Asianet News MalayalamAsianet News Malayalam

പൂച്ചെടിപ്പടർപ്പിലെ കളകൾ എളുപ്പത്തിൽ മാറ്റാം

പൂച്ചെടികളുടെ താഴെ, ഏകദേശം പത്തു സെന്റീമീറ്ററെങ്കിലും കട്ടിയിൽ ഉണക്കപ്പുല്ലും ചപ്പുചവറുകളും കൊണ്ടുള്ള പുതയിട്ടാൽ (mulch), വളർന്നു വരുന്ന കളച്ചെടികൾക്ക് ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കാതെ അവ നശിച്ചുപോകാനിടയുണ്ട്. 

how to remove weeds from your garden
Author
Thiruvananthapuram, First Published Nov 23, 2020, 9:12 AM IST

വീടുകളിൽ പൂന്തോട്ടമൊരുക്കുന്ന ഏതു തോട്ടക്കാരന്റെയും തീരാത്തലവേദനയാണ് പൂച്ചെടികൾക്കിടയിൽ വളരുന്ന അനാവശ്യമായ പുൽച്ചെടികൾ. പൂച്ചെടികൾക്ക് നാം കൊടുക്കുന്ന അവശ്യപോഷകങ്ങളും വെള്ളവും വളവുമെല്ലാം വലിച്ചെടുക്കുന്ന വില്ലനായാണ് ഇത്തരം കളകൾ പ്രത്യക്ഷപ്പെടുന്നത്. വേരോടെ ഈ കളകളെ പിഴുതെറിയുക എന്നത് അത്ര എളുപ്പമല്ല. പിന്നെ എന്തു ചെയ്യാം?

പൂച്ചെടികളും പച്ചപ്പുൽച്ചെടികളും ഇടകലർന്നു വളരാത്ത രീതിയിൽ ഇവ തമ്മിൽ അല്പം അകലം സൂക്ഷിക്കുക എന്നതാണ് ഇക്കാര്യത്തിൽ ആദ്യം ചെയ്യാനുള്ളത്. ഇങ്ങനെയാവുമ്പോൾ പുല്ലുകൾ വളർന്ന് അവ പൂച്ചെടിപ്പടർപ്പിലേക്ക് കയറുന്നത് നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാനാവും. ഇങ്ങനെ പച്ചപ്പുല്ല്, പൂച്ചെടികളുടെ ഇടയിലേക്ക് അതിക്രമിച്ചു കയറുന്നതു കണ്ടാൽ, ഉടൻതന്നെ അവയുടെ തലപ്പുകൾ ആദ്യം സൂക്ഷിച്ച അതേ അകലം വരുന്ന തരത്തിൽ മുറിച്ചുമാറ്റുക. ഇടയകലം പാലിക്കാത്ത രീതിയിൽ പുല്ലിനു വേരു വന്നിട്ടുണ്ടെങ്കിൽ ആ ഭാ​ഗത്തുള്ള പുല്ലുകൾ വേരോടെ പിഴുതു കളയുക. ഇങ്ങനെ രണ്ടാഴ്ചയിലൊരിക്കൽ ചെയ്താൽ, കൃത്യമായ ഇടയകലം പാലിച്ചു കൊണ്ടുതന്നെ പൂച്ചെടികളും പച്ചപ്പുല്ലും വളരുമെന്നതു നമുക്ക് ഉറപ്പുവരുത്താം. 

ട്രൈഫ്ളൂറാലിൻ (trifluralin) അടങ്ങിയ കളനാശിനികൾ തളിച്ചാൽ, പുൽച്ചെടികളിൽ വിത്തുല്പാദനം തടയപ്പെടുകയും അവയുടെ വളർച്ച ക്രമേണ മുരടിക്കുകയും ചെയ്യും. ക്ളീഥോഡിം (clethodim), സെതോക്സിഡിം (sethoxydim), ഫ്ളുവാസിഫോപ് (fluazifop-p) തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയ കളനാശിനികൾ തളിച്ചാൽ അവ പൂച്ചെടികളെയും കുറ്റിച്ചെടികളെയും ബാധിക്കാതെതന്നെ കളകളെയും പുല്ലുകളെയും നശിപ്പിക്കും. പൂച്ചെടികളുടെ അടുത്ത് പച്ചക്കറി കൃഷി നടത്തുന്നുണ്ടെങ്കിൽ കളനാശിനികൾ സ്പ്രേ ചെയ്യുന്ന സമയത്ത് ഒരു കാർഡ് ബോർഡ് കഷണത്തിന്റെ മറയെങ്കിലും വെക്കാൻ മറക്കരുത്. 

പൂച്ചെടികളുടെ താഴെ, ഏകദേശം പത്തു സെന്റീമീറ്ററെങ്കിലും കട്ടിയിൽ ഉണക്കപ്പുല്ലും ചപ്പുചവറുകളും കൊണ്ടുള്ള പുതയിട്ടാൽ (mulch), വളർന്നു വരുന്ന കളച്ചെടികൾക്ക് ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കാതെ അവ നശിച്ചുപോകാനിടയുണ്ട്. അഥവാ തവിട്ടുനിറത്തിലുള്ള കരിയിലക്കൂട്ടത്തിനിടയിൽ ഒരു പച്ചപ്പുൽനാമ്പു മുളച്ചാൽ, അവ കണ്ടെത്താനും എളുപ്പം പിഴുതു കളയാനും കഴിയും. 

ചെടികൾക്കിടയിൽ അല്പം ഇടയകലം. ചെറിയ ജാ​ഗ്രത. ഇത്രയും മാത്രം മതി, പൂച്ചെടികൾക്കിടയിൽ അനാവശ്യമായ പുൽച്ചെടികൾ വളരുന്നതു തടയാൻ.
 

Follow Us:
Download App:
  • android
  • ios