അണുനാശിനിയായി ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കാറുണ്ടെങ്കിലും പൂന്തോട്ടത്തില്‍ പ്രയോഗിക്കാമെന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ബ്ലീച്ചിങ്ങ് ഏജന്റായും പ്രഥമ ശുശ്രൂഷയ്ക്കും മാത്രമല്ല, ചെടികള്‍ വളര്‍ത്തുന്നവര്‍ക്ക് പല ഘട്ടത്തിലും ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി പ്രയോജനപ്പെടുത്താവുന്നതാണ്. നേര്‍പ്പിച്ച ലായനി വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

ഹൈഡ്രജന്‍ പെറോക്‌സൈഡ് പ്രകൃതിദത്തമായി ഉണ്ടാകുന്നുണ്ട്. വ്യാവസായികമായി നിര്‍മിക്കുന്നത് ജൈവസംയുക്തമായി പരിഗണിക്കുന്നില്ല. പ്രകൃതിദത്തമായി നിര്‍മിക്കപ്പെടുന്ന ഈ രാസസംയുക്തം പരിസ്ഥിതി സൗഹൃദപരമായി ഉപയോഗിക്കാവുന്ന നല്ലൊരു കീടനാശിനിയും കുമിള്‍നാശിനിയും വളവും കൂടിയാണ്.

ഹൈഡ്രജന്റെ രണ്ട് ആറ്റങ്ങളും ഓക്‌സിജന്റെ ഓക്‌സിജന്റെ ഒരു ആറ്റവും ചേര്‍ന്നതാണ് ജലം. വെള്ളത്തിനോട് ഏറെ സാമ്യമുള്ള രാസസൂത്രമാണ് ഹൈഡ്രജന്‍ പെറോക്‌സൈഡിന്. ഹൈഡ്രജന്റെയും ഓക്‌സിജന്റെയും രണ്ട് ആറ്റങ്ങള്‍ ചേര്‍ന്നതാണ് ഇത്. അതുകൊണ്ടാണ് പൂന്തോട്ടത്തിലേക്കും ഏറെ ഉപകാരിയായി ഈ രാസസംയുക്തം മാറുന്നത്. ആല്‍ഗകള്‍, ഫംഗസ്, ബാക്റ്റീരിയ, നെമാറ്റോഡുകള്‍ എന്നിവയ്‌ക്കെല്ലാം ശക്തമായ പ്രതിയോഗിയാണ് ഓക്‌സിജന്‍. ശരിയായ രീതിയില്‍ നേര്‍പ്പിച്ച ഹൈഡ്രജന്‍ പെറോക്‌സൈഡ് ചെടികള്‍ക്ക് നല്‍കുന്നത് ഒരല്‍പം കൂടി അധികം ഓക്‌സിജനായതുകൊണ്ട് ഇത്തരം അനാവശ്യമായ കീടാണുക്കള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമാണ്.

എങ്ങനെ ഉപയോഗിക്കാം?

വേരുചീയല്‍ തടയാനും അസുഖങ്ങള്‍ പകരാതിരിക്കാനും ദ്രാവകരൂപത്തിലുള്ള വളമായും വിത്ത് മുളപ്പിക്കാനും കീടാക്രമണം തടയാനും ഇത് പ്രയോജനപ്പെടുത്താം. ഒരു ടീസ്പൂണ്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിക്കാം. സക്കുലന്റ് വര്‍ഗത്തില്‍പ്പെട്ട ജെയ്ഡ് ചെടി പോലുള്ള ചെടികളിലെ കീടങ്ങള്‍ക്കെതിരെയാണെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കീടനാശിനിയായി ഉപയോഗിക്കാം. ഈ ലായനി ഇരുണ്ട നിറമുള്ള പാത്രത്തില്‍ നന്നായി അടച്ചുറപ്പോടെ സംരക്ഷിക്കണം. നല്ല വായുസഞ്ചാരമുള്ളതും തണുപ്പുള്ളതുമായ സ്ഥലമായിരിക്കണം.

തോട്ടത്തിലെ മണ്ണ് അല്ലെങ്കില്‍ മണല്‍ വെള്ളം ശേഖരിച്ച പാത്രത്തിലെടുത്ത് ഏകദേശം 3 മുതല്‍ 6 ശതമാനം വരെ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത് കുതിര്‍ത്ത് വെക്കണം. ഒരു രാത്രി മുഴുവന്‍ ഇപ്രകാരം വെച്ച് മണ്ണ് നന്നായി നനഞ്ഞുവെന്ന് ഉറപ്പുവരുത്തണം. ഇപ്രകാരം മണ്ണിന് പരിചരണം നല്‍കിയാല്‍ അണുക്കളെയും നെമാറ്റോഡുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കാം. അതിനുശേഷം ഈ മണ്ണ് പോട്ടിങ്ങ് മിശ്രിതമായി ചെടിച്ചട്ടികളില്‍ ഉപയോഗിക്കാം.

വിത്തുകളില്‍ കീടാണുക്കള്‍ ഉണ്ടെങ്കില്‍ ഫലപ്രദമായി മുളപ്പിച്ചെടുക്കാന്‍ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് ശതമാനം വീര്യമുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ വിത്തുകള്‍ വെറും അഞ്ച് മിനിറ്റ് കുതിര്‍ത്ത് വെച്ചാല്‍ മതി. ഈ വിത്തുകള്‍ നടുന്നതിന് മുമ്പായി ടാപ്പില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തില്‍ വിത്തുകള്‍ നന്നായി കഴുകി ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം ഒഴിവാക്കണം. ഇപ്രകാരം കുതിര്‍ത്താല്‍ കൂടുതലായി ലഭിക്കുന്ന ഓക്‌സിജന്റെ അംശം കാരണം വിത്തുകള്‍ പെട്ടെന്ന് മുളയ്ക്കാന്‍ കാരണമാകും. വിത്ത് മുളയ്ക്കാന്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണ് ഓക്‌സിജന്‍. ഈ വിത്തുകള്‍ വിതച്ചശേഷം ഒരു ടീസ്പൂണ്‍ ഹൈഡ്രജന്‍ പെറോക്‌സൈഡും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് ആദ്യത്തെ ഒരാഴ്ച നനച്ചുകൊടുക്കണം.

കളകളെ നശിപ്പിക്കാനാണെങ്കില്‍ 10 ശതമാനം വീര്യമുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡ് അതിരാവിലെയോ വൈകീട്ടോ നേരിട്ട് കളകളില്‍ പ്രയോഗിക്കാം. നേരിട്ട് സൂര്യപ്രകാശം പതിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ കളകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് നിലനിര്‍ത്തേണ്ട ചെടികളില്‍ ലായനിയുടെ അംശം പതിയാതിരിക്കാന്‍ വളരെ സൂക്ഷ്മത വേണം.