ഏകദേശം 300 ഇനങ്ങളിലായി 44 സസ്യകുടുംബങ്ങളിലുള്ള ചെടികളില്‍ കണ്ടുവരുന്ന ഇലചുരുളല്‍ പൊതുവേ വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് സംഭവിക്കുന്നത്. ടൊമാറ്റോ ലീഫ് കേള്‍ എന്നാണ് ഇതിന് കാരണമാകുന്ന വൈറസിന്റെ പേരെങ്കിലും ഇത് തക്കാളിയെ മാത്രമല്ല ബാധിക്കുന്നത്. ചെടിയെ ആക്രമിച്ച് വളര്‍ച്ച മുരടിപ്പിക്കാനും പൂര്‍ണമായും നശിപ്പിക്കാനും വിരുതന്‍മാരാണ് ഈ വൈറസുകള്‍.

സില്‍വര്‍ ലീഫ് എന്ന വെള്ളീച്ചയാണ് ഇത് ചെടികള്‍തോറും പരത്തുന്നത്. രോഗം ബാധിച്ച ചെടിയില്‍ നിന്ന് ആഹാരം കണ്ടെത്തുന്ന ഇത്തരം വെള്ളീച്ചകള്‍ വൈറസിനെയും ആവാഹിച്ചാണ് മറ്റുള്ള ചെടികളിലേക്ക് പറന്നെത്തുന്നത്.

തക്കാളിച്ചെടിയിലാണ് ഈ വൈറസ് ആക്രമിക്കുന്നതെങ്കില്‍ ഇലകള്‍ മഞ്ഞനിറമാകുകയും ചുരുളുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യും. അതുപോലെ പൂക്കളും പഴങ്ങളും കൊഴിഞ്ഞുപോകും. കാര്യമായ ഉത്പാദനം ഉണ്ടാകുകയുമില്ല.അഥവാ പഴങ്ങളുണ്ടായാല്‍ത്തന്നെ വളരെ ചെറുതും മുരടിച്ചതും ഉണങ്ങിയതും മൂപ്പെത്തുന്നതിന് മുമ്പേ തന്നെ പഴുക്കുന്നതുമായിരിക്കും. ഈ വെറസിനെ തിരിച്ചറിയല്‍ എളുപ്പമല്ല. ഇതേ രീതിയിലുള്ള ലക്ഷണങ്ങള്‍ മറ്റു പല പ്രശ്‌നങ്ങള്‍ കാരണവും ചെടികളിലുണ്ടാകാറുണ്ട്.

വളര്‍ച്ചയുടെ ഏതു കാലഘട്ടത്തിലും ഇലചുരുളന്‍ വൈറസ് ചെടികളില്‍ കയറിപ്പറ്റാം. പ്രധാനമായും വേനല്‍ക്കാലം തുടങ്ങുമ്പോഴാണ് ആക്രമണം കൂടുതലായി കാണുന്നത്. ആദ്യത്തെ ലക്ഷണം കാണിക്കുന്നത് താഴെയുള്ള ഇലകള്‍ തടിച്ചതുപോലെ കാണപ്പെടുമ്പോഴാണ്. പിന്നീട് ഈ ഇലകള്‍ മുകളിലേക്ക് ചുരുളുകയോ താഴോട്ട് കൂമ്പിപ്പോകുകയോ ചെയ്യുന്നു. അതുപോലെ ഇലകളുടെ നിറവ്യത്യാസവും ലക്ഷണങ്ങളിലൊന്നാണ്. മങ്ങിയ മഞ്ഞനിറത്തോടുകൂടിയ ഇലകളില്‍ പര്‍പ്പിള്‍ നിറമുള്ള ഞരമ്പുകള്‍ പോലുള്ള ഭാഗങ്ങള്‍ കാണാം.

ഒരിക്കല്‍ രോഗം ബാധിച്ച ചെടികളെ നശിപ്പിച്ചുകഴിഞ്ഞാല്‍ അതേ സ്ഥലത്ത് മറ്റു ചെടികള്‍ നടാതിരിക്കുന്നതാണ് നല്ലത്. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ആദ്യമേ നോക്കി വാങ്ങുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടല്‍ നടത്തണം. തക്കാളിയില്‍ അമിതമായി കൊമ്പുകോതല്‍ നടത്തരുത്. വെള്ളവും ആവശ്യത്തിന് നല്‍കണം.

വെള്ളീച്ചകളുടെ വളര്‍ച്ച തടയുന്നതും ഇലചുരുളല്‍ ഒഴിവാക്കാന്‍ ആവശ്യമാണ്. മഞ്ഞക്കെണി വെച്ച് വെള്ളീച്ചകളെ നിയന്ത്രിക്കാം. ഈ കാര്‍ഡില്‍ പെട്രോളിയം ജെല്ലി പുരട്ടിയാല്‍ ഈച്ചകള്‍ പറ്റിപ്പിടിക്കും. ഒരിക്കല്‍ ചെടിയില്‍ അസുഖം ബാധിച്ചുകഴിഞ്ഞാല്‍ ഈ രീതി പ്രയോജനം ചെയ്യില്ല.

ഇലചുരുളല്‍ ഒഴിവാക്കാനായി അവലംബിക്കാവുന്ന മറ്റൊരു മാര്‍ഗമാണ് ഓരോ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴും കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന സോപ്പ് ലായനി സ്‌പ്രേ ചെയ്യുകയെന്നത്. രോഗം ബാധിച്ച ചെടിയെ ഒരു പേപ്പര്‍ ബാഗ് ഉപയോഗിച്ച് പൊതിഞ്ഞ് വെള്ളീച്ചകളെ ബാഗിനകത്താക്കാം. ഈ ബാഗ് കത്തിച്ചു കളഞ്ഞാല്‍ മറ്റുചെടികളിലേക്ക് വെള്ളീച്ചകള്‍ വ്യാപിക്കുന്നത് തടയാനാകും.