Asianet News MalayalamAsianet News Malayalam

ഹൈഡ്രാഞ്ചിയയില്‍ പൂക്കള്‍ വിരിയുന്നില്ലേ? അസുഖങ്ങള്‍ക്കെതിരെ പ്രതിരോധം സ്വീകരിക്കാം

ഇത്തരം രോഗങ്ങള്‍ ചെടികള്‍ മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതാണ്. അതുപോലെ പൗഡറി മില്‍ഡ്യു എന്ന അസുഖവും ബാധിച്ചാല്‍ ചെടിയെ നശിപ്പിച്ചു കളയാറുണ്ട്. 

Hydrangea Diseases prevention tips
Author
Thiruvananthapuram, First Published Dec 30, 2020, 3:10 PM IST

ഹൈഡ്രാഞ്ചിയപ്പൂക്കള്‍ ചെടികളെ സ്‌നേഹിക്കുന്നവരുടെ മനംകവരുമെന്ന കാര്യത്തില്‍ സംശയമില്ല. പല പ്രദേശങ്ങളിലും വളരെ എളുപ്പത്തില്‍ത്തന്നെ വളര്‍ത്തുന്ന ഈ ചെടിയില്‍ കാണപ്പെടുന്ന അസുഖങ്ങളില്‍ ഏറിയ പങ്കും ഇലകളെയാണ് ബാധിക്കുന്നത്. ചില കുമിള്‍ രോഗങ്ങളും വൈറസ് പരത്തുന്ന രോഗങ്ങളും വേരുകളെയും പൂക്കളെയും ബാധിക്കാറുണ്ട്. ശരിയായ പരിചരണം നല്‍കിയാല്‍ ചെടി നല്ല ആരോഗ്യത്തോടെ വളര്‍ത്താം.

ഇലകളെ ബാധിക്കുന്ന കുമിള്‍ രോഗം തന്നെയാണ് ഏറ്റവും ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. സെര്‍കോസ്‌പോറ, ആള്‍ടെര്‍നാറിയ, ഫൈലോസ്റ്റിക മുതലായ കുമിളുകളാണ് ഇത്തരം പുള്ളിക്കുത്തുകളുണ്ടാക്കുന്നത്. ഇവ ഈര്‍പ്പമുള്ള അന്തരീക്ഷത്തിലാണ് വളര്‍ന്ന് വ്യാപിക്കുന്നത്. ചിലതരം കുമിളുകള്‍ ചൂടുള്ള കാലാവസ്ഥയിലും ചെടികളെ ബാധിക്കാറുണ്ട്. ബാക്റ്റീരിയ കാരണം ഉണ്ടാക്കുന്ന ഇലപ്പുള്ളികളെ തടയാനായി രോഗം ബാധിച്ച ഇലകള്‍ നശിപ്പിച്ചു കളയണം.

വൈറസ് രോഗങ്ങള്‍ പടരുന്നത് പ്രാണികള്‍ വഴിയാണ്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ വഴി പകരാം. ഹൈഡ്രാഞ്ചിയുടെ ചെടികളെ ബാധിക്കുന്ന 15 തരം വൈറസുകളുണ്ടെന്നാണ് കണ്ടെത്തിയത്. പുള്ളിക്കുത്തുകള്‍ വീണ ഇലകള്‍, ചെടികളിലെ പച്ചനിറം നഷ്ടപ്പെടുക, വളര്‍ച്ച മുരടിക്കുക, പൊള്ളലേറ്റ പോലെ പാടുകളുണ്ടാകുക എന്നിവയെല്ലാം വൈറസ് രോഗങ്ങളുടെ ലക്ഷണങ്ങളാണ്.

വൈറസ് രോഗങ്ങളെ ഫലപ്രദമായി തടയാനുള്ള മാര്‍ഗങ്ങള്‍ പൂര്‍ണമായും വിജയമാകണമെന്നില്ല. പ്രതിരോധമാണ് അസുഖം ബാധിക്കാതെ നോക്കാനുള്ള മാര്‍ഗം. രോഗം ബാധിച്ച ചെടികളെ തോട്ടത്തില്‍ നിന്ന് ഒഴിവാക്കുകയും കളകള്‍ പറിച്ചുമാറ്റുകയും ചെയ്യണം. അതുപോലെ പ്രൂണ്‍ ചെയ്യാനുപയോഗിക്കുന്ന കത്തികളും ഉപകരണങ്ങളും സ്റ്റെറിലൈസ് ചെയ്ത ശേഷം ഉപയോഗിക്കണം.

ഇത്തരം രോഗങ്ങള്‍ ചെടികള്‍ മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതാണ്. അതുപോലെ പൗഡറി മില്‍ഡ്യു എന്ന അസുഖവും ബാധിച്ചാല്‍ ചെടിയെ നശിപ്പിച്ചു കളയാറുണ്ട്. ഈ രോഗം ഇലകളെയും പൂക്കളെയും പൂമൊട്ടുകളെയുമാണ് സാധാരണയായി ബാധിക്കുന്നത്. വായുസഞ്ചാരം ധാരാളം ലഭിക്കുന്നിടത്ത് ചെടി വളര്‍ത്തണം. അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയ്ക്കണം.

ഇലകളില്‍ ചുവന്ന കുരു അല്ലെങ്കില്‍ കുമിള പോലെ കാണപ്പെടുന്ന മറ്റൊരു രോഗബാധയുമുണ്ട്. റസ്റ്റ് എന്നറിയപ്പെടുന്ന ഈ അസുഖവും കുമിള്‍ രോഗം തന്നെയാണ്. ഇത് ഇലകളെയും തണ്ടുകളെയും ബാധിക്കാറുണ്ട്. ഈര്‍പ്പം കൂടുതലുണ്ടാകാതെ ശ്രദ്ധിക്കുകയും അമിതമായി നനയ്ക്കാതിരിക്കുകയുമാണ് പ്രതിരോധമാര്‍ഗം. വേപ്പെണ്ണ പോലുള്ള കുമിള്‍നാശിനി ഉപയോഗിച്ച് ഒരു പരിധി വരെ ഇത് പരിഹരിക്കാം.

ഹൈഡ്രാഞ്ചിയയെ ബാധിക്കുന്ന മറ്റൊരു അസുഖമാണ് ഗ്രേ മോള്‍ഡ്.  ഇത് ബോട്രിടിസ് ബ്ലൈറ്റ് എന്നും അറിയപ്പെടുന്നു. പൂക്കളെ ബാധിച്ചാല്‍ പുള്ളിക്കുത്തുകളുണ്ടാകാനും നിറം മങ്ങാനും വാടിപ്പോകാനും സാധ്യതയുണ്ട്. പൂമൊട്ട് വിടരാതെ കൊഴിയും. ചെടി വാടിക്കരിഞ്ഞ പോലെ കാണപ്പെടാം. അസുഖം ബാധിച്ചാല്‍ ചെടികള്‍ നശിപ്പിച്ചുകളയുകയോ കേടുവന്ന ഭാഗം മുറിച്ചുമാറ്റുകയോ ചെയ്യണം. നിങ്ങളുടെ ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വെള്ളവും വളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇലകളില്‍ വെള്ളത്തുള്ളികള്‍ വീണ് ഈര്‍പ്പമുണ്ടാകാതെ സൂക്ഷിക്കണം.

Follow Us:
Download App:
  • android
  • ios