നല്ല സൂര്യപ്രകാശമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണിലാണ് കരിനൊച്ചി നന്നായി വളരുന്നത്. അമ്ലസ്വഭാവമുള്ള മണ്ണിലും ക്ഷാരഗുണമുള്ള മണ്ണിലും വളരും. 

'ലൈലാക്ക് ഓഫ് ദ സൗത്ത്' എന്നറിയപ്പെടുന്ന ചെടിക്ക് നമ്മുടെ നാട്ടില്‍ മറ്റൊരു പേരുണ്ട്. പര്‍പ്പിളോ ലാവെന്‍ഡറോ ഇളം പിങ്കോ ആയ നിറത്തിലുള്ള മനോഹരമായ പൂക്കളുണ്ടാകുന്നതുകൊണ്ടാണ് ലൈലാക്ക് ഓഫ് ദ സൗത്ത് എന്ന വിളിപ്പേര് വന്നത്. അതേസമയം തന്നെ സേജ് ട്രീ (മഹര്‍ഷിയുമായി ബന്ധപ്പെടുത്തി) എന്നും ഇന്ത്യന്‍ സ്‌പൈസ് വൈറ്റക്‌സ് എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്. കേരളത്തില്‍ കരിനൊച്ചി എന്ന് വിളിക്കപ്പെടുന്ന ഔഷധഗുണമുള്ള ചെടി തന്നെയാണിത്. പണ്ടുകാലത്ത് കന്യകമാരെ കന്യകാത്വം നഷ്ടപ്പെടാതെ സംരക്ഷിച്ച് നിലനിര്‍ത്താനായി ഈ ചെടിയുടെ ഇലകള്‍ അവര്‍ കിടക്കുന്ന കിടയ്ക്കയുടെ കീഴില്‍ വെച്ചിരുന്നതായും പറയപ്പെടുന്നു.

പുരാതന ഗ്രീക്കുകാരും ഈജിപ്ഷ്യന്‍ നിവാസികളും റോമാക്കാരും ഈ ചെടിയുടെ ഔഷധഗുണം പ്രയോജനപ്പെടുത്തിയതായി പറയപ്പെടുന്നു. വയര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഇവര്‍ ഉപയോഗിച്ചിരുന്നു. മുഖക്കുരുവിനെതിരെയും ആര്‍ത്തവത്തിന് മുന്നോടിയായുള്ള വേദനകള്‍ ലഘൂകരിക്കാനും ഈ ചെടിയില്‍ നിന്നുള്ള ഔഷധം ഉപയോഗിപ്പെടുത്തിയാതായി കണ്ടുവരുന്നു. വൈറ്റെക്‌സ് ആഗ്നസ് -കാസ്റ്റസ് (Vitex agnus-castus) എന്നാണ് കരിനൊച്ചിയുടെ ശാസ്ത്രനാമം.

നല്ല സൂര്യപ്രകാശമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണിലാണ് കരിനൊച്ചി നന്നായി വളരുന്നത്. അമ്ലസ്വഭാവമുള്ള മണ്ണിലും ക്ഷാരഗുണമുള്ള മണ്ണിലും വളരും. പൂക്കളുണ്ടായി മുറിച്ചുകളയാതിരുന്നാല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുകയും അവ എവിടെയൊക്കെ വീണാലും പെട്ടെന്ന് മുളച്ച് പൊന്തുകയും ചെയ്യും.

പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ചെടികള്‍ക്ക് 15 മുതല്‍ 25 അടി വരെ ഉയരമുണ്ടാകും. പലയിനത്തില്‍പ്പെട്ട ചെടികള്‍ കരിനൊച്ചിയിലുണ്ട്. 'ബ്ലൂ പഫ്ബാള്‍' എന്നറിയപ്പെടുന്ന ചെടി ഏകദേശം മൂന്നോ നാലോ അടി ഉയരത്തില്‍ വളര്‍ന്ന് നീലപ്പൂക്കളുണ്ടാകുന്നവയാണ്. മറ്റൊരിനമായ പിങ്ക് പിന്നാക്ള്‍ ഇതേപോലെ തന്നെ നാല് അടിയോളം ഉയരത്തില്‍ വളര്‍ന്ന് പിങ്ക് പൂക്കളുണ്ടാക്കും. വയലറ്റും നീലയും കലര്‍ന്ന പൂക്കളോടുകൂടിയ ഷോള്‍ ക്രീക്ക് എന്നയിനം 12 അടിയോളം ഉയരത്തില്‍ വളരും.

കമ്പ് മുറിച്ചുനട്ടും കരിനൊച്ചി വളര്‍ത്താം. പെട്ടെന്ന് വളരുന്ന ഈ ചെടി വെട്ടി ബുഷ് രൂപത്തില്‍ വളര്‍ത്താനും വിവിധ ശാഖകളോടുകൂടി ഉയരത്തില്‍ വളര്‍ത്താനും കഴിയും. ഏതുവിധത്തില്‍ വളര്‍ത്തിയാലും വേനല്‍ക്കാലം മുഴുവനും ആകര്‍ഷകമായി ലൈലാക്കിനോട് സാമ്യമുള്ള പൂക്കള്‍ വിടരും.