Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ ജോലി കളഞ്ഞ് നാട്ടില്‍ പാല്‍ക്കച്ചവടം തുടങ്ങി; ഇന്ന് വരുമാനം കോടികള്‍!

തുടക്കത്തില്‍ 20 പശുക്കള്‍ മാത്രം ഉണ്ടായിരുന്ന ആ ഫാം ഇന്ന് 44 കോടി വിലമതിക്കുന്ന കമ്പനിയായി വളര്‍ന്നിരിക്കുന്നു.

IIT student who quit his US job and started diary farm
Author
Hyderabad, First Published May 19, 2021, 10:33 PM IST

മനസ്സിന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും ചെയ്ത് കാശുണ്ടാക്കുന്നതിനേക്കാള്‍ തന്റെ ആഗ്രഹങ്ങളെ പിന്തുണക്കുന്ന ലളിതമായ ജീവിതം തിരഞ്ഞെടുക്കാനാണ് മുന്‍ എഞ്ചിനീയര്‍ കിഷോര്‍ ഇന്ദുകുരി ആഗ്രഹിച്ചത്. അതിനാലാണ് അമേരിക്കയില്‍ തനിക്കുണ്ടായിരുന്ന ഉയര്‍ന്ന ശമ്പളവും ജോലിയും ഉപേക്ഷിച്ച്, ഇന്ത്യയില്‍ എത്തി ഒരു ഡയറി ഫാം അദ്ദേഹം ആരംഭിച്ചത്. അത് തെറ്റായ തീരുമാനമായിരുന്നില്ല എന്ന് കാലം തെളിയിച്ചു. തുടക്കത്തില്‍ 20 പശുക്കള്‍ മാത്രം ഉണ്ടായിരുന്ന ആ ഫാം ഇന്ന് 44 കോടി വിലമതിക്കുന്ന കമ്പനിയായി വളര്‍ന്നിരിക്കുന്നു. നമ്മുടെ സ്വപ്നങ്ങള്‍ക്കായി നമ്മള്‍ അധ്വാനിക്കാന്‍ തയ്യാറായാല്‍, ബാക്കിയെല്ലാം നമ്മെ തേടിയെത്തുമെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു.    

ഐ ഐ ടി ഖരഗ്പൂരില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പാസ്സായ ഇന്ദുകുരി കര്‍ണാടക സ്വദേശിയാണ്. പിന്നീട് ബിരുദാനന്തര ബിരുദവും പ്രശസ്തമായ എം ഐ ടിയില്‍നിന്നും പിഎച്ച്ഡിയും അദ്ദേഹം നേടി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം  അമേരിക്കന്‍ ടെക് കമ്പനിയായ ഇന്റലില്‍ ജോലി നേടി. എന്നാലും അദ്ദേഹം സന്തോഷവാനായില്ല. ഒടുവില്‍ തന്റെ നാട്ടിലേയ്ക്ക് തന്നെ മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ''എന്തോ ഒരു ശൂന്യത എപ്പോഴും അനുഭവപ്പെട്ടു''-പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ ആ തിരിച്ചുവരവിന്റെ കാരണം അദ്ദേഹം ഇങ്ങനെ പറഞ്ഞു. 

IIT student who quit his US job and started diary farm

ആറ് വര്‍ഷത്തോളം ഇന്റലില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ദുകുരി യുഎസിലെ ജോലി ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് മടങ്ങിയത്. കൃഷിയോട് മുമ്പേ ഇഷ്ടമായിരുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചപ്പോഴാണ് ശുദ്ധമായ പാല്‍ കിട്ടാനില്ലെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് വെറും 20 പശുക്കളുമായി 2012 ല്‍ ഒരു ഡയറി ഫാം ആരംഭിച്ചു. പശുക്കളെ സ്വയം കറന്നും പാല്‍ നേരിട്ട് ഉപഭോക്താക്കളുടെ പടിവാതില്‍ക്കല്‍ എത്തിച്ചും അദ്ദേഹവും കൂട്ടാളികളും തുടക്കത്തില്‍ കഠിനാധ്വാനം ചെയ്തു. പാല്‍ കേടാകാതിരിക്കാന്‍ ഫ്രീസറും സൂക്ഷിക്കാനുള്ള സംവിധാനങ്ങളും സ്ഥാപിക്കാനായിരുന്നു പ്രഥമശ്രദ്ധ. മകന്‍ സിദ്ധാര്‍ത്ഥിന്റെ പേരിലാണ് ഫാം, സിഡ്‌സ് ഫാം. ഇന്ന്, ഷാബാദ് സ്ഥിതിചെയ്യുന്ന സിഡ്‌സ് ഫാമില്‍ 120 ജീവനക്കാരുണ്ട്. 40 കോടി രൂപയാണ് വാര്‍ഷിക വരുമാനം. പ്രതിദിനം പതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് പാല്‍ എത്തിക്കുന്നു. 

ആദ്യം പാല്‍ മാത്രം വിറ്റുകൊണ്ടിരുന്ന സിഡ്‌സ് ഫാം ഇപ്പോള്‍ പാല്‍, വെണ്ണ, നെയ്യ് തൈര് തുടങ്ങിയ നിരവധി പാല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു. കോവിഡ് -19 കച്ചവടത്തിനെ അല്പമൊക്കെ ബാധിച്ചിട്ടുണ്ടെങ്കിലും, പാല്‍ ഉല്‍പാദിപ്പിക്കുന്നത് ഇന്ദുകുരിയുടെ ഫാം അപ്പോള്‍ പോലും നിര്‍ത്തിയില്ല. ഹൈദരാബാദ് ഒഴികെയുള്ള പ്രദേശങ്ങളിലേക്കും ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ വ്യാപിപ്പിക്കാന്‍ ഫാം ഇപ്പോള്‍ ഉദ്ദേശിക്കുന്നു.  

തുടക്കത്തില്‍, ഇന്ദുകുരി സമ്പാദ്യമെല്ലാം ഇതില്‍ നിക്ഷേപിക്കുകയും, ഡയറി സ്ഥാപിക്കാന്‍ കുടുംബത്തിന്റെ സഹായം തേടുകയും ചെയ്തു. നിരവധി പോരാട്ടത്തിനൊടുവിലാണ് ഈ ഐഐടി-പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞത്. ഡയറിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി 2018 ല്‍ 1.3 കോടി രൂപയ്ക്ക് വായ്പ എടുത്തതിന് ശേഷമാണ് ഇന്ദുകുരിക്ക് ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സംരംഭത്തെ വളര്‍ത്താനും കഴിഞ്ഞത്. 

Follow Us:
Download App:
  • android
  • ios