ ചൈനയിലും കൊറിയയിലും മത്തങ്ങ ധാരാളം വളര്‍ത്തിയിട്ടുണ്ട്.

ഈ പ്രത്യേകതരം മത്തനില്‍ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങള്‍ അകാലവാര്‍ദ്ധക്യം തടയാന്‍ സഹായിക്കുന്നു. ചര്‍മത്തിന് യുവത്വം നിലനിര്‍ത്താം. 90 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ ഓജസ് വീണ്ടെടുക്കാനും തൊണ്ട വരണ്ട പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും കഴിയും. കൊഴുപ്പും കൊളസ്‌ട്രോളും ഇല്ലാതാക്കാന്‍ കഴിയുമെന്നതിനാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ് സണ്‍ മെലണ്‍ അഥവാ സൂര്യന്‍ തണ്ണിമത്തന്‍. അതുപോലെ ഉയര്‍ന്ന അളവില്‍ കരോട്ടിനോയ്ഡും അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടിന്‍ അടങ്ങിയതിനാല്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്. ബീറ്റാകരോട്ടിനാണ് വിറ്റാമിന്‍ എ ആയി മാറുന്നത്.

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണ് കൃഷി ചെയ്യാന്‍ അനുയോജ്യം. കൃഷി ആരംഭിക്കുന്നതിന് മുമ്പായി മണ്ണിലെ പി.എച്ച് മൂല്യം പരിശോധിക്കണം. 6.0 നും 6.8 നും ഇടയിലായിരിക്കണം പി.എച്ച് മൂല്യം. ജൈവവളപ്രയോഗം നടത്തി മണ്ണിനെ പോഷകമൂല്യമുള്ളതാക്കി മാറ്റണം.

ദീര്‍ഘകാലം തണുപ്പുള്ളതും വളരെ കുറച്ച് മാത്രം വെയില്‍ ലഭിക്കുന്നതുമായ പ്രദേശമാണെങ്കില്‍ വീട്ടിനകത്ത് വിത്ത് മുളപ്പിച്ച് തൈകള്‍ പറമ്പിലേക്ക് മാറ്റിനടുന്നതാണ് നല്ലത്. ആദ്യമായി വിത്ത് പാത്രങ്ങളില്‍ കമ്പോസ്റ്റും പീറ്റ്‌മോസും ചേര്‍ത്ത് നടണം. തൈകള്‍ മുളച്ചുവന്നാല്‍ കാലാവസ്ഥ ചൂടുള്ളതരത്തിലാകുന്ന സമയത്ത് പുറത്തേക്ക് മാറ്റി നടണം.

രണ്ടു ദിവസം കൂടുമ്പോള്‍ നിര്‍ബന്ധമായും നനച്ചിരിക്കണം. ഒരാഴ്ചയില്‍ 2.5 സെ.മീ മുതല്‍ 5.1 സെ.മീ വരെ വെള്ളം ആവശ്യമാണ്. വെള്ളം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങള്‍ പഴുക്കാന്‍ തുടങ്ങിയാല്‍ നനയ്ക്കുന്നതിന്റെ അളവ് കുറയ്ക്കണം. വെള്ളം കുറഞ്ഞാല്‍ പഴങ്ങള്‍ക്ക് നല്ല മധുരവും മണവുമുണ്ടാകും.

മഴക്കാലം തുടങ്ങുന്നതിന് മുമ്പോ വേനല്‍ക്കാലം അവസാനിക്കുന്ന സമയത്തോ പഴങ്ങള്‍ വിളവെടുപ്പിന് പാകമാകും. വള്ളികളില്‍ നിന്ന് പറിച്ചെടുത്താല്‍ പഴം മൃദുവാകും. പക്ഷേ, വീണ്ടും മധുരമുള്ളതാകില്ല. വിളവെടുത്ത ഉടനെ കഴിക്കുന്നില്ലെങ്കില്‍ ഫ്രിഡ്‍ജില്‍ പന്ത്രണ്ടോ പതിനഞ്ചോ ദിവസം സൂക്ഷിക്കാം.

സ്മൂത്തി, ഐസ്‌ക്രീം, ഡെസേര്‍ട്ട് എന്നിവ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നുണ്ട്. അച്ചാറിടാന്‍ പഴുക്കാത്ത പഴങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കക്കിരി, പുതിന, ഇഞ്ചി, ബെറികള്‍, കൊഞ്ച്, തേങ്ങാപ്പാല്‍, മുളക്‌പൊടി എന്നിവയോടൊപ്പം ഈ മത്തങ്ങ ഉപയോഗിച്ചാലും പാര്‍ശ്വഫലങ്ങള്‍ ഇല്ല.